2018 ൽ ലോകത്തെ സ്വാധീനിച്ചവരിൽ ബിബിസി തെരഞ്ഞെടുത്ത 100 സ്ത്രീകളിൽ ഉൾപ്പെട്ട കോഴിക്കോട്ടെ വിജി സ്ത്രീസമൂഹത്തിന്റെ പ്രതീക്ഷയാണ്. സ്ത്രീ പ്രക്ഷോഭങ്ങളാൽ സജീവമായ സമകാലിക കേരള ചരിത്രം രചിക്കുന്നവരിൽ മുൻനിരയിലാണ് വിജിയുടെ സ്ഥാനം. 2009 ൽ കോഴിക്കോട് കേന്ദ്രീകരിച്ച് രൂപം കൊണ്ട 'പെൺകൂട്ടി'ൻെറ അമരക്കാരിൽ ഒരാളായ വിജിയുടെ പ്രധാന പ്രവർത്തന മേഖല അസംഘടിത മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളായിരുന്നു. അതിനായി അസംഘടിത മേഖലയിൽ തൊഴിലാളി സംഘടന രൂപീകരിക്കുകയായിരുന്നു. സംഘടനയുടെ നേതൃത്വത്തിൽ നടന്ന ഇരുപ്പു സമരം കേരളം കണ്ട ഐതിഹാസികമായ പെൺസമരങ്ങളിൽ ഒന്നായിരുന്നല്ലോ.
2005 മുതൽ പ്രസിദ്ധമായ മിഠായിത്തെരുവിലെ തയ്യൽ കടകളിലൊന്നിൽ ജോലി ചെയ്യുകയാണ് വിജി. തുഛം വേതനമായിരുന്നു ലഭിച്ചിരുന്നത്. രാവിലെ 9 മണി മുതൽ ജോലിക്ക് കയറിയാൽ വൈകിട്ട് എട്ടു വരെ പുരുഷൻമാരെ പോലെ തന്നെ അത്രയും സമയം അവർ ജോലിയിലുണ്ടാകും. പക്ഷേ, കൂലിയോ പുരുഷൻമാരുടേതിനേക്കാൾ തുലോം കുറവും. അന്ന് 300 രൂപയാണ് പുരുഷൻമാരുടെ കൂലിയെങ്കിൽ അത്രയും സമയം ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വെറും 50 രൂപയായിരുന്നു കൂലി. അതിനേക്കാളുപരി മറ്റെവിടെയുമെന്ന പോലെ മിഠായി തെരുവിലും ജോലി ചെയ്തിരുന്ന നൂറുകണക്കിന് സ്ത്രീ തൊഴിലാളികൾക്ക് ഒരു മൂത്രപ്പുര പോലുമുണ്ടായിരുന്നില്ല. തുണിക്കടകളിലടക്കം ഒരിടത്തും ഇരിക്കാനൊരു കസേര പോലും ഉണ്ടായിരുന്നില്ല. സംഘടിത യൂണിയനുകൾക്ക് ഇവയൊന്നും വിഷയമേ ആയിരുന്നില്ല. വീട്ടിലാകട്ടെ അച്ഛനും അമ്മയും തൊഴിലാളികളായിരുന്നിട്ടും അമ്മയ്ക്ക് യാതൊരു അംഗീകാരവും ഇല്ല. വീട്ടിലും പുറത്തും ജോലി ചെയ്യുന്ന സ്ത്രീകളുടെ അവസ്ഥ അവർ നേരിട്ടറിയുകയായിരുന്നു. ഈ അനുഭവങ്ങളിൽ നിന്നാണ് വിജിയിലെ പോരാളി ഉണർന്നത്.
2010 ലാണ് വിജിയുടെ നേതൃത്വത്തിൽ ആദ്യത്തെ സമരം അരങ്ങേറിയത്. പെൺതൊഴിലാളികൾക്കായി മൂത്രപ്പുര വേണമെന്ന ആവശ്യമുന്നയിച്ചായിരുന്നു അത്. വ്യാപാരി വ്യവസായി യൂണിയൻ നേതാവിന്റെ വീടിനു മുന്നിൽ നിരാഹാരമിരുന്നു. പിന്നീടാണ് കോഴിക്കോട്ട് ഇ ടോയ്‌ലറ്റുകൾ വന്നത്. 2013 ൽ കൂപ്പൺമാൾ പൂട്ടുന്നതിനെതിരായി പെൺകൂട്ട് രംഗത്തിറങ്ങി. പിന്നീട്, കോർപറേഷനു മുന്നിലായിരുന്നു പോരാട്ടം. ഒരു കോർപറേഷൻ തൊഴിലാളിക്ക് കിട്ടിയിരുന്ന മാസ വേതനം 1500 രൂപയായിരുന്നു. ഈ സമരങ്ങളെല്ലാം ഏറെക്കുറെ വിജയമാകുകയായിരുന്നു. പിന്നീടാണ് ഏറെ ചർച്ച ചെയ്യപ്പെട്ട ഇരിക്കൽ സമരം നടന്നത്. 2014 മെയ് ഒന്നിന് കോഴിക്കോട് മിഠായിത്തരുവിലൂടെ തലയിൽ കസേരകളുമേന്തിയാണ് വിജിയുടെ നേതൃത്വത്തിൽ സമരത്തിന് തുടക്കം കുറിച്ചത്. തുടർന്ന് ആലപ്പുഴയിലും തൃശൂരിലേക്കും മറ്റ് ജില്ലകളിലേക്കുമെല്ലാം ഇരിപ്പ് സമരം വ്യാപിക്കുകയായിരുന്നു. നിരന്തരമായ സമരങ്ങൾക്കൊടുവിൽ ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതി ചെയ്യാൻ സർക്കാർ തയ്യാറായി. അതനുസരിച്ച് ചെറിയ വേതന വർദ്ധനയും ഇരിക്കാനുള്ള അവകാശവും ലഭിച്ചു. എന്നാൽ ആവശ്യപ്പെട്ട കാര്യങ്ങൾ മുഴുവൻ നടപ്പായില്ലെന്ന പരാതിയും ഇവർക്കുണ്ട്.
