കാസർകോട് - ആസന്നമായ ഉപതെരഞ്ഞെടുപ്പിന് മുമ്പ് മഞ്ചേശ്വരത്തിന്റെ മുഖം മിനുക്കാൻ വികസന വാഗ്ദാനങ്ങളുമായി സി പി എമ്മും മന്ത്രിയും രംഗത്തു വന്നു. കാലങ്ങളായി മഞ്ചേശ്വരം മണ്ഡലത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ അകറ്റാനുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ച് കൊണ്ട് വോട്ടർമാരെ തങ്ങളുടെ പക്ഷം നിർത്താനാണ് സി പി എമ്മിന്റെ തീവ്രശ്രമം. ജനങ്ങളുടെ വികാരം മനസ്സിലാക്കി വിവിധ പദ്ധതികൾക്ക് മുൻതൂക്കം നൽകി നടപ്പിലാക്കാൻ വികസന സെമിനാറും സി പി എം സംഘടിപ്പിച്ചു. സി പി എം ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ഡോ. വി പി പി മുസ്തഫയാണ് മണ്ഡലത്തിന്റെ മുഖം മിനുക്കാനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
എൽ ഡി എഫ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറിയുടെ ചുമതലയും ഇപ്പോൾ മുസ്തഫയാണ് വഹിക്കുന്നത്. ഇടതുമുന്നണിയുടെ അഭ്യർത്ഥന പ്രകാരം കഴിഞ്ഞ ദിവസം മഞ്ചേശ്വരം സന്ദർശിച്ച ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ആണ് ജനങ്ങൾക്ക് വികസന വാഗ്ദാനം നൽകി മടങ്ങിയത്. പ്രഖ്യാപനങ്ങളെല്ലാം നടപ്പിലാക്കും എന്ന ഉറപ്പും അദ്ദേഹം ജനങ്ങൾക്ക് നൽകുകയുണ്ടായി. മഞ്ചേശ്വരം താലൂക്കിൽ മിനിസിവിൽ സ്റ്റേഷൻ സ്ഥാപിക്കാൻ ഹൊസങ്കടി വിൽപന നികുതി ചെക്ക് പോസ്റ്റിന്റെ നാലേക്കർ ഭൂമി റവന്യൂ വകുപ്പിന് കൈമാറുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ഇതിൽ പ്രധാനമാണ്. ചെക്ക് പോസ്റ്റ് സമുച്ചയം നിർമിക്കാനാണ് ഭൂമി ഏറ്റെടുത്തത്. താലൂക്കിന്റ ആസ്ഥാനമായി ഇവിടെ മിനിസിവിൽ സ്റ്റേഷനും മറ്റും നിർമിക്കാനാകും. എൽഡിഎഫ് മഞ്ചേശ്വരം മണ്ഡലം വികസന സെമിനാറും മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യുകയായുണ്ടായി. 40 കോടിയോളം രൂപ ചെലവിൽ മഞ്ചേശ്വരം താലൂക്കാശുപത്രി ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുന്നതിനും പദ്ധതി തയ്യാറാക്കി.
ഇവിടെ കൂടുതൽ ഡോക്ടർമാരെ നിയമിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആയിരം വിദ്യർത്ഥികളുള്ള അംഗടിമുഗർ, പൈവളികെ ഹയർ സെക്കൻഡറികൾക്ക് കെട്ടിട നിർമാണത്തിന് മൂന്ന് കോടി രൂപ വീതം അനുവദിക്കുമെന്നും പ്രഖ്യാപനമുണ്ടായി. 500 കുട്ടികളുള്ള കടമ്പാർ, വാണിനഗർ സ്‌കൂളുകൾക്ക് ഒരുകോടി രൂപ വീതം നൽകും. മഞ്ചേശ്വരം മണ്ഡലത്തിലെ രണ്ട് പിഎച്ച്സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. ഗോവിന്ദ പൈ സ്മാരകത്തിന് കഴിഞ്ഞ ബജറ്റിൽ രണ്ട് കോടി രൂപ നീക്കിവെച്ചത് ഉടൻ നൽകും. കുമ്പള ഐഎച്ച്്ആർഡി കോളേജിൽ പുതിയ കോഴ്സുകൾ അനുവദിക്കും. മംഗൽപാടിയിൽ സ്റ്റേഡിയം, അടക്ക കർഷകർക്ക് പ്രത്യേക പാക്കേജ് തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കും. ഷിറിയ പുലിമുട്ട് നിർമിക്കുമെന്ന ഫിഷറീസ് മന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കും. മത്സ്യത്തൊഴിലാളികൾക്ക് യുഡിഎഫ് സർക്കാർ പട്ടയം നൽകിയിട്ടും ഭൂമി ലഭിക്കാത്തത്, റോഡുകൾ, ഷിറിയ, ബംബ്രാണ അണക്കെട്ടുകൾ എന്നിവയിൽ തീരുമാനമെടുക്കും. മതിയായ ഇടപെടലില്ലാത്തതിനാലാണ് മണ്ഡലത്തിലെ വികസന പദ്ധതികൾ നടപ്പാകാത്തതെന്ന് മുൻ ഭരണക്കാർക്കെതിരെ മന്ത്രി ആരോപണവും ഉന്നയിച്ചു.
വിവിധ പഞ്ചായത്തുകളിലെ വികസന പ്രശ്നങ്ങൾ പ്രതിനിധികൾ അവതരിപ്പിച്ച ശേഷമാണ് മന്ത്രി സംസാരിച്ചത്. സി എ സുബൈർ, പി ബി മുഹമ്മദ്, എസ് സുധാകര, ബി പുരുഷോത്തമ, അരവിന്ദ, എൻ കെ ജയറാം, കമലാക്ഷ കണില എന്നിവരാണ് പദ്ധതികൾ അവതരിപ്പിച്ചത്. ബി വി രാജൻ,എൽ ഡി എഫ് ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ, അഡ്വ. സി എച്ച് കുഞ്ഞമ്പു, ജില്ലാ സെക്രട്ടറിയറ്റംഗം കെ ആർ ജയാനന്ദ എന്നിവർ പങ്കെടുത്തിരുന്നു.