റിയാദ് - സൗദിയിലെ ഗ്രാമപ്രദേശങ്ങളിലെയും വിദൂര പ്രദേശങ്ങളിലെയും 70 ശതമാനം വീടുകളിലും 2020 ഓടെ സെക്കന്റിൽ 10 എം.ബി വേഗതയുള്ള വയർലെസ് ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, വയർലെസ് ടെലികോം സേവനങ്ങൾ എത്തിക്കുന്നതിന് ലക്ഷ്യമിടുന്നതായി ടെലികോം മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹ പറഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ വയർലെസ് ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, വയർലെസ് ടെലികോം സേവനങ്ങൾ എത്തിക്കുന്നതിനുള്ള പദ്ധതിയുടെ മൂന്നാം ഘട്ടം നടപ്പാക്കുന്നതിന് സൗദി ടെലികോം കമ്പനിയുമായി കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയും സൗദി ടെലികോം കമ്പനിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ടെലികോം മന്ത്രാലയ അണ്ടർ സെക്രട്ടറി എൻജിനീയർ അബ്ദുല്ല അൽകൻഹലും എസ്.ടി.സി വൈസ് പ്രസിഡന്റ് എൻജിനീയർ അബ്ദുല്ല അൽസമാമിയുമാണ് കരാറിൽ ഒപ്പുവെച്ചത്. എസ്.ടി.സി ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ബിൻ ഖാലിദ് രാജകുമാരൻ, കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി ഗവർണർ ഡോ. അബ്ദുൽ അസീസ് അൽറുവൈസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഗ്രാമപ്രദേശങ്ങളിൽ ടെലികോം, വയർലെസ് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന് നിക്ഷേപം നടത്തുന്നതിന് ടെലികോം കമ്പനികളെ പ്രോത്സാഹിപ്പിക്കേണ്ടത് പ്രാധാന്യം അർഹിക്കുന്നതായി മന്ത്രി പറഞ്ഞു. ഡിജിറ്റൽ സാമ്പത്തിക വളർച്ചാ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രധാന പദ്ധതിയാണിത്. സ്വകാര്യ മേഖലയുമായി സഹകരിച്ച് ഗ്രാമപ്രദേശങ്ങളിൽ വയർലെസ് ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, വയർലെസ് ടെലികോം സേവനങ്ങളുടെ വ്യാപനം വേഗത്തിലാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഗ്രാമപ്രദേശങ്ങളിൽ ലഘുവ്യവസ്ഥകളോടെ ടെലികോം മേഖലയിൽ പശ്ചാത്തല വികസന രംഗത്ത് നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കും. ഇതിനാവശ്യമായ പിന്തുണകൾ ഓപ്പറേറ്റർമാർക്ക് നൽകുമെന്നും ടെലികോം മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹ പറഞ്ഞു.
ഗ്രാമപ്രദേശങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കി തുടങ്ങുന്നതിനു മുമ്പ് ഗ്രാമപ്രദേശങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സേവന ലഭ്യത ഒരു ശതമാനത്തിലും കുറവായിരുന്നു. ടെലികോം, ഇന്റർനെറ്റ് സേവനങ്ങളുടെ തുടർച്ചയായ ലഭ്യത ഉറപ്പുവരുത്തുന്നതിന് ഗ്രാമപ്രദേശങ്ങളിൽ ടെലികോം നെറ്റ്‌വർക്കുകളിൽ നിക്ഷേപം നടത്തുന്നതിനെയും മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നു.
പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഗ്രാമപ്രദേശങ്ങളിലെ 4,44,076 ഭവനങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് ലക്ഷ്യമിടുന്നു. റിയാദ്, അൽഖസീം, മക്ക, മദീന, അൽബാഹ, തബൂക്ക്, ജിസാൻ, ഹായിൽ, അസീർ, നജ്‌റാൻ എന്നീ പ്രവിശ്യകളിലെ മൂവായിരത്തിലേറെ ഗ്രാമങ്ങളിലെ ഇരുപത്തിയഞ്ചു ലക്ഷത്തിലേറെ സൗദി പൗരന്മാർക്കും വിദേശികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.