കോട്ടയം - ശബരിമല വിഷയം കത്തി നിൽക്കുന്നതിനിടെ പി.സി.ജോർജിന്റെ ജനപക്ഷം പൂഞ്ഞാറിൽ സി.പി.എം ബന്ധം ഉപേക്ഷിച്ചു. ബി.ജെ.പിയുമായി ചേർന്ന് അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. മതവിശ്വാസങ്ങളെ തകർക്കുന്ന സിപിഎമ്മുമായി ഭരണം പങ്കിടാനാവില്ലെന്ന് ജനപക്ഷം അറിയിച്ചു.
ഇതെ തുടർന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ ജനപക്ഷാംഗത്തിന് കോൺഗ്രസിന്റെയും ബിജെപിയുടെയും പിന്തുണ ലഭിച്ചു. സിപിഎമ്മുമായുള്ള ബന്ധം വേണ്ടെന്ന് വെച്ച് ജനപക്ഷം രാജിവെച്ച വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
വളതൂക്ക് ഒൻപതാം വാർഡംഗം ലീലാമ്മ ചാക്കോയാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 13 അംഗപഞ്ചായത്തിൽ 12 പേർ വൈസ് പ്രസിഡന്റ് വോട്ടെടുപ്പിൽ പങ്കെടുത്തു. ബിജെപിയുടെയും കോൺഗ്രസിന്റെയും അടക്കം ഏഴു വോട്ടുകൾ ലീലാമ്മയ്ക്ക് ലഭിച്ചു. സിപിഎമ്മിനുവേണ്ടി മത്സരിച്ച ഗീതാ നോബിളിന് അഞ്ചു വോട്ടുകളാണ് ലഭിച്ചത്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോട് പോലീസ് സുരക്ഷ ഒരുക്കിയിരുന്നു.
ജനപക്ഷവും സിപിഎമ്മും ഒന്നിച്ച് ഭരിച്ചിരുന്ന പഞ്ചായത്തിൽ പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക് വിഷയമാണ് ജനപക്ഷത്തിന്റെ നീരസത്തിന് കളമൊരുക്കിയത്. ഇതോടെ അകന്ന ജനപക്ഷം ശബരിമല, ബിഷപ്പ് വിഷയങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വാസികൾക്കൊപ്പം എന്ന നിലപാട് സ്വീകരിച്ചു. തുടർന്ന് സിപിഎം പിന്തുണ ഉപേക്ഷിച്ച് ജനപക്ഷത്തിന്റെ വൈസ് പ്രസിഡന്റ് ലിസമ്മ രാജിവച്ചു.
മതവിശ്വാസങ്ങളെ തകർക്കുന്ന നിലപാടുകളുമായി മുന്നോട്ട് പോകുന്ന സി.പി.എം ഭരണം പങ്കിടാനില്ലെന്ന് കേരള ജനപക്ഷം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേശ് ബി. വെട്ടിമറ്റത്തിനെതിരെ ജനപക്ഷത്തിന്റെ നേതൃത്വത്തിൽ അവിശ്വാസത്തിന് നോട്ടീസ് നൽകി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിക്കുന്ന മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഇത് ആവർത്തിക്കുമെന്ന് ജനപക്ഷം നേതാക്കൾ അറിയിച്ചു. ഭരണ സമിതിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രസിഡന്റ് രമേശ് വെട്ടിമറ്റം രാജി നൽകി രാഷ്ട്രീയ മര്യാദ കാണിക്കണമെന്നും ജനപക്ഷം നേതാക്കൾ ആവശ്യപ്പെട്ടു.