Sorry, you need to enable JavaScript to visit this website.

കർഷകനും പരിസ്ഥിതി  സ്‌നേഹിയുമായ മന്ത്രി  

ജനതാദൾ - എസ് എന്ന രാഷ്ട്രീയ പാർട്ടിയിലെ ആഭ്യന്തരക്കുഴപ്പങ്ങളായിരിക്കാം സംസ്ഥാന മന്ത്രിസഭയിൽ ഒരു മാറ്റത്തിന് കഴിഞ്ഞ ദിവസം വഴിയൊരുക്കിയത്. മാത്യു ടി. തോമസിനു പകരം കെ. കൃഷ്ണൻകുട്ടി മന്ത്രിസഭയിലെത്തുമ്പോൾ എന്തു വ്യത്യാസമാണ് ഉണ്ടാകാൻ പോകുന്നത് എന്ന സംശയം സ്വാഭാവികമാണ്.
 പക്ഷേ പുതിയ മന്ത്രിയെ അര നൂറ്റാണ്ടിലധികമായി അടുത്തറിയുന്ന പാലക്കാട്ടുകാരെ സംബന്ധിച്ചിടത്തോളം കൃഷ്ണൻകുട്ടി എന്ന കർഷക നേതാവിൽ ഏറെ പ്രതീക്ഷയുണ്ട്, അദ്ദേഹം ചുമതലയേറ്റത് ജലവിഭവവകുപ്പിന്റെ കാര്യക്കാരനായ സാഹചര്യത്തിൽ വിശേഷിച്ചും. 
കേരളവുമായി ബന്ധപ്പെട്ട നദീജലകരാറുകളെക്കുറിച്ച് രേഖകളുടെ സഹായമില്ലാതെ ആധികാരികമായി സംസാരിക്കാൻ കഴിവുള്ള അപൂർവ്വം വ്യക്തികളിലൊരാളാണ് 74 വയസ്സ് പിന്നിട്ട വിളയോടി എഴുത്താണിയിലെ കർഷകനേതാവ് കൃഷ്ണൻകുട്ടി. 
മുല്ലപ്പെരിയാർ കരാറിനേയും പറമ്പിക്കുളം- ആളിയാർ കരാറിനേയും കുറിച്ചെല്ലാം പഠിക്കുന്ന ഗവേഷകർക്കും ഉദ്യോഗസ്ഥർക്കും മാധ്യമ പ്രവർത്തകർക്കുമെല്ലാം എപ്പോഴും ആശ്രയിക്കാവുന്ന അത്താണിയായി അദ്ദേഹം മാറിയിട്ട് ഏറെക്കാലമായി. പരിസ്ഥിതി പ്രവർത്തനമേഖലയിൽ സാക്ഷാൽ വി.എസ്.അച്യുതാനന്ദൻ നിറഞ്ഞാടിയിരുന്ന സമയത്ത് നിഴൽ പോലെ കൂടെയുണ്ടായിരുന്നു കൃഷ്ണൻകുട്ടി. പറമ്പിക്കുളത്തു നിന്ന് ചിറ്റൂർ പുഴയിലേക്ക് ഓരോ ദിവസവും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന പാലക്കാട്ടെ മാധ്യമപ്രവർത്തകർ പലപ്പോഴും ആശ്രയിക്കുന്നത് കൃഷ്ണൻകുട്ടി നൽകുന്ന കണക്കിനെയാണ്.
സ്വന്തം മണ്ഡലവുമായി ബന്ധപ്പെട്ടതായതിനാലാവാം പറമ്പിക്കുളം- ആളിയാർ കരാറിൽ അദ്ദേഹം ഏറെ താൽപര്യം കാണിച്ചിട്ടുണ്ട് എല്ലാക്കാലത്തും. മിക്ക വർഷങ്ങളിലും പറമ്പിക്കുളത്തു നിന്ന് കേരളത്തിന് അർഹതപ്പെട്ട വെള്ളം ലഭ്യമാകാറില്ല. കാരണങ്ങൾ പലതാണ്. കർഷകമേഖലയായ ചിറ്റൂരിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന വിധത്തിലേക്ക് കരാർ ലംഘനം മാറുമ്പോൾ രാഷ്ട്രീയനേതാവ് എന്നതിലപ്പുറം കർഷകരുടെ പ്രശ്‌നങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന പൊതുപ്രവർത്തകനായി അദ്ദേഹം മാറും. സംസ്ഥാനത്ത് ഓരോ സർക്കാരുകളും അധികാരത്തിൽ വരുമ്പോൾ നദീജലക്കരാറുകൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനുള്ള നിർദ്ദേശങ്ങളുമായി തിരുവനന്തപുരത്തേക്ക് പോകുന്ന കൃഷ്ണൻകുട്ടി പതിവുകാഴ്ചയാണ്. കേരളവും തമിഴ്‌നാടും തമ്മിൽ ജലം പങ്കിടുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥതല ചർച്ച നടക്കുമ്പോഴും സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നവരെ സഹായിക്കാൻ അദ്ദേഹം എത്താറുണ്ട്. മറ്റുള്ളവരെ പറഞ്ഞ് പഠിപ്പിക്കുന്ന കാര്യങ്ങളിൽ ഇനി അധികാരത്തോടെ ഇടപെടാൻ അദ്ദേഹത്തിന് സാധിക്കുമെന്നത് ഏറെ പ്രതീക്ഷ പകരുന്ന ഘടകം തന്നെ.
