തലശ്ശേരി - എരഞ്ഞോളി കുണ്ടൂർമലയിലെ ടെലിച്ചറി പബ്ലിക് സ്‌കൂൾ മാനേജ്‌മെന്റ് അടച്ച് പൂട്ടിയതിനെ തുടർന്ന് കുട്ടികൾ ഗെയിറ്റിനിടയിലൂടെ നുഴഞ്ഞ് കയറി വരാന്തയിലിരുന്ന് പഠനം നടത്തി. പഴയ മാനേജ്‌മെന്റും നിലവിൽ സ്‌കൂൾ ഏറ്റെടുത്ത സൊസൈറ്റി മാനേജ്‌മെന്റും തമ്മിലുള്ള തർക്കത്തെ തുടർന്ന് നിലവിലുള്ള സൊസൈറ്റി ഭാരവാഹികളാണ് സ്‌കൂൾ അടച്ച് പൂട്ടിയത്. ഇത് മൂലം വിദ്യാർത്ഥികളുടെ പഠനം പെരുവഴിയിലായി.
നഷ്ടത്തിലാണെന്ന് പ്രചരിപ്പിച്ച് പുതിയ മാനേജ്‌മെന്റ് അടച്ചു പൂട്ടിയ വിദ്യാലയത്തിലെ കുട്ടികൾ തുടർപഠനത്തിന് സാഹചര്യമൊരുക്കി നൽകാൻ ബന്ധപ്പെട്ടവരോട് നിർദേശിക്കണമെന്നപേക്ഷിച്ച് മാസങ്ങൾക്ക് മുമ്പ് വിദ്യാർത്ഥികൾ കൂട്ടമായി കോടതിയിൽ എത്തിയിരുന്നു. അതിനിടെ ഹൈക്കോടതിയും വിദ്യാർത്ഥികൾക്ക് ഇവിടെ തുടർ പഠനം നടത്താനുള്ള അനുമതി നൽകിയിരുന്നു. തലശ്ശേരി പ്രിൻസിപ്പൽ സബ്ബ് കോടതി പഴയ മാനേജ്മെന്റിന് അനുകൂലമായ വിധി പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതിയും ഇത് അംഗീകരിച്ചു. തുടർന്ന് പഴയ മാനേജറുടെ മകളെ റിസീവറായി വെച്ച് സ്‌കൂൾ നടത്താൻ പഴയ മാനേജ്‌മെന്റിന് അനുമതിയും നൽകിയിരുന്നു. റിസീവർ ഭരണം കഴിഞ്ഞ ദിവസം കോടതി നീക്കിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ സ്‌കൂൾ ഏറ്റെടുത്ത സൊസൈറ്റി വെച്ച വൈസ് പ്രിൻസിപ്പൽ രാധാകൃഷ്ണൻ ബാത്ത്‌റൂം ഉൾപ്പെടെ പൂട്ടിയിട്ട് അധ്യാപകരെയും വിദ്യാർത്ഥികളെയും പെരുവഴിയിലാക്കിയത്. സംഭവം അറിഞ്ഞ് ഇന്നലെ രാവിലെ സ്‌കൂളിലെത്തിയ രക്ഷിതാവായ വിനോദിനെ നിലവിലെ സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. സ്‌കൂൾ അടച്ച് പൂട്ടിയത് അറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു.
ടി.വി സുകുമാരന്റെ മകൾ പത്മ ശിവപ്രസാദിനെ റിസീവറായി നിയമിച്ച് സ്‌കൂളിന്റെ പ്രവർത്തനം ആരംഭിക്കാനാണ് നേരത്തെ കോടതി നിർദേശിച്ചിരുന്നത്. സ്‌കൂൾ നടത്തിപ്പിന് 5 ലക്ഷം രൂപ കോടതിയിൽ ബോണ്ടായി കെട്ടിവെക്കണമെന്നും പുതിയ മാനേജ്‌മെന്റ് പ്രതിനിധികൾ സ്‌കൂളിൽ നിന്ന് കൊണ്ടുപോയ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള ഇളകുന്ന മുതലുകൾ സ്‌കൂളിൽതന്നെ തിരിച്ചേൽപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
സ്‌കൂൾ പ്രവർത്തനത്തിന് പോലിസ് കാവൽ വേണമെന്ന ഹരജി നൽകാനുള്ള തയ്യാറെടുപ്പിലാണ് രക്ഷിതാക്കൾ ഉൾപ്പെടുന്ന നിലവിലെ കമ്മിറ്റി. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പിൻബലത്തിലാണ് സ്‌കൂളിലെ ക്ലാസ് മുറികൾ പൂട്ടിയത്. തലശ്ശേരി എസ്.ഐ അനിലിന്റെ നേതൃത്വത്തിൽ സ്‌കൂളിന് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
1994ലാണ് ഇന്ത്യൻ ആർമിയിൽ മേജറായ ടി.വി സുകുമാരന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ഭാര്യ ലീലാവതി സുകുമാരന്റെ നേതൃത്വത്തിൽ സ്‌കൂൾ ആരംഭിച്ചത്. തുടർന്ന് 2004ൽ പ്രവാസി സംഘടനയായ മാക്ട സ്‌കൂൾ ഏറ്റെടുക്കുകയും ടെലിച്ചറി പബ്ലിക് സ്‌കൂൾ എന്ന് പുനർ നാമകരണം ചെയ്യുകയും ചെയ്തു. ലീലാവതിയുടെ മരണത്തെ തുടർന്ന് ട്രസ്റ്റിന്റെ പ്രവർത്തനം അവതാളത്തിലാവുകയായിരുന്നു. ട്രസ്റ്റിലെ ചില അംഗങ്ങൾ സ്‌കൂളിനെ പുതിയ ഭരണസമിതിക്ക് കീഴിൽ കൊണ്ടുവന്നു. സ്‌കൂളിലെ 16 ലക്ഷം രൂപ വിലവരുന്ന ഇളകുന്ന മുതലുകൾ ട്രസ്റ്റിലെ ചില അംഗങ്ങൾ കൈക്കലാക്കിയെന്നും രക്ഷിതാക്കൾ ആരോപിച്ചിരുന്നു.
സ്‌കൂളിൽ നേരത്തെ അധ്യാപകരുൾപ്പെടെ 26 ജീവനക്കാരാണുണ്ടായിരുന്നത്. പുതിയ മാനേജ്‌മെന്റിന്റെ കീഴിലായതോടെ രക്ഷിതാക്കളുടെ കൂടെ 18 ജീവനക്കാർ അണിനിരന്നെങ്കിലും മറ്റ് ജീവനക്കാർ പുതിയ മാനേജ്‌മെന്റിനോട് കൂറ് പുലർത്തി. സി.ബി.എസ്.സി സിലബസിലാണ് ഇവിടുത്തെ പഠനം.
സ്‌കൂൾ അടച്ച് പൂട്ടാനുള്ള നീക്കത്തിനെതിരെ രക്ഷാകർത്താക്കൾ കർമ്മ സമിതി രൂപീകരിച്ച് വിവിധ സമര പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് നിയമപരമായി ഇതിനെ നേരിടാൻ കോടതിയെ സമീപിച്ചത്. ഹൈക്കോടതി മുമ്പാകെ എത്തിയ കേസ് ഇപ്പോൾ തലശ്ശേരി പ്രിൻസിപ്പൽ സബ്ബ് കോടതിയിൽ തന്നെ തീർപ്പാക്കാൻ വിട്ടിരിക്കുകയാണ്. ഇതിനിടെയാണ് ഇന്നലെ സ്‌കൂൾ അടച്ച് പൂട്ടിയത്.