Sorry, you need to enable JavaScript to visit this website.

കീഴാറ്റൂരിലെ വയൽക്കിളി സമരത്തിനു തിരശ്ശീല വീഴുന്നു

നിർദിഷ്ട ബൈപാസ് അലൈൻമെന്റ് കടന്നു പോകുന്ന കീഴാറ്റൂർ നെൽവയൽ. 

കണ്ണൂർ - ബി.ജെ.പിയും കൈയ്യൊഴിഞ്ഞു, പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ദേശീയ ശ്രദ്ധ നേടിയ കീഴാറ്റൂരിലെ വയൽക്കിളി സമരത്തിനു തിരശ്ശീല വീഴുന്നു. ചുടല - കുറ്റിക്കോൽ ബൈപാസ് റോഡ് നേരത്തെ നിശ്ചയിച്ച പ്രകാരം കീഴാറ്റൂർ വയലിൽ കൂടി നിർമ്മിക്കാൻ ദേശീയ പാത അഥോറിറ്റി തീരുമാനിച്ചു. ഇത് സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. ജനുവരി 11 നകം പ്രമാണ പരിശോധനക്കെത്താൻ സ്ഥലമുടമകൾക്കു നിർദ്ദേശം നൽകുന്ന ഉത്തരവും പുറത്തിറങ്ങി. 
കീഴാറ്റൂർ വയൽ നികത്തി ബൈപാസ് നിർമ്മിക്കുന്നതിനെതിരെ സ്ഥലമുടമകളായ കർഷകർ, 2016 ലാണ് സമര രംഗത്തിറങ്ങിയത്. സി.പി.എം നേതൃത്വത്തിലാണ് ആദ്യം സമരം ആരംഭിച്ചത്. പിന്നീട് സി.പി.എം സമര രംഗത്തു നിന്നു പിൻവാങ്ങിയതോടെ സുരേഷ് കീഴാറ്റൂർ, നമ്പ്രാടത്ത് ജാനകി എന്നിവരുടെ നേതൃത്വത്തിൽ വയൽക്കിൡളെന്ന പേരിൽ കർഷകർ സംഘടിക്കുകയും സമരം ഏറ്റെടുക്കുകയും ചെയ്തു. ഇത് ദേശീയ ശ്രദ്ധ ആകർഷിക്കുന്ന വിധത്തിലുള്ള സമരത്തിലെത്തുകയും ചെയ്തു. 
2018 മാർച്ചിൽ ഭൂമി അളക്കുന്നതിനു ഉദ്യോഗസ്ഥർ എത്തിയതോടെ വയൽക്കിളി പ്രവർത്തകർ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മാഹുതി ചെയ്യാൻ ഒരുങ്ങിയിരുന്നു. അന്ന് 48 പേരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. അന്നു രാത്രി തന്നെ വയൽക്കിളികളുടെ സമര പന്തൽ അഗ്നിക്കിരയാക്കുകയും ചെയ്തു. ഇതിനു ശേഷം കേരളത്തിലെ പരിസ്ഥിതി പ്രവർത്തകരെ അടക്കം പങ്കെടുപ്പിച്ച് കേരളം കീഴാറ്റൂരിേലേക്ക് എന്ന മാർച്ച് സംഘടിപ്പിക്കുകയും ചെയ്തു. പിന്നീട് തിരുവനന്തപുരത്തേക്കു ലോംഗ് മാർച്ച് സംഘടിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയെങ്കിലും മാർച്ച് നടന്നില്ല.  പിന്നീട് ബി.ജെ.പിയുടെ നേതൃത്വത്തിൽ കീഴാറ്റൂരിൽ നിന്നും കണ്ണൂരിലേക്കു ഐക്യദാർഢ്യ മാർച്ച് സഘടിപ്പിച്ചിരുന്നു.  
ബി.ജെ.പി എം.പിയും നടനുമായ സുരേഷ് ഗോപിയും സംസ്ഥാന ബി.ജെ.പി നേതൃത്വവും വയൽക്കിളികളുടെ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ദേശീയ പാത അലൈൻമെന്റ് മാറ്റുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വയൽക്കിളികളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിന്റെ ഭാഗമായി വിദഗ്ധ സംഘത്തെ അയക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. എന്നാൽ പരാതിക്കാരറിയാതെ വിദഗ്ധ സംഘം സ്ഥലം സന്ദർശിക്കുകയും കേന്ദ്രത്തിനു റിപ്പോർട്ടു നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുത്ത് ത്രിഡി വിജ്ഞാപനം ഇറക്കിയത്. ഇതിന്റെ ഭാഗമായി ഇന്നലെ പ്രമുഖ ദിനപത്രങ്ങളിൽ പരസ്യവും നൽകി. ഇനി നിയമപരമായോ, സമരത്തിലൂടെയോ ഇത് മാറ്റി മറിക്കുക അസാധ്യമാണ്. 
ഭൂമി ഉടമകൾ, ഭൂമിയുടെ രേഖയും പാസ് ബുക്കും സഹിതം നഷ്ടപരിഹാരം നേടാനായി ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നേരത്തെ നിശ്ചയിച്ച അതേ അലൈൻമെന്റിൽ കൂടി തന്നെയാണ് ബൈപാസ് റോഡ് കടന്നുപോകുന്നത്. 

 

Latest News