Sorry, you need to enable JavaScript to visit this website.

ശബരിമല അയോധ്യയാക്കാന്‍ അനുവദിക്കില്ല, നിയന്ത്രണം പിന്‍വലിക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം- ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് സമാധാനപരമായി സന്ദര്‍ശനം നടത്താവുന്ന അന്തരീക്ഷമാണുള്ളതെന്നും ഇവരെ സഹായിക്കാനാണ് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയെ അയോധ്യയാക്കാന്‍ അനുവദിക്കില്ല. നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ല. കോടതി വിധി എന്തായാലും നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. സംഘപരിവാര്‍ സംഘടനകളാണ് പ്രശ്‌നം ഉണ്ടാക്കിയത്. ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ സര്‍ക്കാര്‍ നിലപാടെടുക്കും. ഇതിന്റെ ഭാഗമായാണ് പോലീസ് കാര്യക്ഷമമായി ഇടപെട്ടത്. നിലവിലെ സാഹചര്യത്തില്‍ പോലീസ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഉദ്ദേശമില്ല. അനുകൂല റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ ഇക്കാര്യം ആലോചിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേളത്തില്‍ നാമജപത്തിനു തടസമില്ല. എന്നാല്‍ ആക്രമികള്‍ ശബരിമലയില്‍ നാമംജപിച്ചാല്‍ അക്രമികളല്ലാതാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിരോധനാജ്ഞ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഇതു സംബന്ധിച്ച വിശദീകരണം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചു.

കോണ്‍ഗ്രസിനെ തളര്‍ത്തി ബി.ജെ.പിയെ വളര്‍ത്തല്‍ തങ്ങളുടെ ലക്ഷ്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസും ബി.ജെ.പിയും ശബരിമലയില്‍ ഒന്നിച്ചാണ് സമരം ചെയ്യുന്നത്. സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന നുണകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങുകയായിരുന്നെന്നും എന്തുകൊണ്ട് പാര്‍ട്ടി ശോഷിച്ചുപോയി എന്ന് കോണ്‍ഗ്രസ് നോക്കിക്കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

Latest News