ആലപ്പുഴ- മഹാപ്രളയത്തിൽ കുട്ടനാട് ആകെ വെള്ളത്തിലായെങ്കിലും ഇവിടുത്തെ കർഷകരുടെ മനസ് കുതിർന്നില്ല. അവർ അതിജീവനത്തിന്റെ പാതയിലാണ്. എല്ലാ കഷ്ടപ്പാടുകളോടും പടവെട്ടി വിജയം കൊയ്യാനുള്ള തയാറെടുപ്പിലാണ്. അതിനിടെ അവരെ ആര് സഹായിക്കുന്നു, ആരുടെ സഹായം എത്തുന്നു എന്നൊന്നും നോക്കാൻ അവർക്ക് സമയമില്ല. ഉടുത്തുമാറാൻ തുണിപോലുമില്ലാതെ എല്ലാം പ്രളയം കൊണ്ടുപോയപ്പോൾ ലോകം കരുതി കുട്ടനാട് ദുരിതത്തിൽ നിന്ന് കരകയറാൻ കാതങ്ങൾ താണ്ടേണ്ടിവരുമെന്ന്.
എന്നാൽ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകൊണ്ട് കുട്ടനാട്ടുകാർ അവരുടെ ജീവിതക്രമം ചിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മറ്റെല്ലാം നേടിയെടുക്കുന്നതിനുമുമ്പ് കുട്ടനാട്ടുകാർ അവരുടെ ജീവതാളമായ കൃഷിയാണ് ആദ്യം പുനരുദ്ധരിക്കുന്നത്. കുട്ടനാട്ടിലെങ്ങും കൃഷിയിടങ്ങൾ ഒരുക്കിത്തുടങ്ങി. മലവെള്ളത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും അവശിഷ്ടങ്ങളുമെല്ലാം നീക്കം ചെയ്യുന്ന ശ്രമകരമായ ജോലിക്കൊടുവിൽ ഇപ്പോൾ വിത്ത് വിതച്ചുകഴിഞ്ഞു.
പല പാടങ്ങളിലും നെൽച്ചെടി ഉയർന്ന് പാടം പച്ചവിരിച്ചുതുടങ്ങി. പ്രളയശേഷമുള്ള കുട്ടനാടിന്റെ വീണ്ടെടുപ്പ് നൽകുന്ന കാഴ്ച ആരുടെയും കണ്ണിന് കുളിർമ പകരും. അത്ര മനോഹരമാണ് ഇപ്പോൾ കുട്ടനാട്. കുട്ടനാട്ടിലെ എല്ലാ പാടശേഖരങ്ങളിലും കൃഷി നടത്താനുള്ള തയാറെടുപ്പിലാണ് കർഷകർ. അതിനവർ ആരുടെയും കനിവിനായി കാത്തുനിൽക്കുന്നില്ല. സർവ്വസ്വവും അവർ തനിയെ ചെയ്യുന്നു. എന്നാൽ, സർക്കാർ ഭാഗത്തുനിന്നും കിട്ടുന്ന സഹായവും പിന്തുണയും തള്ളുന്നുമില്ല. എത്രയോ തവണ (വർഷത്തിൽ രണ്ടുതവണയെങ്കിലും) കുട്ടനാട് പ്രളയത്തെ നേരിട്ടിരിക്കുന്നു. അതൊന്നും പുറലോകം അത്രഗൗരവത്തിൽ കണ്ടിരുന്നില്ല. ഏതെങ്കിലും മാധ്യമങ്ങളിൽ ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ ഒരു ചിത്രം. അല്ലെങ്കിൽ മടവീണ പാടത്തിന്റെ വിവരണം. ഇതിനപ്പുറത്തേക്ക് കുട്ടനാട്ടിലെ പ്രളയത്തെ ആരും ഗൗരവമായി കണ്ടിരുന്നില്ല. എന്നാൽ ഇത്തവണ അങ്ങനെയായിരുന്നില്ല.
ഒരു വെള്ളപ്പൊക്കത്തിന്റെ കെടുതിയിൽ മുങ്ങിനിൽക്കുമ്പോഴാണ് അടുത്തതെത്തിയത്. പിന്നീട് ഒറ്റപ്പെട്ട പ്രതീതി.
കൈത്താങ്ങായി നാലുപാടുനിന്നും ഓടിയെത്തിയെങ്കിലും എല്ലാവർക്കും പരിമിതികളുണ്ടായിരുന്നു. വാഹനമെത്തുന്നസ്ഥലമോ, ബോട്ട് അടുക്കുന്നിടമോ, അതിനപ്പുറത്തേക്ക് ആരും എത്തിനോക്കിയില്ല. എന്നാൽ കുട്ടനാട്ടുകാർ പരസ്പരം രക്ഷകരാവുകയായിരുന്നു. ഇപ്പോഴും അവർ അങ്ങനെയാണ്. പാടശേഖരങ്ങളിൽ ഇറക്കാൻ പണമില്ലാത്തവർക്ക് മറ്റുള്ളവർ സഹായം എത്തിക്കുന്നു.
വലിയൊരു അതിജീവനത്തിന്റെ പാഠമാണ് കുട്ടനാട്ടിൽ നിന്ന് പഠിക്കാനാകുന്നത്. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലുമെല്ലാം പുഞ്ചക്കൃഷിയുടെ ആരവമുയർന്നുകഴിഞ്ഞു. ഇനി മറ്റൊരു ദോഷവും ബാധിക്കാതെ ഇത് വിളഞ്ഞ് പാകമാകണമെന്ന പ്രാർഥനയാണ് കുട്ടനാട്ടുകാർക്ക്. പച്ചപ്പണിഞ്ഞ കുട്ടനാട് കാണാൻ സ്വദേശിയും വിദേശിയുമായ സഞ്ചാരികൾ എത്തിത്തുടങ്ങി.
കണ്ണെത്താദൂരത്തോളം പാടം പച്ചപ്പണിഞ്ഞ് കിടക്കുന്ന മനോഹര കാഴ്ച കാണാൻ ദിനേന നൂറുകണക്കിനുപേരാണ് കേരളത്തിന്റെ നെല്ലറകളിലൊന്നായ കുട്ടനാട്ടിലേക്ക് എത്തുന്നത്. ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച നടക്കേണ്ട പുന്നമടക്കായലിലെ നെഹൃട്രോഫി വള്ളംകളി വൈകിയാണെങ്കിലും നടന്നുകഴിഞ്ഞതോടെ കുട്ടനാടിന് ആകെയൊരു ഉണർവ് വന്നുകഴിഞ്ഞു. ഏതു പ്രളയം വന്നാലും കരകയറുമെന്ന ദൃഢനിശ്ചയത്തോടെ കുട്ടനാട്ടുകാർ തയാറായിക്കഴിഞ്ഞു. പഴയപ്രതാപം വീണ്ടെടുക്കാൻ.