Sorry, you need to enable JavaScript to visit this website.

ബി.ജെ.പി തനി സ്വഭാവം കാണിച്ചു- സുരേഷ് കീഴാറ്റൂർ 

കണ്ണൂർ - കീഴാറ്റൂർ ബൈപാസ് വിഷയത്തിൽ ബി.ജെ.പി തനി സ്വഭാവം കാണിച്ചുവെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ ആരോപിച്ചു. 
സി.പി.എമ്മിനെ അടിക്കാൻ ബി.ജെ.പി വയൽക്കിളികളെ ചട്ടുകമാക്കുകയായിരുന്നു.  കീഴാറ്റൂരിൽ ബി.ജെ.പിയും സി.പി.എമ്മും ഒരുപോലെ കർഷകരെ വഞ്ചിച്ചു. പരിസ്ഥിതിയെ മറന്നു കൊണ്ട് വികസനം നടപ്പാക്കുന്നതിൽ സി.പി.എമ്മും ബി.ജെ.പിയും ഒറ്റക്കെട്ടാണ്. സി.പി.എമ്മിന്റെ സഖാവാണ് നിതിൻ ഗഡ്ഗരിയെന്നാണ് ഈ വിജ്ഞാപനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. വയൽക്കിളി സമരം പെട്ടെന്നൊരു സുപ്രഭാതത്തിൽ ആളിപ്പടർന്നതല്ല. കേരളത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നെൽവയലുകളുടെയും തണ്ണീർ തടങ്ങളുടെയും സംരക്ഷണം വിളിച്ചറിയിക്കുന്നതാണ് ഈ സമരം. മനുഷ്യന്റെ നിലനിൽപ്പിപ്പിനു വേണ്ടിയുള്ള സമരം ഒരു നോട്ടിഫിക്കേഷൻ കടലാസു കൊണ്ട് അവസാനിക്കില്ല. സമരവുമായി മുന്നോട്ടു പോകും. കേരള ജനത ഈ സമരം ഏറ്റെടുക്കുമെന്നുതന്നെയാണ് വിശ്വാസം. സഖാക്കൾ തന്നെ വരും നാളുകളിൽ സമരത്തിനിറങ്ങാതിരിക്കാൻ സി.പി.എം ശ്രദ്ധിച്ചാൽ മതി. പ്രളയാനന്തര കാലത്തും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരു പാഠവും പഠിച്ചില്ലെന്നതിനു തെളിവാണ് ബൈപാസിനായി കീഴാറ്റൂർ നെൽവയൽ ഏറ്റെടുക്കാനുള്ള ഉത്തരവ് വ്യക്തമാക്കുന്നത്. തളിപ്പറമ്പ് നഗരസഭയിൽ അവശേഷിക്കുന്ന ഏക വയലാണിത്. മാത്രമല്ല, ജലസ്രോതസ്സും കൂടിയാണിത്. പ്രളയം നമ്മെ പഠിപ്പിച്ചത് വയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കണമെന്നതാണ്. എന്നാൽ ഭരണാധികാരികൾ അതിനു തയ്യാറല്ല. അവർക്കു കീഴാറ്റൂർ വയൽ ഏറ്റെടുക്കാൻ കഴിഞ്ഞെന്ന് വരാം. എന്നാൽ ജനങ്ങളുടെ മനഃസാക്ഷിയെ ഏറ്റെടുക്കാൻ കഴിയില്ല. ഈ വിഷയം ജനകീയ കോടതിയിൽ വിചാരണക്കു വിധേയമാക്കുമെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു. 
 

Latest News