കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ കൊണ്ടോട്ടി കഴിഞ്ഞ് മുസ്‌ലിയാരങ്ങാടിയിൽ റോഡരികിൽ ഒരു ബോർഡ് കാണാം- മജ്മ ട്രാവൽസ്. സുദീർഘ കാലയളവിൽ സൗദി അറേബ്യയിലെ മജ്മഅ് എന്ന സ്ഥലത്ത് പ്രവാസിയായിരുന്ന കുഞ്ഞുട്ടിയുടെ സ്ഥാപനമാണിത്. ലക്ഷങ്ങളുടെ ബിസിനസ് ചെയ്യാനൊന്നുമല്ല ഇത് ഇവിടെ പ്രവർത്തിക്കുന്നത്. ഉംറയ്ക്കും ഹജിനും പോകുന്നവർക്ക് സൗകര്യങ്ങൾ ചെയ്തു കൊടുക്കുക. വർഷം ശരാശരി അറുപത് പേരാണ് മജ്മ ട്രാവൽസ് വഴി ഉംറയ്ക്ക് പോകുന്നത്. പുണ്യഭൂമിയിലേക്ക് യാത്രയാകുന്ന തീർഥാടകർ തിരിച്ചെത്തി അവർ പറയുന്ന അൽ ഹംദുലില്ല... അതാണ് തന്റെ ഏറ്റവും വലിയ അംഗീകാരമെന്ന് കുഞ്ഞുട്ടി മുസ്‌ലിയാർ സാക്ഷ്യപ്പെടുത്തുന്നു.
ഗൾഫ് തൊഴിൽ അന്വേഷകർക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതുൾപ്പെടെയുള്ള സേവനങ്ങളും മജ്മ ട്രാവൽസ് ചെയ്തു കൊടുക്കാറുണ്ട്. ഇതൊന്നും കുഞ്ഞുട്ടിയ്ക്ക് ധനാഗമന മാർഗമല്ല. ആർക്കെങ്കിലും ഉപകാരമിരിക്കട്ടെ എന്ന നിലയ്ക്ക് ചെയ്യുന്ന കാര്യങ്ങൾ. സൗദി തലസ്ഥാനമായ റിയാദിൽ നിന്ന് 196 കിലോ മീറ്റർ അകലെ മജ്മഅ് എന്ന സ്ഥലത്തായിരുന്നു കുഞ്ഞുട്ടിയുടെ സൗദി പ്രവാസ ജീവിതം. 1979 മുതൽ 2008 വരെ സൗദിയിൽ ഇതേ സ്ഥലത്ത് കഴിഞ്ഞു. മാതാപിതാക്കളുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് പ്രവാസം മതിയാക്കിയത്. ചോലതയ്യിൽ അബൂബക്കർ ഹാജിയുടേയും അരീക്കോട് കുനിയിൽ ഉണ്ണ്യാച്ചുമ്മയുടേയും മകനായ കുഞ്ഞുട്ടി 19 ാം വയസ്സിലാണ് ആദ്യമായി സൗദി അറേബ്യയിലെത്തിയത്. ഒരു കോൺട്രാക്റ്റ് സ്ഥാപനത്തിൽ സ്‌കൂൾ ക്ലീനിംഗ് ജോലിയ്‌ക്കെത്തിയ അദ്ദേഹം പിന്നീട് പ്രദേശത്ത് സൂപ്പർ മാർക്കറ്റ് വരെ നടത്തി. എൺപതുകളിൽ മലയാള പത്രങ്ങൾ തന്റെ കടയിൽ റിയാദിൽ നിന്ന് എത്തുമായിരുന്നുവെന്ന് കുഞ്ഞുട്ടി അനുസ്മരിച്ചു. 