അസംഘടിത മേഖയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് വിജി പറയുന്നതിങ്ങനെ. ''അസംഘടിത മേഖലയിലെ തുഛ വരുമാന ജോലിക്ക് സ്ത്രീകൾ പോവുന്നത് പലപ്പോഴും ഗതികേടും കുടുംബ പ്രാരാബ്ധങ്ങളും കൊണ്ട് മാത്രമാണ്. തന്റെ പുരുഷന്റേയും മക്കളുടേയുമൊക്കെ കാര്യങ്ങൾ നോക്കി നടത്തിയതിനു ശേഷമാണ് പലരും ജോലിക്ക് പോവുന്നത്. അതിരാവിലെ നാലു മണിക്കെങ്കിലും അലാറം വെച്ച് എഴുന്നേൽക്കും. അടുക്കളയിൽ കയറി ഭക്ഷണമുണ്ടാക്കും. മക്കളെയും ഭർത്താവിനെയും അലോസരമുണ്ടാക്കാതെ എഴുന്നേൽപിക്കും. അവരെ സ്‌കൂളിലേക്കും ജോലിസ്ഥലത്തേക്കും പറഞ്ഞയച്ചതിനു ശേഷം വീട്ടിൽ നിന്നിറങ്ങും. ജോലി കഴിഞ്ഞ് വീട്ടിലത്തെുമ്പോൾ രാത്രി 8 മണി കഴിഞ്ഞിട്ടുണ്ടാവും. വീട്ടിലെത്തിയതിനു ശേഷവും വിശ്രമമില്ലാത്ത ജോലികൾ തന്നെയാണ്. ഭക്ഷണമുണ്ടാക്കൽ, വസ്ത്രമലക്കൽ, മക്കൾക്ക് ഗൃഹപാഠമൊരുക്കാനുള്ള സഹായം അങ്ങനെ.. ഇതിനിടയിൽ അസുഖം വന്നാൽ പോലും ഒന്നു വിശ്രമിക്കാനോ എന്തു പറ്റിയെന്ന് ചോദിക്കാനോ ആരുമുണ്ടാവില്ല. എല്ലാവർക്കും അവരവരുടെ കരിയറും ജീവിതവും തന്നെയാണല്ലോ വലുത്. ഇത്രയും സമ്മർദവും ക്ലേശവും നിറഞ്ഞ ജീവിതത്തിനിടയിൽ ജോലിസ്ഥലത്ത് നിന്നുള്ള അസ്വാഭാവിക ചൂഷണങ്ങൾ കൂടിയായാലോ? വയസ്സ് ഏറിയാൽ പെർഫോമൻസ് പോരാ എന്നു പറഞ്ഞ് ഒരു ആനുകൂല്യവും നൽകാതെ ശമ്പളം പോലും നൽകാതെ പറഞ്ഞുവിടുന്നവരുമുണ്ട്. അതോടെ ആ കുടുംബം തന്നെയാവും പട്ടിണിയിലാവുന്നത്.'' ഈ തീഷ്ണമായ ജീവിതാനുഭവങ്ങളാണ് ഇന്ന് ലോകത്തോടൊപ്പം വളരാൻ വിജിയെ ശക്തയാക്കിയത്. ഇന്ന് കേരളത്തിലെ സ്ത്രീപോരാട്ടങ്ങളിലെല്ലാം സജീവ സാന്നിധ്യമാണ് വിജി.
ഇപ്പോൾ പെൺകൂട്ട് വെബ് ചാനലും ആരംഭിച്ചു. മുഖ്യധാരാ മാധ്യമങ്ങൾ അവഗണിക്കുന്ന പോരാട്ടങ്ങൾക്കും കേരളത്തിലെ പലതരം ഫെമിനിസങ്ങൾക്കും പാർശ്വവൽക്കൃത സമൂഹങ്ങളുടെ ആശയ പ്രചാരണത്തിനും ഇടം കൊടുക്കുകയെന്ന ലക്ഷ്യമിട്ടാണ് വെബ് ചാനലുമായി പെൺകൂട്ട് മുന്നോട്ടു വന്നിരിക്കുന്നത്. പെൺകൂട്ട് മീഡിയ കലക്ടീവ് എന്ന സൊസൈറ്റി രൂപീകരിച്ചാണ് പെൺകൂട്ട് ഈ രംഗത്ത് ഇടപെടുന്നത്. പ്രൊഡ്യൂസർമാരോ സ്പോൺസർമാരോ കോർപറേറ്റ് ഫണ്ടോ ഇല്ലാതെയാണ് ഈ വെബ് ചാനൽ പ്രവർത്തിക്കുന്നത്. എന്നാൽ ഈ സംരംഭവുമായി നിരവധി പേർ ഐക്യപ്പെടുന്നു. അതിനാൽ തന്നെ തിരിഞ്ഞുനോക്കാതെ മുന്നോട്ടു പോകാൻ തനിക്കും പെൺകൂട്ടിനും പറ്റുന്നതായി വിജി പറയുന്നു.