റിയാദ്- സൗദി അറേബ്യയിൽ വിദേശികളുടെ ആശ്രിതർക്ക് നടപ്പാക്കിയ ലെവിയിലും 2018 ജനുവരി മുതലുള്ള വിദേശ തൊഴിലാളികളുടെ കുടിശ്ശിക ലെവിയിലും മൂന്നാം ഘട്ട മൂല്യ വർധിത നികുതിയിലും സന്തോഷ വാർത്ത ഉടനുണ്ടാകുമെന്ന് തൊഴിൽ സാമൂഹിക മന്ത്രി എഞ്ചിനീയർ അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി വ്യക്തമാക്കി. ഞായറാഴ്ച പുതിയ ലേബർ കോടതികൾ ഉദ്ഘാടനം ചെയ്യവേയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം ആശ്രിത ലെവിയുടെ ആദ്യഘട്ടത്തിലുണ്ടായിരുന്ന ചാർജ് മാത്രം നിലനിർത്താനോ അല്ലെങ്കിൽ വർഷം ഒന്നിച്ച് അടക്കുന്നതിന് പകരം പ്രതിമാസം സംഖ്യ അടക്കുന്ന രീതി നടപ്പിലാക്കാനോ ഉള്ള ആവശ്യം മന്ത്രി രാജാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
നീതിന്യായ മന്ത്രാലയത്തിനു കീഴിലെ കോടതികളിൽ എത്തുന്ന തൊഴിൽ കേസുകളുടെ എണ്ണം കുറക്കുന്നതിന് ശ്രമങ്ങൾ നടത്തുന്നതായി തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി വെളിപ്പെടുത്തി. ലേബർ കോടതി ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കക്ഷികൾക്കിടയിൽ അനുയോജ്യമായ തൊഴിൽ സാഹചര്യം സൃഷ്ടിച്ച് കേസുകളുടെ എണ്ണം കുറക്കുന്നതിനാണ് ശ്രമം. വകുപ്പുകളിലും ആനുകൂല്യങ്ങളിലും വ്യത്യാസങ്ങളുള്ള ഏകീകൃത തൊഴിൽ കരാറുകൾ ബാധകമാക്കി തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിനെ കുറിച്ച് പഠിക്കുന്നുണ്ട്. ഇത് തൊഴിൽ തർക്കങ്ങൾ കുറക്കും. സൗദിയിൽ 1.2 കോടിയിലേറെ തൊഴിലാളികളുണ്ട്. ഇത്രയും കൂടുതൽ തൊഴിലാളികളുടെ സാന്നിധ്യം തൊഴിൽ കേസുകൾക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായും എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു.