Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'ഒക്കച്ചങ്ങായി'യുടെ  'ഗിരിവാസൻ'

ആവർത്തിക്കപ്പെടുന്ന സംഘർഷ വാർത്തകൾ കാണാനാവില്ലെന്ന് കണ്ട് സഫാരി ചാനലിന്റെ ഫാനായ മലയാളി പ്രേക്ഷകർ ധാരാളമാണ്. ശബരിമലയിലെത്തിയ സ്ത്രീയെ തടഞ്ഞു, പോലീസ് നിയന്ത്രണം അതിര് കടക്കുന്നു, നാമജപക്കാരെ പിടികൂടി എന്നത്  പോലുള്ള വാർത്തകൾ നോൺ സ്റ്റോപ്പ് ലൈവായി വരുന്നത് കാണേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്. 
മാതൃഭൂമി ന്യൂസിന്റെ നല്ല വാർത്ത വ്യാഴാഴ്ച ആദ്യം പറഞ്ഞത് കോഴിക്കോട് നഗരത്തിൽ ഒരു ട്രെന്റായി മാറിയ ഫുട്‌ബോൾ കളിക്കളങ്ങളെ കുറിച്ചാണ്. മികച്ച സെലക്ഷനാണിത്. കെട്ട കാലത്ത് സാധാരണ മനുഷ്യർ കാണാനും കേൾക്കാനും ആഗ്രഹിക്കുന്ന ഒന്നാന്തരം വാർത്ത. 
കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ചെറുതെങ്കിലും സൗകര്യം  കൂടുതലുള്ള കളിസ്ഥലങ്ങൾ ഒരുക്കിയിരിക്കുന്നു. രാവിലെ മുതൽ പാതിരാ വരെ കളിക്കാൻ സംഘങ്ങളെത്തുന്നു. വിദ്യാർഥികൾ മുതൽ ഓഫീസർമാർ, വ്യാപാരി-വ്യവസായികൾ വരെ. മഴയത്തും വെയിലത്തും കളിക്കാം. ഇന്ത്യൻ ഫുട്‌ബോളിന് പ്രതീക്ഷയ്ക്ക് വക നൽകുന്ന ഒന്ന്. ജീവിതശൈലി രോഗങ്ങളിൽനിന്ന് ആശ്വാസം പകരാനും നിത്യേനയുള്ള വ്യായാമം സഹായകമാവുന്നു. കോഴിക്കോടിന്റെ ഉത്തമ മാതൃക കേരളത്തിലെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചിരുന്നുവെങ്കിൽ എന്ന പ്രത്യാശയോടെയാണ് നല്ല വാർത്തയുടെ ആദ്യ ഭാഗം അവസാനിച്ചത്. 
***    ***    ***

