ദോഹ- മാറിവരുന്ന പ്രവാസത്തെ അതിജീവിക്കാനും പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമിതിയിൽ പ്രവാസ ലോകത്തിന്റെ നിലപാടുകൾ വ്യക്തമാക്കിയും 'പുതിയ പ്രവാസം പുതിയ കേരളം: നമുക്ക് അതിജീവിക്കുക' എന്ന പ്രമേയത്തിൽ കൾച്ചറൽ ഫോറം സംഘടിപ്പിച്ച കാമ്പയിന് ഉജ്വല പരിസമാപ്തി. ശാന്തി നികേതൻ ഇന്ത്യൻ സ്‌കൂളുമായി സഹകരിച്ച് 'പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച 'എക്‌സ്പാറ്റ് ഫിയസ്റ്റ-2018 നോടു കൂടിയാണ് കാമ്പയിന് സമാപനമായത്. സമാപന സമ്മേളനം ഖത്തർ ഫൗണ്ടേഷന് കീഴിലെ ഖത്തർ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ സസ്റ്റയിനബിലിറ്റി മേധാവി ഡോ.അലക്‌സാണ്ടർ അമാറ്റോ ഉദ്ഘാടനം ചെയ്തു. നമ്മുടെ പരിസ്ഥിതി നേരിടുന്ന വെല്ലുവിളകൾ ഏറെ വലുതാണെന്നും ഇതിനെ ചെറുക്കാൻ നാം സമൂഹത്തെ പര്യാപ്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസത്തിൻെറ പൂർവകാലം വിഷാദം നിറഞ്ഞതായിരുന്നെങ്കയിലും വർത്തമാന കാല പ്രവാസം നാടിനെയും നാടിൻെറ നിർമിതിയെയും കുറിച്ച് ചിന്തിക്കുന്നുവെന്നത് പ്രതീക്ഷ നൽകുന്നതാണെന്ന് പരിപാടിയിൽ സംസാരിച്ച വെൽഫെയർ പാർട്ടി കേരള ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് പറഞ്ഞു. ആഗോള താപനവംു ആഗോള മാന്ദ്യവും ഉയർത്തുന്ന വെല്ലുവിളികളെ ഒന്നിച്ച് നിന്ന് നേരിടാൻ നമുക്ക് സാധിക്കണം. ധ്രുവീകരണത്തിൻെറ ശക്തികളെ തിരിച്ചറിയണമെന്നും അവകാശ നിഷേധങ്ങളില്ലാത്ത ഒരു സാമൂഹ്യ സൃഷ്ടി സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസിയുടെ പണം നാട്ടിലുളളവർ ചെലവഴിക്കുന്നതു പോലെ, സാങ്കേതിക വിദ്യ പാരമ്യത്തിലെത്തി നിൽക്കുന്ന ഘട്ടത്തിൽ അവൻെറ വോട്ടും മറ്റുളളവർ ചെയ്യുന്ന രീതി ശരിയല്ലെന്നും പ്രവാസികൾക്ക് നേരിട്ട് വോട്ട് ചെയ്യാനുളള അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൻെറ പുനർനിർമിതിയിൽ നൈതികവും ഭൗതികവുമായ ഒരു പുരോഗതിയുണ്ടാവേണ്ടതുണ്ടെന്നും അമിതമായ ശാസ്ത്ര ബോധം കൊണ്ട് മാത്രം എല്ലാം പിടിച്ച് നിർത്താമെന്ന ബോധം ശരിയല്ലെന്ന സന്ദേശം കൂടിയാണ് പ്രളയം മലയാളിക്ക് നൽകിയതെന്ന് ചടങ്ങിൽ സംസാരിച്ച ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്‌സിറ്റി പ്രൊഫസർ ഡോ. ടി.ടി.ശ്രീകുമാർ പറഞ്ഞു.
