- വയൽക്കിളികൾ തോറ്റുകൂടാ. അവരുടെ ചിറകുകൾ അരിയാൻ അനുവദിച്ചുകൂടാ. പരിസ്ഥിതി സംരക്ഷിക്കാത്ത ഒരു വികസനവും വികസനമല്ല എന്നതു തന്നെയായിരിക്കണം നമ്മുടെ നിലപാട്. പ്രത്യേകിച്ച് പ്രളയാനന്തരകേരളത്തിൽ. അതിനാൽ ഒരിക്കൽകൂടി കേരളം കീഴാറ്റൂരിലേക്ക് യാത്ര ചെയ്യേണ്ടിയിരിക്കുന്നു.
ഏതു ജനകീയ സമരത്തേയും തകർക്കാനും സമരമുന്നയിക്കുന്ന ആവശ്യങ്ങൾ കുഴിച്ചുമൂടാനും തങ്ങൾക്കൊരു മടിയുമില്ല എന്ന് സർക്കാരുകളും രാഷ്ട്രീയപാർട്ടികളും ഒരിക്കൽ കൂടി തെളിയിക്കുകയാണ്.
അക്കാര്യത്തിൽ തമ്മിൽ തമ്മിലുണ്ടെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ അഭിപ്രായ ഭിന്നതകളൊന്നും ഒരു പ്രശ്‌നമല്ല എന്നും. കീഴാറ്റൂരിൽ നെൽവയലുകൾ സംരക്ഷിക്കാനുള്ള വയൽക്കിളി സമരത്തെ മറികടന്ന് അതുവഴി തന്നെ ബൈപ്പാസ് നിർമാണ നടപടികളുമായി മുന്നോട്ടുപോകാനാണ് കേന്ദ്രതീരുമാനം. സംസ്ഥാനസർക്കാരും അതിനെ പിന്തുണക്കുന്നു. ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇനി നഷ്ടപരിഹാരം നൽകുന്ന നടപടി മാത്രമാണ് ബാക്കിയുള്ളത്.
നെൽവയൽ നികത്തി ബൈപ്പാസ് പാത നിർമ്മിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധമായിരുന്നു നേരത്തേ ഉയർന്നിരുന്നത്. സി.പി.എം ഗ്രാമത്തിൽ പാർട്ടിക്കാരുടെ നേതൃത്വത്തിൽ തന്നെയായിരുന്നു സമരമാരംഭിച്ചത്. സി.പി.എം ഒഴികെ മിക്കവാറും പാർട്ടിക്കാർ അതിനെ പിന്തുണച്ചു. സമരത്തിനു നേതൃത്വം നൽകിയവരെ പാർട്ടി പുറത്താക്കിയതോടെ അതൊരു ജനകീയപോരാട്ടമായി മാറി. ആ ഘട്ടത്തിലായിരുന്നു സമരത്തെ പിന്തുണച്ച് ബി.ജെ.പിയും രംഗത്തെത്തിയത്.
കേരളം കീഴാറ്റൂരിലേക്ക് എന്ന പേരിൽ നടന്ന ഐതിഹാസിക പോരാട്ടത്തിൽ സുരേഷ് ഗോപി എം.പിയടക്കമുള്ള ബിജെപി നേതാക്കൾ പങ്കെടുത്തു. വിഷയത്തിൽ അന്തിമതീരുമാനം കേന്ദ്രത്തിന്റേതായതിനാൽ രൂക്ഷമായ അഭിപ്രായഭിന്നതയുണ്ടായിട്ടും ബിജെപിയുടെ പിന്തുണ വയൽക്കിളികൾ സ്വീകരിക്കുകയായിരുന്നു. തുടർന്ന് നടപടികൾ താൽക്കാലികമായി നിർത്തി വെയ്ക്കുകയും വീണ്ടും പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. നൂറു മീറ്റർ പോലും വീതിയില്ലാത്ത വയൽ നികത്തി ദേശീയപാത നിർമിച്ചാൽ അതു പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും ബദൽ മാർഗങ്ങൾ ചിന്തിക്കണമെന്നുമായിരുന്നു സമിതി കേന്ദ്ര സർക്കാരിനു നൽകിയ റിപ്പോർട്ട്. അതും നാട്ടുകാർക്ക് പ്രതീക്ഷ നൽകി. എന്നാൽ അതെല്ലാം ഇപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. കേന്ദ്രസർക്കാരും കേരള സർക്കാരും ഒന്നായിരിക്കുന്നു. ബി ജെ പിയും സി പി എമ്മും ഒന്നായിരിക്കുന്നു.
