കൊച്ചി- ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ വീണ്ടും കേസ്. ശബരിമല ദര്‍ശനത്തിനെത്തിയ ആക്ടിവിസ്റ്റ് തൃ്പതി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞതിനാണ് പുതിയ കേസ്. സുരേന്ദ്രനെ കൂടാതെ കണ്ടാലറിയാവുന്ന മറ്റു 19 പേര്‍ക്കെതിരേയും കേസുണ്ട്. നവംബര്‍ 16നാണ് ദേശായിയെ വിമാനത്താവളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞത്. ഈ പ്രതിഷേധത്തിന് സുരേന്ദ്രനും നേതൃത്വം നല്‍കിയതിനാണ് കേസ്. നിവലില്‍ ശബരിമലയില്‍ 52കാരിയെ തടഞ്ഞ കേസില്‍ റിമാന്‍ഡിലാണ് സുരേന്ദ്രന്‍. ചിത്തിര ആട്ട വിശേഷത്തിന് ദര്‍ശനത്തിനെത്തിയ 52കാരിയെ തടഞ്ഞ കേസില്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ കോടതി വാദം കേട്ടു. വെള്ളിയാഴ്ച വിധി പറയും.
അതിനിടെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് സമയത്ത് തഹസീല്‍ദാരെ ഉപരോധിച്ച കേസില്‍ സുരേന്ദ്രന് ജാമ്യം ലഭിച്ചു. എന്നാല്‍ മറ്റ് കേസുകളില്‍ പ്രൊഡക്ഷന്‍ വാറന്റ് ഉള്ളതിനാല്‍ പുറത്തിറങ്ങാനാവില്ല. ഇപ്പേള്‍ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സുരേന്ദ്രന്‍.