റിയാദ് - പത്തു വർഷത്തിനുള്ളിൽ എണ്ണ, പ്രകൃതി വാതക, കെമിക്കൽ മേഖലകളിൽ 50,000 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ സൗദി അറാംകൊ നടത്തുമെന്ന് കമ്പനി സി.ഇ.ഒ എൻജിനീയർ അമീൻ അൽനാസിർ വെളിപ്പെടുത്തി. പ്രകൃതി വാതക മേഖലയിൽ 16,000 കോടി ഡോളറും കെമിക്കൽ പദ്ധതികളിൽ പതിനായിരം കോടി ഡോളറും മുതൽ മുടക്കും. അവശേഷിക്കുന്ന തുക എണ്ണ വ്യവസായ മേഖലയിൽ മുതൽ മുടക്കും.
മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ പെട്രോകെമിക്കൽ കമ്പനിയായ സൗദി അറേബ്യൻ ബേസിക് ഇൻഡസ്ട്രീസ് കോർപറേഷൻ (സാബിക്) ഓഹരികൾ വാങ്ങുന്നതിന് സൗദി അറാംകൊ മുൻഗണന നൽകുന്നു. സാബിക് ഓഹരികൾ സ്വന്തമാക്കുന്നതിന് ഏഴായിരം കോടിയോളം റിയാൽ ചെലവഴിക്കും. ലോകത്ത് 50 ലേറെ രാജ്യങ്ങളിൽ സാബികിന് സാന്നിധ്യമുണ്ട്. ഇത്രയും വലിയ ഒരു കമ്പനിയുടെ ഓഹരികൾ സൗദി അറാംകൊ സ്വന്തമാക്കുന്നത് യുക്തിസഹമാണ്. സാബികിന്റെ നല്ലൊരു ശതമാനം ഓഹരികൾ സ്വന്തമാക്കുന്നതിലൂടെ ലോകത്തെ വ്യത്യസ്ത വിപണികളിൽ വേഗത്തിൽ പ്രവേശിക്കുന്നതിനാണ് അറാംകൊ ആഗ്രഹിക്കുന്നത്. സാബിക് ഓഹരികൾ സ്വന്തമാക്കുന്നതിന് ആവശ്യമായ പണം കണ്ടെത്തുന്നതിന് ധനമന്ത്രാലയത്തിനു കീഴിലെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുമായി ചർച്ചകൾ നടത്തിവരികയാണ്. ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനാണ് ശ്രമമെന്നും എൻജിനീയർ അമീൻ അൽനാസിർ പറഞ്ഞു.
ആഗോള തലത്തിൽ പെട്രോകെമിക്കൽ ഉൽപന്നങ്ങൾക്കുള്ള ആവശ്യം റെക്കോർഡ് നിലയിൽ വർധിക്കുമെന്ന കണക്കുകൂട്ടലിലാണ് സാബിക് ഓഹരികൾ സ്വന്തമാക്കുന്നതിന് അറാംകൊ ശ്രമിക്കുന്നത്. അസംസ്‌കൃത എണ്ണക്കുള്ള ആവശ്യം മറ്റേതൊരു മേഖലയെയും അപേക്ഷിച്ച് പെട്രോകെമിക്കൽ മേഖലയിൽ നിന്നാണ് ഏറ്റവുമധികം വർധിക്കുകയെന്നും പ്രതീക്ഷിക്കപ്പെടുന്നു.