വയൽക്കിളികളുടെ സമരം നടന്ന കേരളമല്ല ഇപ്പോഴത്തെ കേരളം എന്നതും വളരെ പ്രസക്തമാണ്. ഇത് പ്രളയാനന്തര കേരളമാണ്. നെയൽവയലുകൾ മണ്ണിട്ടുമൂടുന്നതും പ്രളയകാരണമാണെന്നു സാധാരണക്കാർക്കുപോലും ബോധ്യപ്പെട്ട കാലമായിട്ടും സർക്കാരുകൾക്കിത് ബോധ്യപ്പെടാത്തതോ അതോ മറ്റേതെങ്കിലും താൽപ്പര്യം അവരെ നയിക്കുന്നതോ? ബൈപ്പാസിനു എത്രയോ ബദലുകൾ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. തളിപ്പറമ്പ് മുനിസിപ്പൽ പ്രദേശത്തെ ഏക വയൽപ്രദേശമാണ് കീഴാറ്റൂരിലേത്. അതുതന്നെ നശിപ്പിച്ചാവണോ സ്വകാര്യവാഹനങ്ങൾക്ക് പാഞ്ഞുപോകാനായീ ഈ വികസനം? കീഴാറ്റൂർ വയലിന് മൂന്നുഭാഗത്തും കുന്നുകളാണ്. ആ കുന്നുകളിൽനിന്നുള്ള മഴവെള്ളമെല്ലാം ഒഴുകിയെത്തുന്നത് ഈ വയലിലേക്കാണ്.
വർഷകാലത്ത് ഒരുമീറ്ററോളമെങ്കിലുമുയരത്തിൽ മിക്കഭാഗത്തും വെള്ളം കെട്ടിനിൽക്കും. ഇതിലൂടെ സംഭരിക്കുന്ന ഭൂഗർഭജലത്തിന്റെ റീച്ചാർജിങ് ആണ് ഇരുകരകളിലും കിണറുകളിൽ വെള്ളമെത്തിക്കുന്നത്. ജലസസ്യങ്ങളാലും ജലജീവികളാലും സമൃദ്ധമായ ഒരു ആവാസവ്യവസ്ഥയാണിവിടെയുള്ളത്. ഇവിടെ മണ്ണിട്ടുനികത്തിയോ മറ്റുവിധത്തിലോ ഉള്ള നിർമിതികൾ വരുന്നത് ഈ വയൽപ്രദേശത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുമെന്നു മനസ്സിലാക്കാൻ സാമാന്യബുദ്ധി മാത്രം മതി. നികത്താനായി ഇടിച്ചുനിരത്തേണ്ടിവരുന്ന കുന്നുകളുടെ അളവ് എത്രയോ വലുതാണ്. നിലവിലുള്ള ദേശീയപാത ഇരുഭാഗത്തും വീതികൂട്ടുകയും നഗരഭാഗത്ത് ചിറവക്ക് മുതൽ തൃച്ചംബരം വരെ ഒരു ഫ്‌ളൈ ഓവർ സ്ഥാപിക്കുകയും ചെയ്താൽ പ്രശ്‌നം ഏറ്റവും കുറഞ്ഞ സാമൂഹിക-പാരിസ്ഥിതിക പ്രത്യാഘാതത്തോടെ പരിഹരിക്കാനാകുമെന്ന് പരിഷത്തടക്കമുള്ള സംഘടനകൾ ചൂണ്ടിക്കാട്ടിയിട്ടും അതൊന്നും പരിഗണിക്കപ്പെടുന്നില്ല.