1977 ൽ ഹജിനെത്തിയ കുറച്ചു പേർ മാത്രമായിരുന്നു അക്കാലത്തെ മജ്മഅ് പ്രവാസികൾ. 1976 ലാണ് കുഞ്ഞുട്ടി മുസ്‌ലിയാരങ്ങാടി വിടുന്നത്. ഒളിച്ചോട്ടമൊന്നുമല്ല. വീട്ടുകാരും നാട്ടുകാരും അറിഞ്ഞു തന്നെ. പിൽക്കാലത്ത് മുംബൈ ആയി മാറിയ ബോംബെയിലേക്ക് ആദ്യ യാത്ര. വീട്ടിലെ അവസ്ഥ കാരണം കീഴ്പറമ്പ് ഗവണ്മെന്റ് സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠനം നിർത്തി. ബോംബെയാണ് ജീവിതം പഠിപ്പിച്ചത്. ബസ്തി മുല്ലയിലും ടങ്കർമുല്ലയിലും കറങ്ങി. മദനപുരയിലെ മാലിക് ഹോട്ടലിൽ പാത്രങ്ങൾ കഴുകുന്ന ജോലിയാണ് കിട്ടിയത്. ഇതിന് പ്രതിഫലമായി നിത്യേന 2 രൂപ 25 പൈസ ലഭിച്ചു. ബോംബെയാണ് സൗദി ജീവിതത്തിലേക്കുള്ള വഴി തുറന്നു തന്നത്. മജ്മഅ് പ്രദേശത്തെ സ്വദേശികൾ ധാരാളം വിസ ഏൽപിക്കുമായിരുന്നു. അക്കാലത്ത് ധാരാളം പേരെ സഹായിക്കാനായതും പിന്തിരിഞ്ഞ് നോക്കുമ്പോൾ ആഹ്ലാദത്തിന് വക നൽകുന്നുവെന്ന് കുഞ്ഞുട്ടി പറഞ്ഞു. നാളികേര കൃഷിയും ക്വാറിയും ക്രഷർ യൂനിറ്റുമൊക്കെയായി കുഞ്ഞുട്ടിയുടെ ജീവിതം ഹാപ്പിയാണ്. വേദനിക്കുന്നവരുടെ കണ്ണീരൊപ്പുകയും സമൂഹത്തിന് ഗുണകരമായത് വല്ലതും ചെയ്യുകയെന്നതുമാണ് ഇപ്പോൾ ഹോബി. എല്ലാ റമദാൻ സീസണിലും അഞ്ഞൂറ് പേർക്ക് വസ്ത്രം നൽകും. അഞ്ഞൂറ് വീടുകളിൽ നോമ്പിന്റെ ആദ്യ മൂന്ന് നാളുകളിൽ റമദാൻ കിറ്റ് എത്തിക്കും. കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ സ്ഥാപിക്കാൻ സഹായം ചെയ്തു. പ്രളയമുണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി 75,000 രൂപയാണ് നൽകിയത്. ഇതിലൊരു കണക്കുണ്ട്. താൻ പണ്ട് ബോംബെയിൽ ജോലി ചെയ്തപ്പോൾ നിത്യേന ലഭിച്ച പ്രതിഫലം പന്ത്രണ്ട് വർഷത്തേക്ക് കണക്കാക്കിയുള്ള തുകയാണിത്. മലപ്പുറം ജില്ലാ ക്രഷർ ക്വാറി അസോസിയേഷൻ നൽകിയ ഒരു കോടി മൂന്ന് ലക്ഷം രൂപ സമാഹരിക്കുന്നതിലും കുഞ്ഞുട്ടി നിർണായക പങ്ക് വഹിച്ചു. തന്റെ ജീവിതം അർഥ പൂർണമാക്കാൻ വഴിയൊരുക്കിയ സൗദി അറേബ്യയിലേക്ക് കുഞ്ഞുട്ടിയും ഭാര്യയും മക്കളും വീണ്ടുമെത്തും. ഈ വരുന്ന ഡിസംബർ മാസത്തിൽ.