നദീജലകരാറുകൾക്ക് വേണ്ടി നിലകൊണ്ട കൃഷ്ണൻകുട്ടി ജലസംരക്ഷണത്തിനായി നടത്തിയ സേവനങ്ങളും ഈ ഘട്ടത്തിൽ ഓർമ്മിക്കപ്പെണ്ടതാണ്. മൂന്നാം ലോക ജലസംരക്ഷണ പോരാട്ടത്തിന്റെ പ്രതീകമായി മാറിയ പ്ലാച്ചിമട സമരത്തിന്റെ മുന്നണിയിൽ ഏറെക്കാലം അദ്ദേഹം തലയുയർത്തി നിന്നു. പ്ലാച്ചിമട സമരം ആദിവാസികൾ തുടങ്ങിവെച്ചപ്പോൾ ആദ്യഘട്ടത്തിൽ മുഖ്യധാരാ രാഷ്ട്രീയകക്ഷികളെല്ലാം മുഖം തിരിച്ചു നിൽക്കുകയായിരുന്നു. സമരത്തിന്റെ ഭാവം മാറിയത് പെരുമാട്ടി ഗ്രാമപഞ്ചായത്ത് വിഷയം ഏറ്റെടുത്തതോടെയാണ്. പഞ്ചായത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചത് കെ.കൃഷ്ണൻകുട്ടിയുടെ നിലപാടാണെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. കൊക്കോക്കോള പ്ലാന്റ് അടച്ചുപൂട്ടാൻ പഞ്ചായത്ത് നടപടി ആരംഭിച്ചതാണ് കോളഭീമൻ പ്ലാച്ചിമടയിൽ നിന്ന് കെട്ടും കെട്ടി സ്ഥലം വിടുന്നതിലേക്ക് കാര്യങ്ങൾ നയിച്ചത്. സംസ്ഥാനത്ത് ജനതാദൾ എസ് പതിറ്റാണ്ടുകളായി തനിച്ചു ഭരിക്കുന്ന ഏകഗ്രാമപഞ്ചായത്താണ് മന്ത്രിയുടെ തട്ടകം കൂടിയായ പെരുമാട്ടി. 
പരിസ്ഥിതിയെ പൊതുവിലും കർഷകരെ വിശേഷിച്ചും ബാധിക്കുന്ന വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന കെ. കൃഷ്ണൻകുട്ടിയുടെ നിലപാടുകൾ രൂപപ്പെടുത്തിയതിൽ വായന വലിയ പങ്കാണ് വഹിച്ചത്. ഒരു ഗവേഷണ വിദ്യാർത്ഥിയുടെ കൗതുകത്തോടെ തനിക്കിഷ്ടപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ കണ്ടെടുത്ത് വായിക്കുന്നത് അദ്ദേഹത്തിന് ഈ പ്രായത്തിലും ഹരമാണ്. അതിരാവിലെ ഉറക്കമുണരുന്ന അദ്ദേഹം എന്തു തിരക്കുണ്ടെങ്കിലും നടത്തവും പത്രവായനയും ഉപേക്ഷിക്കില്ല. അഞ്ചു പത്രങ്ങൾ മുടങ്ങാതെ വായിക്കും. ആനുകാലിക പ്രസിദ്ധീകരണങ്ങളും പതിവായി വരുത്തുന്നുണ്ട്. 
അൽപ്പം കർക്കശബുദ്ധിയായ ഗൃഹനാഥൻ കൂടിയാണ് കൃഷ്ണൻകുട്ടി. തോട്ടത്തിൽ നന തെറ്റി ചെടികൾ വാടിയാൽ ഭാര്യയുൾപ്പെടെയുള്ളവർ ശാസന കേൾക്കേണ്ടി വരും. ആ കാർക്കശ്യവും പഠനത്തിനുള്ള താൽപര്യവും പുതിയ തട്ടകത്തിൽ ഫലപ്രദമായി പ്രയോഗിക്കാൻ പുതിയ മന്ത്രിക്കു കഴിഞ്ഞാൽ ജനതാദളിലെ തമ്മിലടി മൂലമുണ്ടായ മന്ത്രിമാറ്റം കേരളത്തിന് ഗുണകരമാവുമെന്ന് ഉറപ്പിക്കാം. 

Latest News