തളിപ്പറമ്പ് നഗരത്തിലെ തിരക്കാണ് ബൈപാസ് പദ്ധതിയെ സാധൂകരിക്കുന്നത്. ഈ നഗരത്തിന്റെ ദൈർഘ്യം ഒന്നോ ഒന്നരയോ കിലോമീറ്റർ മാത്രമാണ്.
അവിടെ നിലവിൽ 30 മീറ്റർ വീതിയിൽ സ്ഥലമുണ്ട്. അതിന്റെ നടുക്ക് മീഡിയനിൽ സ്ഥാപിക്കുന്ന തൂണുകളിലൂടെ 4 അല്ലെങ്കിൽ 6 വരി എലവേറ്റഡ് പാത നിർമ്മിക്കാം. 2 കിലോമീറ്റർ നീളത്തിൽ എലവേറ്റഡ് പാത നിർമ്മിച്ചാൽ തളിപ്പറമ്പ് നഗരത്തിലെ പ്രശ്നം അവസാനിക്കും. ദേശീയപാത മുകളിലൂടെ പോകുന്നതിനാലും താഴെയുള്ള ഭാഗം ലോക്കൽ ട്രാഫിക്കിന് മാത്രമായി ലഭിക്കുമെന്നതിനാലും പാർക്കിങ്ങ് അടക്കമുള്ള സൗകര്യങ്ങൾ മെച്ചപ്പെടുകയും ചെയ്യും. അല്ലെങ്കിൽ കീഴാറ്റൂരിൽ കൂടിതന്നെയുള്ള നിർദ്ദിഷ്ട 5.5 കിലോമീറ്റർ ബൈപാസ് എലവേറ്റഡ് ഹൈവെ ആയി നിർമ്മിക്കാവുന്നതുമാണ്. എന്നാലതൊന്നും പരിഗണിക്കാതെ വികസനത്തിന്റെ പേരുപറഞ്ഞ് മാഫിയകളെ സേവിക്കാനുള്ളതാണ് പുതിയ തീരുമാനം എന്നത് പകൽപോലെ വ്യക്തം.
പ്രളയം നൽകിയ പാഠങ്ങളനുസരിച്ച് പരിസ്ഥിതി സംരക്ഷിച്ചായിരിക്കും ഇനിയത്തെ എല്ലാ വികസന പദ്ധതികളും എന്ന് കേരളസർക്കാർ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനോടെങ്കിലും നീതി പുലർത്താൻ തയ്യാറായാൽതന്നെ കേന്ദ്രതീരുമാനത്തിനെതിരെ കേരള സർക്കാർ രംഗത്തുവരേണ്ടതാണ്. എന്നാൽ ബിജെപി സമരക്കാരെ പറ്റിച്ചു എന്നു പറയുന്ന ഭരണപക്ഷ നേതാക്കൾ അതിനെ നിരുപാധികം പിന്തുണക്കുകയാണ് എന്നതാണ് വൈരുദ്ധ്യം. വയൽകിളികളോട് സത്യം തിരിച്ചറിഞ്ഞ് തിരിച്ചുവരാനാണ് പി. ജയരാജൻ പറയുന്നത്. വൈകിയാണെങ്കിലും കേന്ദ്രം സത്യം തിരിച്ചറിഞ്ഞു, ഇനി നിങ്ങളും തിരിച്ചറിയണം എന്നാണ് ജയരാജന്റെ വാക്കുകളുടെ കാതൽ. എന്നാൽ വയൽക്കിളികൾ തോറ്റുകൂടാ. അവരുടെ ചിറകുകൾ അരിയാൻ അനുവദിച്ചുകൂടാ. പരിസ്ഥിതി സംരക്ഷിക്കാത്ത ഒരു വികസനവും വികസനമല്ല എന്നതു തന്നെയായിരിക്കണം നമ്മുടെ നിലപാട്. പ്രത്യേകിച്ച് പ്രളയാനന്തര കേരളത്തിൽ. അതിനാൽ ഒരിക്കൽ കൂടി കേരളം കീഴാറ്റൂരിലേക്ക് യാത്ര ചെയ്യേണ്ടിയിരിക്കുന്നു.