മഞ്ചേരി- ഓട്ടോ ട്രിപ്പ് വിളിച്ചു വീട്ടിലേക്കു പോകുകയായിരുന്ന സ്‌കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനു ശ്രമിച്ച ഡ്രൈവറെ മഞ്ചേരി സി.ഐ എൻ.ബി ഷൈജു അറസ്റ്റ് ചെയ്തു. വള്ളിക്കാപ്പറ്റ സ്വദേശി ശിഹാബുദ്ദീൻ (32) ആണ് അറസ്റ്റിലായത്. വീട്ടിലേക്കു ഓട്ടോ വിളിച്ചതായിരുന്നു പതിനാലുകാരനായ വിദ്യാർഥി. ഒരു കിലോമീറ്റർ ഓടിയ ശേഷം ഓട്ടോറിക്ഷ നിർമാണത്തിലിരിക്കുന്ന ആളൊഴിഞ്ഞ കെട്ടിടത്തിനടുത്തു നിർത്തുകയായിരുന്നു. തുടർന്നു ബ്ലേഡ് കാണിച്ചു ഭീഷണിപ്പെടുത്തിയ ശേഷം കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനു ശ്രമിക്കുകയായിരുന്നു. കുട്ടി ബഹളം വയ്ക്കുമെന്നു പറഞ്ഞതോടെ ശ്രമം ഉപേക്ഷിച്ച പ്രതി സംഭവം വീട്ടിൽ അറിയിച്ചാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നു കുട്ടിയുടെ പരാതിയിൽ മഞ്ചേരി പോലീസ് പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുത്തി കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഇ.വി റാഫേൽ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.