റിയാദ് - ലോക രാജ്യങ്ങൾക്ക് സൗദി അറേബ്യ നൽകുന്ന സഹായങ്ങൾക്കും വിദേശങ്ങളിൽ സൗദി അറേബ്യ നടത്തുന്ന ജീവകാരുണ്യ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പിന്നിൽ രാഷ്ട്രീയമോ ആശയസംഹിതാപരമോ ആയ ലക്ഷ്യങ്ങളില്ലെന്ന് ഡെപ്യൂട്ടി ഇസ്‌ലാമികകാര്യ മന്ത്രി ഡോ. തൗഫീഖ് അൽസുദൈരി പറഞ്ഞു. ലാറ്റിനമേരിക്കൻ, കരീബിയൻ രാജ്യങ്ങളിലേക്ക് ഇസ്‌ലാമികകാര്യ മന്ത്രാലയം അയച്ച പ്രബോധകരുടെ ആദ്യ യോഗം ബ്യൂണസ് അയേഴ്‌സ് കിംഗ് ഫഹദ് ഇസ്‌ലാമിക് കൾച്ചറൽ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്ത്രണ്ടു രാജ്യങ്ങളിൽ നിന്നുള്ള 18 പ്രബോധകർ യോഗത്തിൽ പങ്കെടുത്തു.
വിദേശങ്ങളിൽ സൗദി സഹായത്തോടെ നടത്തുന്ന മതപ്രബോധന, സാംസ്‌കാരിക പ്രവർത്തനങ്ങൾക്കു പിന്നിലും ഇങ്ങനെ പ്രത്യേക ലക്ഷ്യങ്ങളില്ല. ഇരുപതു വർഷത്തിനിടെ 32,000 കോടിയിലേറെ റിയാൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സൗദി അറേബ്യ വിനിയോഗിച്ചിട്ടുണ്ട്. മത, വംശീയ വിവേചനങ്ങൾ ഇല്ലാതെയാണ് സൗദി അറേബ്യ വിദേശ രാജ്യങ്ങൾക്ക് സഹായങ്ങൾ നൽകുന്നത്. സൗദി അറേബ്യക്കെതിരെ നടത്തുന്ന പ്രചണ്ഡ പ്രചാരണങ്ങൾക്കു പിന്നിൽ മതത്തെ ദുരുപയോഗിക്കുന്ന ചില രാജ്യങ്ങളും കക്ഷികളും ഗ്രൂപ്പുകളുമാണ്. അവർക്ക് പ്രത്യേക അജണ്ടകളും പദ്ധതികളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.