തലശ്ശേരി-വടകര  താലൂക്കുകളിൽ പ്രചാരത്തിലുള്ള ചില പ്രയോഗങ്ങളുടെ അർഥം മറ്റുള്ളവർക്ക് പെട്ടെന്ന് മനസ്സിലായി കൊള്ളണമെന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ പേര് സൂചിപ്പിക്കുന്നത് പോലെ തലശ്ശേരിയ്ക്കടുത്ത പിണറായി സ്വദേശി. ഇന്ത്യയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം പിറന്ന നാട്. അദ്ദേഹത്തിന്റെ പത്‌നി വടകരയ്ക്കടുത്ത ഒഞ്ചിയത്തുകാരിയും. അനന്തപുരിയിലെ പത്രസമ്മേളനത്തിൽ കോൺഗ്രസിന്റെ അവസ്ഥയെ  പറ്റി സൂചിപ്പിക്കാൻ മുഖ്യമന്ത്രി ഒക്ക ചങ്ങായി എന്ന വാക്കാണ് പ്രയോഗിച്ചത്. സോഷ്യൽ മീഡിയയിൽ ഇത് വലിയ  ചർച്ചയായി. 'ഇവര് ഈ കോൺഗ്രസുകാര് ബിജെപിയുടെ 'ഒക്ക ചങ്ങായി' ആയി നടക്കുകയാണല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്. വടക്കേ മലബാറിലെ മേൽപറഞ്ഞ സ്ഥലങ്ങളിൽ വിവാഹ നാളിൽ കല്യാണച്ചെറുക്കന്റെ സുഹൃദ്പദവി ഏറ്റെടുക്കുന്നയാളെ വിളിക്കുന്ന പേരാണ് ഒക്ക ചങ്ങായി. സാദാ ചങ്ങായി അല്ല. ചെറുക്കൻ കുളിച്ച് കുപ്പായമിടുന്ന സമയം തൊട്ട് ഇയാൾ ഒപ്പമുണ്ടാകും. മണവാളന് പൗഡറൊക്കെ ഇട്ട് കൊടുക്കുന്നത് ഈ ചങ്ങായി  ആയിരിക്കും. അലക്കി വെച്ച ഉടുപ്പൊക്കെ എടുത്ത് കൊടുക്കും. ഷർട്ടിന്റെ ബട്ടണിട്ടു കൊടുക്കുക, കല്യാണമണ്ഡപം വരെ ഒപ്പം നടക്കുക, ആൾക്കൂട്ടത്തെ കണ്ട് പുയ്യാപ്ലയ്ക്ക് സഭാ കമ്പം വരുമ്പോൾ  ചെറിയ തമാശയൊക്കെ പറഞ്ഞ് ആളെ ഊർജ്ജിതപ്പെടുത്തിയെടുക്കുക ഇതൊക്കെയാണ്  ഒക്ക ചങ്ങായിയുടെ ഡ്യൂട്ടി. എന്ന് വെച്ചാൽ ഒരാളുടെ ജീവിതത്തിലെ ഏറ്റവും നിർണായക ദിവസങ്ങളിലൊന്നിൽ ഓരോ നിമിഷവും ഒപ്പം നടക്കുന്ന ചങ്ങായി. കോൺഗ്രസ് ബിജെപിക്ക് അതാണ് എന്ന് പിണറായി നൈസായിട്ടങ്ങ് പറഞ്ഞ് പോയെങ്കിലും മാരകമായൊരു പരിഹാസമാണ്. നൂറ് നവോത്ഥാന പ്രഭാഷണങ്ങളേക്കാൾ കുറിക്ക് കൊള്ളുന്നതാണ് ഇത്തരം പ്രയോഗങ്ങൾ. 

***    ***    ***

സോഷ്യൽ മീഡിയയിൽ വൈറലായി ഒ. രാജഗോപാൽ എംഎൽഎയുടെ പ്രസംഗം. ശബരിമലയിൽ നട അടച്ചതിന് ശേഷം നാമജപ പ്രതിഷേധം നടത്തിയ സംഘപരിവാർ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന് പിറ്റേന്ന് രാജഗോപാൽ നടത്തിയ പ്രസംഗമാണ് ആളുകളെ രസിപ്പിച്ച് മുന്നേറുന്നത്. തിരുവനന്തപുരത്ത് ബിജെപി കൗൺസിലർമാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ ധർണ ഉദ്ഘാടനമായിരുന്നു വേദി. 
'ശബരിമലയിൽ ഭക്തന്മാർ ദുരിതമനുഭവിക്കുന്ന ഗതികേടിലാണ്. ഇന്നലെ രാത്രി നിങ്ങളത് ടിവിയിൽ കണ്ടില്ലേ. അവിടെ രാത്രി പത്തരയ്‌ശേഷം വെയ്ക്കുന്ന എന്ത് വാസനമാണ് ഗിരിവാസൻ. ഏ എന്ത് ആ ഹരിവരാസനം പാടിയ ശേഷം അവിടെയുള്ള ഭക്തന്മാരെ അടിച്ചോടിക്കുകയാണ് പോലീസ്' എന്നായിരുന്നു പ്രസംഗം. ചിരിപടർത്തുന്ന രാജഗോപാലിന്റെ  പ്രസംഗം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 'നട അടയ്ക്കുന്നതിന് മുൻപ് യേശുദാസ് പാടുന്ന ഒരു പാട്ടുണ്ടല്ലോ മക്കളേ അതെന്തുവാ... എന്നാണ് വീഡിയോയ്ക്ക് കമൻറായി ചിലർ ഫേസ്ബുക്കിൽ പങ്കുവെച്ചത്. നോട്ടുകെട്ടുകൾ നിറച്ച പാക്കിസ്ഥാൻ കപ്പലിനേക്കാൾ എത്ര ഭേദം? 

