ദമാം- ഉറ്റ സുഹൃത്തിനെ വിശ്വസിച്ച് സാമ്പത്തിക ഇടപാടിന് ജാമ്യം നിന്ന കാരണത്താൽ ഹുറൂബായി നാട്ടിൽ പോകാൻ സാധിക്കാതെ കുടുങ്ങിയ മലയാളി സുമനസ്സുകളുടെ കൈത്താങ്ങിൽ നാട്ടിലേക്ക് തിരിച്ചു. അൽകോബാർ തുഖ്ബയിലെ ഒരു കമ്പനിയിൽ സെയിൽസ്മാനായ നിലമ്പൂർ സ്വദേശി ഷിജിത്ത് ആണ് നവയുഗം സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെയും സാമൂഹ്യ പ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലെത്തിയത്.
ആറു മാസം മുമ്പ്, ഒരു സാമ്പത്തിക സ്ഥാപനത്തിൽനിന്ന് സുഹൃത്ത് എടുത്ത ലോണിന് അറിയാതെ ആൾജാമ്യം നിന്നതാണ് ഷിജിത്തിന് വിനയായത്. പണം വാങ്ങുന്നതിന് സാക്ഷിയായി ഒപ്പിട്ടു നൽകണമെന്ന് സുഹൃത്ത് ആവശ്യപ്പെട്ടപ്പോൾ ഷിജിത്ത് സമ്മതിക്കുകയായിരുന്നു. എന്നാൽ പണം കടം വാങ്ങിയതിന് ജാമ്യക്കാരനായാണ് താൻ ഒപ്പിട്ടു നൽകിയതെന്ന് ഷിജിത്ത് മനസ്സിലാക്കിയിരുന്നില്ല. ഒരാഴ്ച മുമ്പ് വാർധക്യസഹജമായ അസുഖം കാരണം മരിച്ച പിതാവിനെ അവസാനമായി ഒന്ന് കാണുന്നതിന് നാട്ടിൽ പോകാൻ റീ-എൻട്രി വിസ അടിക്കാൻ ശ്രമിച്ചപ്പോഴാണ് തന്റെ പേരിൽ സാമ്പത്തിക കുറ്റം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഷിജിത്തിന് ബോധ്യമാകുന്നത്. സുഹൃത്ത് ലോൺ തിരികെ അടക്കാത്തതിനാലാണ് ജാമ്യക്കാരനെന്ന നിലക്ക് ഷിജിത്തിന്റെ പേരിൽ കേസ് രേഖപ്പെടുത്തിയത്. ഇതേ തുടർന്ന് സ്‌പോൺസർ ഷിജിത്തിനെ ഹുറൂബാക്കി തടിയൂരി. ഇതോടെ അച്ഛനെ ഒരു നോക്ക് കാണണമെന്ന മോഹം അസ്ഥാനത്തായി.
ചില സുഹൃത്തുക്കളുടെ ഉപദേശമനുസരിച്ചാണ് ഷിജിത്ത് നവയുഗം ജീവകാരുണ്യ വിഭാഗം കൺവീനർ ഷിബുകുമാറിനെ ബന്ധപ്പെട്ട് സഹായം അഭ്യർഥിക്കുന്നത്. ഷിബുവും നവയുഗം ജീവകാരുണ്യ പ്രവർത്തകരും ഷിജിത്തിന്റെ സുഹൃത്തിനെ ബന്ധപ്പെട്ട്, പണം തിരികെ അടക്കാൻ ശക്തമായ സമ്മർദം ചെലുത്തി. നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് ബോധ്യപ്പെടുത്തിയപ്പോൾ, സുഹൃത്ത് പണം തിരികെ അടച്ചതോടെ ഷിജിത്തിന്റെ പേരിലുള്ള കേസ് അവസാനിച്ചു.
എന്നാൽ എക്‌സിറ്റ് വിസ അടിക്കാൻ ശ്രമിച്ചപ്പോഴാണ് മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഒരു കാർ ഷിജിത്തിന്റെ ഉടമസ്ഥതയിലുണ്ടെന്ന് മനസ്സിലാവുന്നത്. ഷിബുകുമാർ കമ്പനി അധികാരികളെ ബന്ധപ്പെട്ട് കാർ ഷിജിത്തിന്റെ പേരിൽ നിന്നും മാറ്റി. ഹുറൂബായതിനാൽ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ സഹായത്തോടെ തർഹീൽ വഴി എക്‌സിറ്റ് അടിച്ചു വാങ്ങി. നിലമ്പൂർ പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ആരിഫ് നാലകത്തും ഷിബുകുമാറിനെ സഹായിച്ചു. നിയമ നടപടികൾ പൂർത്തിയായതിന് ശേഷം ഷിജിത്ത് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.