ശാന്തി നികേതൻ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഡോ.സുബാഷ് നായർ, മുഹമ്മദ് ഷമീം എന്നിവരും സംസാരിച്ചു. കൾച്ചറൽ ഫോറം പ്രസിഡൻറ് ഡോ.താജ് ആലുവ അധ്യക്ഷത വഹിച്ചു. കാമ്പയിൻ ജനറൽ കൺവീനർ മുനീഷ് എ.സി സ്വാഗതവും കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി സി.സാദിഖലി നന്ദിയും പറഞ്ഞു. അതിഥികൾക്കുള്ള മെമൻേറാ കൾച്ചറൽ ഫോറം ഭാരവാഹികളായ തോമസ് സക്കരിയ, റഷീദ് അഹമ്മദ്, സുഹൈൽ ശാന്തപുരം, താഹിറ ബീവി, മുഹമ്മദ് റാഫി എന്നിവർ നൽകി. സ്‌കൂളുകൾക്കായി സംഘടിപ്പിച്ച എക്‌സിബിഷനിൽ രാജഗിരി പബഌക് സ്‌കൂൾ ഒന്നാം സ്ഥാനം നേടി. ശാന്തി നികേതൻ ഇന്ത്യൻ സ്‌കൂൾ രണ്ടാം സ്ഥാനവും ഒലീവ് ഇൻറർനാഷണൽ സ്‌കൂൾ മൂന്നാം സ്ഥാനവും നേടി. നടുമുറ്റം വനിതകൾക്കായി നടത്തിയ എക്‌സിബിഷനിൽ മദീന ഖലീഫ ഏരിയ ഒന്നാം സ്ഥാനം നേടി. വക്‌റ വുകൈർ ഏരിയ രണ്ടാം സ്ഥാനവും മത്താർ ഖദീം ഏരിയ മൂന്നാം സ്ഥാനവും നേടി. ജൈവകൃഷി പ്രദർശനത്തിൽ ജനകീയ വോട്ടെടുപ്പിലൂടെ അപർണ റിനീഷ് വിജയിയായി. മത്‌സര വിജയികൾക്കുളള സമ്മാനങ്ങൾ കൾച്ചറൽ ഫോറം ഭാരവാഹികളായ ഡോ.താജ് ആലുവ, മജീദ് അലി, ഗഫൂർ എ.ആർ, തഹ്‌സീൻ, ഷാനവാസ് ഖാലിദ് എന്നിവർ വിതരണം ചെയ്തു. കേരളം നേരിടുന്ന മാലിന്യ സംസ്‌കരണം ഉൾപ്പെടെയുളള പ്രശ്‌നങ്ങളെ എങ്ങനെ പരിഹരിക്കാമെന്ന നിർദേശങ്ങളുമായി നടന്ന എക്‌സിബിഷൻ നൂറുകണക്കിനാളുകൾ സന്ദർശിച്ചു. പരിസ്തിഥി സംരക്ഷണത്തിൻെറ പ്രാധന്യം വിളിച്ചറിയിക്കുന്നതായിരുന്ന പ്രദർശനങ്ങൾ. കൾച്ചറൽ ഫോറം കലാ വിഭാഗം അവതിരിപ്പിച്ച വിവിധ കാലാ പരിപാടികളും 'ദാഹം' രംഗാവിഷ്‌ക്കാരവും ശ്രദ്ധേയമായി. റേഡിയോ മലയാളം അവതാരകരും കൾച്ചറൽ ഫോറം തൃശൂർ ജില്ലാ കമ്മിറ്റിയും സംഘടിപ്പിച്ച തെരുവ് മത്‌സരങ്ങളും കലാ പരിപാടികളും വേറിട്ടതായി. സമ്മേളന നഗരിയിൽ നസീം അൽ റബീഹ് ഒരുക്കിയ ആരോഗ്യ പരിശോധനാ സൗകര്യം നിരവധി പേർ ഉപയോഗപ്പെടുത്തി.