Sorry, you need to enable JavaScript to visit this website.

ഭാര്യക്കും കുട്ടികൾക്കും ചെലവിനു  നൽകിയില്ല; വീട് ജപ്തി ചെയ്യാൻ ഉത്തരവ്

മഞ്ചേരി- ഭാര്യക്കും മക്കൾക്കും കോടതി വിധിച്ച ചെലവു സംഖ്യ നൽകുന്നതിൽ വീഴ്ച വരുത്തിയ ഭർത്താവിന്റെ വീട് ജപ്തി ചെയ്യാൻ മലപ്പുറം കുടുംബ കോടതി വിധിച്ചു.  
മഞ്ചേരിയിലെ എം.എൽ.എ റോഡിൽ പനോല അബൂബക്കറിന്റെ മകൾ നിഷാന (38) നൽകിയ പരാതിയിലാണ് ഭർത്താവ് പൂക്കോട്ടൂർ വെള്ളൂർ അത്താണിക്കൽ പുളിയക്കോടൻ അബ്ദുറഹ്മാൻ (41)നെതിരെ ജഡ്ജി രമേഷ് ബായിയുടെ ഉത്തരവ്. 2000 സെപ്റ്റംബർ 29 നായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ മൂന്നു കുട്ടികളുമുണ്ട്.  കഴിഞ്ഞ ഏഴു വർഷമായി വേർപിരിഞ്ഞു കഴിയുന്ന ഭർത്താവ് ഭാര്യക്കോ കുട്ടികൾക്കോ ചെലവിനു നൽകാത്തതിനെ തുടർന്നു നിഷാന കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം 18,500 രൂപ ഭാര്യയുടെയും കുട്ടികളുടെയും ചെലവിനത്തിലേക്കു നൽകാൻ കോടതി വിധിച്ചു. 2017 ഏപ്രിൽ 18 നായിരുന്നു ഈ വിധി. എന്നാൽ ഈ വിധി അനുസരിക്കാനോ മക്കളുടെയും ഭാര്യയുടെയും സംരക്ഷണം ഏറ്റെടുക്കാനോ അബ്ദുറഹിമാൻ തയാറാകാത്തതിനെ തുടർന്ന് നിഷാന വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. 
2015 ജനുവരി 20 മുതൽ 2018 ഒക്‌ടോബർ 26 വരെയുള്ള കാലയളവിലെ ചെലവു സംഖ്യയായ 13,70,000 രൂപയും വിവാഹ സമയത്തു ഭാര്യ വീട്ടുകാർ നൽകിയ ആഭരണങ്ങൾ എടുത്തുപറ്റിയ ഇനത്തിൽ 13,32,000 രൂപയും സ്ത്രീധനമായി നൽകിയ 40,000 രൂപയും അടക്കം 27,42,000 രൂപ നൽകണമെന്ന ആവശ്യവുമായാണ് പരാതി. 
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ കോടതി ജപ്തി ഉത്തരവ് പുറപ്പെടുവിച്ചത്.  ഭർത്താവ് അബ്ദുറഹിമാൻ ഏറെക്കാലമായി വിദേശത്താണ്.  ഉത്തരവ് സംബന്ധിച്ച് പുക്കോട്ടൂർ വില്ലേജ് ഓഫീസർക്കും മോങ്ങം സബ് രജിസ്ട്രാർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
 

Latest News