കാസർകോട് - ഗാർഹിക പീഡന പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിവാഹ രജിസ്ട്രേഷൻ സമയത്ത് നിലവിൽ ഹാജരാക്കുന്ന രേഖകൾക്ക് പുറമെ രണ്ടു രേഖകൾ കൂടി ഹാജരാക്കുന്നതിനു നടപടിയുണ്ടാകണമെന്നു വനിതാ കമ്മീഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ദമ്പതികൾ പ്രീമാരിറ്റൽ കൗൺസലിംഗിൽ പങ്കെടുത്ത സർട്ടിഫിക്കറ്റും വിവാഹത്തിന് ഇരുവർക്കും ലഭിച്ച സമ്മാനങ്ങളുടെ ലിസ്റ്റും വിവാഹ രജിസ്ട്രേഷൻ സമയത്ത് രേഖപ്പെടുത്തുന്നതിനു നടപടിയുണ്ടാകണമെന്നും വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദ കമാൽ ആവശ്യപ്പെട്ടു.
കമ്മീഷനു മുന്നിലെത്തുന്ന പരാതികളിൽ ഭൂരിഭാഗവും ദമ്പതികൾ തമ്മിലുള്ള വിവിധ പരാതികളാണെന്നും ഇതിൽ വിവാഹ സമ്മാനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ കേസുകൾ നീണ്ടുപോകുന്നതിനു കാരണമാകുന്നുണ്ടെന്നും കമ്മീഷൻ വിലയിരുത്തി.
പ്രീമാരിറ്റൽ കൗൺസലിംഗിൽ പങ്കെടുക്കുന്നവരിൽ കുടുംബ പ്രശ്നങ്ങൾ കുറവാണെന്നതും വിവാഹത്തിന് മുമ്പ് ഇത്തരത്തിൽ കൗൺസലിംഗുകളിൽ പങ്കെടുക്കുന്നതു പിന്നീടുള്ള ദാമ്പത്യ ജീവിതത്തിൽ മുതൽകൂട്ടാവുമെന്നും കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷൻ ഇത്തരമൊരു ആവശ്യം കൂടി മുന്നോട്ടുവെയ്ക്കുന്നതെന്ന് ഡോ.ഷാഹിദ കമാൽ വ്യക്തമാക്കി.
ദമ്പതികളുടെ കേസുകളിൽ വേഗത്തിൽ പരിഹാരം കാണുന്നതിന് യഥാർത്ഥ വസ്തുതകളും നിജസ്ഥിതിയും പരിശോധിക്കുന്നതിന് ഈ രേഖകൾ കമ്മീഷനും കോടതികൾക്കും സഹായകമാകും. നിലവിൽ കമ്മീഷനു മുന്നിലെത്തുന്ന കേസുകളിൽ വിവാഹ സമ്മാനങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കൃത്യമായ തെളിവുകൾ ഹാജരാക്കുവാൻ ദമ്പതികൾക്ക് കഴിയുന്നില്ല.
ഇത് കേസുകൾ നീണ്ടുപോകുന്നതിനു കാരണമാകുന്നുണ്ട്. വിവാഹ രജിസ്ട്രേഷൻ സമയത്ത് വിവാഹ സമ്മാനങ്ങളുടെ ലിസ്റ്റ് രേഖപ്പെടുത്താൻ കഴിഞ്ഞാൽ പിന്നീട് ഒരു തർക്കമുണ്ടായാൽ ഈ രേഖകൾ പരിശോധിച്ചാൽ മതിയാകുമെന്നും ഡോ.ഷാഹിദ കമാൽ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.
33 പരാതികൾ പരിഗണിച്ചതിൽ 12 പരാതികൾ ഒത്തുതീർപ്പാക്കി. ആറു പരാതികളിൽ പോലീസിനോട് റിപ്പോർട്ട് തേടി. മൂന്ന് പരാതികളിൽ ആർഡിഒയുടെ റിപ്പോർട്ട് തേടി. രണ്ടു കേസുകളിൽ കൗൺസലിങ് നൽകും. പത്ത് പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കുവാനും തീരുമാനിച്ചു. എ.ഡി.എം: എൻ.ദേവീദാസ്, ലീഗൽ പാനൽ അംഗങ്ങൾ അഡ്വ. വി.പി ശ്യാമള ദേവി , അഡ്വ.എ.പി ഉഷ, അഡ്വ.കെ.എം ബീന, വനിതാ സെൽ എസ്ഐ എം.ജെ എൽസമ്മ, സി പി ഒ:പി.വി ഗീത, കൗൺസലർ എസ്.രമ്യമോൾ തുടങ്ങിയവർ പങ്കെടുത്തു.