റിയാദ്- ആശ്രിത ലെവി, മൂല്യവർധിത നികുതി, കുടിശ്ശിക ലെവി എന്നിവ സംബന്ധിച്ച് സന്തോഷ വാർത്തകൾ ഉടനെയുണ്ടാകുമെന്ന തൊഴിൽ സാമൂഹിക മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽറാജ്ഹിയുടെ പ്രസ്താവനയിൽ പ്രതീക്ഷയുമായി പ്രവാസികൾ. ആശ്രിത ലെവി, മറ്റു ലെവി എന്നിവയിൽ പ്രവാസികൾക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പരക്കെ പ്രതീക്ഷിക്കപ്പെടുന്നത്. ജനുവരി ആദ്യം ഇത് സംബന്ധിച്ച പ്രസ്താവനയുണ്ടാകുമെന്നും കരുതുന്നു. കിഴക്കൻ പ്രവിശ്യയിൽ ചാരിറ്റി സംഘടനകളുടെ 15-മത് വാർഷിക യോഗത്തിൽ സദസ്യരുമായി സംവദിക്കുമ്പോഴാണ് ചോദ്യത്തിനുത്തരമായി മന്ത്രി ലെവി വിഷയത്തിൽ ഏവർക്കും സന്തോഷകരമായ വാർത്ത ഉടനുണ്ടാകുമെന്ന് വ്യക്തമാക്കിയത്. മന്ത്രിയുടെ പ്രസ്താവന രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് ഉത്തേജനം നൽകുമെന്ന് അഭിപ്രായപ്പെട്ട് വിദേശികളും സ്വദേശികളും രംഗത്തെത്തി.
പുതിയ പരിഷ്‌കാരങ്ങൾ ചാരിറ്റി സംഘടനകൾക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നും അവ ലഘൂകരിക്കാൻ പദ്ധതികൾ വല്ലതുമുണ്ടോയെന്നുമായിരുന്നു മന്ത്രിയോടുള്ള ചോദ്യം. സംരംഭകരുടെയും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും നിർദേശങ്ങളും അഭിപ്രായങ്ങളും താൻ തള്ളിക്കളയാറില്ലെന്നും രാജ്യത്തിന്റെ നന്മക്കാവശ്യമായ എല്ലാ കാര്യങ്ങളും പഠിച്ച് തീരുമാനമുണ്ടാക്കുന്നതാണ് തന്റെ രീതിയെന്നും പറഞ്ഞ മന്ത്രി വിദേശികളുടെ ആശ്രിത ലെവി, സ്ഥാപനങ്ങൾ നൽകാനുള്ള വിദേശികളുടെ കുടിശ്ശിക ലെവി, ചെറുകിട സ്ഥാപനങ്ങൾക്കുള്ള മൂല്യവർധിത നികുതി എന്നിവയെ കുറിച്ച് പുതിയ വാർത്തകൾ ഉടനെയുണ്ടാകുമെന്ന് സദസ്സിനെ അറിയിച്ചു. ഇത് സംബന്ധിച്ച് നടപടികൾ അതിവേഗം പുരോഗമിച്ചുവരികയാണ്. സാമ്പത്തിക മേഖലയുടെ നെടുംതൂണായി പ്രവർത്തിക്കുന്ന ചെറുകിട മേഖലയെ നികുതിയിൽ നിന്നും മറ്റെല്ലാ ബാധ്യതകളിൽ നിന്നും ഒഴിവാക്കി നിർത്തും. വികസന മേഖലക്ക് ഉത്തേജനമായേക്കാവുന്ന 78 പദ്ധതികളെ കുറിച്ച് ജനുവരി ആദ്യവാരത്തിൽ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. തന്റെ മൊബൈൽ ഫോൺ എപ്പോഴും ഓണായിരിക്കുമെന്നും തനിക്ക് ലഭിക്കുന്ന നിർദേശങ്ങൾ മന്ത്രാലയ ഉദ്യോഗസ്ഥരുടെ എല്ലാ വാരാന്ത യോഗങ്ങളിൽ ചർച്ച ചെയ്യാറുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
2017 ലാണ് മന്ത്രിസഭ തീരുമാനപ്രകാരം വിദേശികൾക്ക് ആശ്രിത ലെവി നടപ്പാക്കിയത്. 2017 ജൂലൈ മുതൽ 100 റിയാലും 2018 ജൂലൈ മുതൽ 200 റിയാലും 2019 ജൂലൈ മുതൽ 300 റിയാലും 2020 ജൂലൈ മുതൽ 400 റിയാലും ഓരോ ആശ്രിതരുടെയും പേരിൽ അടക്കണമെന്നതായിരുന്നു വ്യവസ്ഥ. ഇതോടെ നിരവധി വിദേശികളുടെ ആശ്രിതർ ഫൈനൽ എക്‌സിറ്റിൽ രാജ്യം വിട്ടു. ബാക്കിയുള്ളവരിൽ പലരും ലെവി അടച്ചപ്പോൾ മറ്റു പലർക്കും ലെവി അടക്കാൻ സാധിക്കാതിരിക്കുകയും ഇഖാമ പുതുക്കൽ തടസ്സപ്പെടുകയും ചെയ്തു. 2018 മുതൽ 2020 വരെയുള്ള കാലയളവിൽ എല്ലാ വിദേശികൾക്കും 400, 600, 800 റിയാൽ വീതം സ്ഥാപനങ്ങളുടെ പേരിൽപ്രതിമാസ ലെവിയും ഏർപ്പെടുത്തി. എന്നാൽ നേരത്തെ ഇഖാമ പുതുക്കിയവർക്കും ഇഖാമയിൽ കാലാവധിയുള്ളവരും 2018 ജനുവരി മുതലുള്ള കുടിശ്ശിക അടച്ചുതീർക്കാൻ തൊഴിൽമന്ത്രാലയം ആറു മാസത്തെ സാവകാശം അനുവദിച്ചിരുന്നു. ഈ കുടിശ്ശിക ലെവി ഭീമമായ സംഖ്യയായതിനാൽ ചില സ്ഥാപനങ്ങൾക്ക് ഇപ്പോഴും ആ സംഖ്യ അടച്ചു തീർക്കാനായിട്ടില്ല. അതിനിടെയാണ് ചെറുകിട സ്ഥാപനങ്ങൾക്കുള്ള മൂല്യവർധിത നികുതിയും എത്തിയത്. ഇക്കാര്യങ്ങളിൽ ഇളവ് വേണമെന്ന് ചെറുകിട വ്യവസായികൾ ആവശ്യപ്പെട്ടുവരികയാണ്. ഇതിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം.