കൊച്ചി- ശബരിമലയില്‍ സുപ്രീം കോടതി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിയെ തുടര്‍ന്ന് ദര്‍ശനത്തിനെത്തി വിവാദത്തില്‍പ്പെട്ട ആക്ടിവിസ്ട് രഹ്‌ന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ മതവികാരം വ്രണപ്പെടുത്തുന്ന പ്രചാരണം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. പത്തനംതിട്ടസി.ഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം രഹ്‌നയെ കൊച്ചിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. നേരത്തെ ഈ കേസില്‍ ഹൈക്കോടതി രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ കറുപ്പു വസ്ത്രമണിഞ്ഞ് ശരീരഭാഗങ്ങള്‍ മോശമായ രീതീയില്‍ പുറത്തു കാണിക്കുന്ന തരത്തിലുള്ള ഫോട്ടോയാണ് രഹ്‌ന സമൂഹ മാധ്യമത്തില്‍ പോസറ്റ് ചെയ്തിരുന്നത്. ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണ മേനോനാണ് രഹനയ്‌ക്കെതിരെ പരാതി നല്‍കിയത്.
രഹ് നയുടെ ശബരിമല ദര്‍ശന ശ്രമത്തിനു പിന്നാലെയാണ് ഈ ഫോട്ടോയും വിവാദമായത്. ഇവരുടെ കൊച്ചിയിലെ വീടിനു നേര്‍ക്ക് ആക്രമണമുണ്ടാകുകയും ചെയ്തിരുന്നു. വിവാദത്തിലും കേസിലും ഉള്‍പ്പെട്ടതിനു പുറമെ ജോലി ചെയ്യുന്ന ബി.എസ്.എന്‍.എല്‍ രഹ്നയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.