റിയാദ് - പ്രകൃതി വാതക ഉൽപാദനം വലിയ തോതിൽ വർധിപ്പിക്കുന്നതിന് സൗദി അറാംകോക്ക് പദ്ധതിയുള്ളതായി കമ്പനി സി.ഇ.ഒ എൻജിനീയർ അമീൻ അൽനാസിർ വെളിപ്പെടുത്തി. പത്തു വർഷത്തിനുള്ളിൽ പ്രതിദിന വാതക ഉൽപാദനം 2300 കോടി ഘന അടിയായി ഉയർത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. നിലവിൽ പ്രതിദിന വാതക ഉൽപാദനം 1400 കോടി ഘന അടിയാണ്. ഉൽപാദനം ഉയർത്തുന്നതിന് പത്തു വർഷത്തിനുള്ളിൽ പ്രകൃതി വാതക മേഖലയിൽ 15,000 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തും.
പാരമ്പര്യേതര പ്രകൃതി വാതകത്തിന്റെ വൻ ശേഖരം സൗദിയിലുണ്ട്. പരമ്പരാഗത വിഭവങ്ങൾക്കൊപ്പം പാരമ്പര്യേതര പ്രകൃതി വാതക വ്യവസായവും അതിവേഗ വളർച്ച കൈവരിച്ചുവരികയാണ്. പാരമ്പര്യേതര പ്രകൃതി വാതകത്തിന് ഊന്നൽ നൽകുന്ന പതിനാറു ഡ്രില്ലിംഗ് പ്ലാറ്റ്‌ഫോമുകൾ സൗദി അറാംകോക്കു കീഴിലുണ്ട്. ഈ വർഷം എഴുപത് വാതക കിണറുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
ആഗോള തലത്തിൽ പെട്രോകെമിക്കൽ മേഖലയിൽ പതിനായിരം കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തുന്നതിനും സൗദി അറാംകോക്ക് പദ്ധതിയുണ്ട്. സൗദിയിൽ പെട്രോകെമിക്കൽ മേഖലയുടെ വളർച്ചയിൽ പാരമ്പര്യേതര പ്രകൃതി വാതകം സുപ്രധാന പങ്ക് വഹിക്കും. ആഗോള തലത്തിൽ മുൻനിരയിലുള്ള പ്രകൃതി വാതക പ്ലാന്റ് സ്ഥാപിക്കുന്നതിന് സൗദി അറാംകോക്ക് പദ്ധതിയുണ്ടെന്നും എൻജിനീയർ അമീൻ അൽനാസിർ പറഞ്ഞു.