ജിദ്ദ- ജിദ്ദ നവോദയയുടെ ഇരുപത്തിയെട്ടാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന ഏരിയാ സമ്മേളനങ്ങളുടെ ഭാഗമായി സനാഇയ്യ ഏരിയാ സമ്മേളനം, സനാഇയ്യ സൗദി ഗ്ലാസ് ഓഡിറ്റോറിയത്തിലെ ആൻഡ്‌റൂസ് നഗറിൽ വെച്ച് നടന്നു.സനാഇയ്യയിൽ പ്രൗഢഗംഭീരമായി നടന്ന ഏരിയാ സമ്മേളനം നവോദയ മുഖ്യ രക്ഷാധികാരി വി.കെ.റഊഫ് ഉദ്ഘാടനം ചെയ്തു.
അഴിമതി നിർത്തലാക്കും എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന ആൾക്കാർ തന്നെ അഴിമതിക്കാരാവുന്ന കാഴ്ചയാണ് ഇന്ത്യയിൽ ഇന്ന് കാണുന്നത്. കേരളത്തിൽ നടക്കുന്ന ഫാസിസ്റ്റ് ശക്തികളുടെ അക്രമങ്ങളെയും, വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളെയും എല്ലാ പ്രവാസി സമൂഹങ്ങളും ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി കൃഷ്ണകുമാർ, നവോദയ ആക്ടിംഗ് ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഹരീന്ദ്രൻ, പങ്കജാക്ഷ പണിക്കർ, സുരേഷ് രാമന്തളി എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.
ശബരിമല വിഷയത്തിൽ ബി.ജെ.പി നടത്തുന്ന ഇരട്ടത്താപ്പുകൾക്കെതിരെ സമ്മേളനം പ്രമേയം പാസാക്കി. ഹരീന്ദ്രൻ പ്രസിഡണ്ട്, കൃഷ്ണകുമാർ സെക്രട്ടറി, ടി.വി. രാജൻ ട്രഷറർ, ജീവകാരുണ്യ കൺവീനറായി സൈനുദ്ദീനെയും, കുടുംബവേദി കൺവീനറായി സി.ആർ. സനിൽ, യുവജന വേദി കൺവീനറായി ഷിബിൻ വടകരയും ആയി 19 അംഗ ഏരിയ കമ്മിറ്റിയെയും 16 അംഗ കേന്ദ്ര സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
സമ്മേളനത്തിൽ നവോദയ പ്രസിഡണ്ട് ഷിബു തിരുവനന്തപുരം, രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് മുഴപ്പിലങ്ങാട്, സലാഹുദ്ധീൻ കൊഞ്ചിറ, സി.എം. അബ്ദുറഹിമാൻ, ശിഹാബുദ്ധീൻ, ആസിഫ് കരുവാറ്റ, ബിജു രാമന്തളി എന്നിവർ പങ്കെടുത്തു. ഏരിയ രക്ഷാധികാരി സുരേഷ് പാപ്പിനിശ്ശേരി സ്വാഗതം പറഞ്ഞു.