കണ്ണൂർ- മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു നിയമന വിവാദത്തിൽ ഉടൻ കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവർ യുവജന യാത്രയുമായി ബന്ധപ്പെട്ട് കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ.ടി.ജലീലിനെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കും. നിയമപരമായും രാഷ്ട്രീയമായും മുന്നോട്ടു പോകും. ഇതിനു മുസ്‌ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും പൂർണ പിന്തുണയുണ്ട്. കെ.ടി. ജലീലിനതിരെ വിജിലൻസിനു പരാതി നൽകിക്കഴിഞ്ഞു. എന്നാൽ അന്വേഷണത്തിനു സർക്കാറിന്റെ അനുമതി ആവശ്യമാണ്. അത് നൽകിയിട്ടില്ല.
വിജിലൻസ് അന്വേഷണം തീരുമാനിച്ചാൽ ജലീൽ രാജിവെക്കേണ്ടി വരും. ചില രേഖകൾ കൂടി ലഭിച്ചാൽ ഉടൻ കോടതിയെ സമീപിക്കും. കോടതിയിൽ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കെ.ടി. ജലീലും മുസ്‌ലിം ലീഗും തമ്മിലുള്ള പ്രശ്‌നമല്ല. അഴിമതിക്കാരനും പൊതു സമൂഹവും തമ്മിലുള്ള വിഷയമാണ്. കെ.ടി. ജലീൽ എന്ന വ്യക്തിയുടെ സ്ഥാനത്ത് ആരായിരുന്നാലും ലീഗ് മുന്നോട്ടു പോകുക തന്നെ ചെയ്യും. കെ.ടി. ജലീലിനെ മുസ്‌ലിം ലീഗ് വേട്ടയാടുന്നുവെന്ന പ്രചാരണം ആരോപണങ്ങൾക്കു മറുപടി പറയാനില്ലാതെ വരുമ്പോൾ അവർ ഉണ്ടാക്കുന്നതാണ്. കെ.ടി. ജലീൽ ലീഗിന്റെ രാഷ്ട്രീയ എതിരാളി പോലുമല്ല -നേതാക്കൾ വ്യക്തമാക്കി.
അഴീക്കോട് എം.എൽ.എ കെ.എം. ഷാജിക്കെതിരെ വ്യാജ നോട്ടീസ് പ്രചരിപ്പിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ഈ വ്യാജ നോട്ടീസിനു പിന്നിൽ സി.പി.എമ്മാണ്. അഴീക്കോട്ട് ഷാജിക്കെതിരെ മത്സരിച്ച മാന്യനല്ലാത്ത ആൾ പരാജയപ്പെട്ടിട്ടും ജനവിധി മാനിക്കാതെ പല കുതന്ത്രങ്ങളും മെനയുകയാണ്. ഷാജി ആരാണെന്നും അദ്ദേഹത്തിന്റെ നിലപാട് എന്താണെന്നും പൊതു സമൂഹത്തിനു വ്യക്തമായ ബോധ്യമുണ്ട്. ആർ.എസ്.എസിനെതിരെ മാത്രമല്ല, മുസ്‌ലിം സമുദായത്തിലെ ചില വർഗീയ നിലപാടുകൾക്കെതിരെ പോലും ശക്തമായി പ്രതികരിക്കുന്ന രാഷ്ട്രീയ നേതാവാണ് ഷാജി. അദ്ദേഹത്തിനെതിരെയുള്ള ഒരു കൃത്രിമ വാറോലയിൽ തകർന്നു പോകുന്നതല്ല ലീഗിന്റെ മതേതര കാഴ്ചപ്പാട്. ഈ വിഷയത്തിൽ ഹൈക്കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ ചെറിയ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. സുപ്രീം കോടതിയെ കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തും. കോടതിയിൽ വിശ്വാസമുണ്ട്. ഇവിടെ പ്രചരിച്ച ലഘുലേഖയ്ക്കു പിന്നിൽ ആരാണെന്ന് പോലീസ് അന്വേഷണത്തിലൂടെ വ്യക്തമാവും. പിണറായിയുടെ പോലീസ് അന്വേഷിച്ചാൽ കാര്യങ്ങൾ പുറത്തുവരുമോ എന്ന കാര്യത്തിൽ സംശയമുണ്ട് -നേതാക്കൾ വ്യക്തമാക്കി.
കാസർകോട്ട് നിന്നും ആരംഭിച്ച യുവജന യാത്രക്ക് പൊതു സമൂഹം വലിയ വരവേൽപാണ് നൽകുന്നത്. ജാഥയിൽ ഉയർത്തുന്ന മുദ്രാവാക്യമാണ് കാരണം. അക്രമത്തിനും വർഗീയതക്കും എതിരായ ബദൽ രാഷ്ട്രീയമാണ് ഈ ജാഥ മുന്നോട്ടു വെക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കി. പി.കെ. സുബൈറും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.