Sorry, you need to enable JavaScript to visit this website.

 ഉപാധികൾ പാലിക്കാതെ ഖത്തറുമായി അനുരഞ്ജനമില്ല -സൗദി, ഈജിപ്ത്

സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയും കയ്‌റോ ഹീലിയോപോളിസ് കൊട്ടാരത്തിൽ ചർച്ച നടത്തുന്നു. 

കയ്‌റോ - സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും മുന്നോട്ടു വെച്ച ഉപാധികൾ പൂർണമായും പാലിക്കാതെ ഖത്തറുമായി ഒരു വിധത്തിലുള്ള അനുരഞ്ജനത്തിനും ഒരുക്കമല്ലെന്ന് സൗദി അറേബ്യയും ഈജിപ്തും വ്യക്തമാക്കി. റിയാദിൽ അടുത്ത മാസം നടക്കുന്ന ഗൾഫ് ഉച്ചകോടിയിൽ ഖത്തർ അമീർ പങ്കെടുക്കുമെന്നും ഖത്തറുമായി അനുരഞ്ജനത്തിന് മറ്റു രാജ്യങ്ങൾ ഒരുക്കമാണെന്നുമുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഗൾഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട നിലപാടിൽ ഉറച്ചുനിൽക്കുന്നതായി സൗദി അറേബ്യയും ഈജിപ്തും നയം വ്യക്തമാക്കിയത്. ഖത്തറിനു മുന്നിൽ സഖ്യരാജ്യങ്ങൾ വെച്ച പതിമൂന്നു ഉപാധികൾ മുറുകെ പിടിക്കുന്നതായും ഇതിൽ ഒരുവിധ വിട്ടുവീഴ്ചകൾക്കും ഒരുക്കമല്ലെന്നും സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസിയും നടത്തിയ ചർച്ചക്കു ശേഷം ഇരു രാജ്യങ്ങളും വ്യക്തമാക്കി. 
കഴിഞ്ഞ വർഷം ജൂൺ അഞ്ചിനാണ് സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും ഖത്തറുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ വിഛേദിച്ചത്. ഉപാധികൾ പാലിക്കാതെ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന് അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും മധ്യസ്ഥ ശ്രമങ്ങൾക്ക് ഖത്തർ നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. 
മേഖലാ രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾ ചെറുക്കുന്നതിന് സൗദി അറേബ്യയും ഈജിപ്തും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് കിരീടാവകാശിയും ഈജിപ്ഷ്യൻ പ്രസിഡന്റും ആവർത്തിച്ച് വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷക്ക് ഈജിപ്ത് പ്രതിജ്ഞാബദ്ധമാണെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് അയച്ച കത്തിൽ അബ്ദുൽഫത്താഹ് അൽസീസി വ്യക്തമാക്കുകയും ചെയ്തു. 
കയ്‌റോ ഹീലിയോപോളിസ് കൊട്ടാരത്തിലാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഈജിപ്ഷ്യൻ പ്രസിഡന്റും ചർച്ച നടത്തിയത്. 
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും മേഖലയിലെ പുതിയ സംഭവ വികാസങ്ങളും മേഖലാ, ആഗോള പ്രശ്‌നങ്ങളും ഇരു നേതാക്കളും വിശകലനം ചെയ്തു. യു.എ.ഇയും ബഹ്‌റൈനും സന്ദർശിച്ചാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ദ്വിദിന സന്ദർശനത്തിന് കയ്‌റോയിലെത്തിയത്.
 

Latest News