***    ***    ***

ഇതുവരേയും ശബരിമല സന്ദർശിച്ചിട്ടില്ലാത്ത ശശികല ഇത്തവണ ആദ്യമായാണ് എത്തിയത്. അത് പ്രാർത്ഥിക്കാൻ അല്ലെന്നും ശബരിമലയെ സംഘർഷഭൂമിയാക്കാനുളള ലക്ഷ്യത്തോടെയുളള വരവാണെന്നുമാണ് വിമർശനം. നിരോധനാജ്ഞ നിലനിൽക്കുന്ന സന്നിധാനത്തേക്ക് പോകാനുളള ശശികലയുടെ നീക്കത്തിന് അറസ്റ്റിലൂടെ പോലീസ് തടയിട്ടു. ശശികലയെ വെള്ളപൂശാൻ രാഹുൽ ഈശ്വർ കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിന്റെ എഡിറ്റേഴ്‌സ് അവറിൽ ഒരു ശ്രമം നടത്തുകയുണ്ടായി. അറസ്റ്റ് ചെയ്തതിന് രണ്ട് ദിവസം ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടുളള പ്രതിഷേധം ആണോ ആചാരസംരക്ഷകർ എന്ന് അവകാശപ്പെടുന്ന നിങ്ങൾ ഉദ്ദേശിച്ചത് എന്നതായിരുന്നു രാഹുൽ ഈശ്വറിനോട് അപർണയുടെ ചോദ്യം. ആർഎസ്എസ് മാത്രമല്ല, ബിജെപിയും എൻഎസ്എസും കോൺഗ്രസും വന്നത് സാധാരണ വിശ്വാസികൾക്ക് ഊർജവും ആവേശവുമാണ് എന്ന് രാഹുൽ ഈശ്വർ മറുപടി പറഞ്ഞു. അപർണയുടേയും തന്റെയും അമ്മയാകാനുളള പ്രായമുളള വ്യക്തിയാണ് ശശികല ടീച്ചർ. ഒന്നുകിൽ ശ്രീമതി ശശികല എന്ന് വിളിക്കുക, അല്ലെങ്കിൽ ശശികല ടീച്ചർ എന്ന് വിളിക്കുക എന്ന് രാഹുൽ പഠിപ്പിച്ചു കൊടുത്തു. വർഗീയ വിഷം വിളമ്പുന്ന, നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഒരാളെ അത്രയധികം ബഹുമാനത്തോടെ അഭിസംബോധന ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നാണ് അപർണ മറുപടി നൽകിയത്. സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന, മതവിദ്വേഷം പടർത്തുന്ന പ്രസംഗങ്ങൾ മാത്രം പറയുന്ന ഒരു സ്ത്രീ, അങ്ങനെ പറഞ്ഞാൽ മതി ശശികലയെ എന്നും അപർണ തുറന്നടിച്ചു. 

***    ***    ***

മലയാള സിനിമ കണ്ട മികച്ച താരജോഡികളിലൊന്നാണ് മോഹൻലാലും ശോഭനയും.  ഈ കൂട്ടുകെട്ടിൽ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ പിറന്നിട്ടുണ്ട്. ഇരുവരും മത്സരിച്ചഭിനയിച്ച സിനിമകളിൽ മിക്കതും ഇന്നും പ്രേക്ഷകർ കാണാൻ ഇഷ്ടപ്പെടുന്നു. മിന്നാരം, പവിത്രം, പക്ഷെ, തേന്മാവിൻ കൊമ്പത്ത്, ടി.പി ബാലഗോപാലൻ എംഎ, വെള്ളാനകളുടെ നാട്, ഉള്ളടക്കം, മായാമയൂരം, നാടോടിക്കാറ്റ് തുടങ്ങി ഇരുവരുടേയും ഒന്നിച്ചഭിനയിച്ച നിരവധി ചിത്രങ്ങൾ ഇന്നും മലയാളികളുടെ ഹിറ്റ് ലിസ്റ്റിലുണ്ട്. ഇരുവരും വിവാഹിതരാകുമെന്ന് അക്കാലത്ത് ഗോസിപ്പുകൾ  ഉണ്ടായിരുന്നു. മോഹൻലാൽ-സുചിത്ര വിവാഹം കഴിഞ്ഞപ്പോൾ അവിവാഹിതയായി തുടരാനാണ് ശോഭന തീരുമാനിച്ചത്. 
കഴിഞ്ഞ ദിവസം എൺപതുകളിലെ താരങ്ങളുടെ ഒത്തു ചേരലായ ക്ലാസ് ഓഫ് 80' നടന്നിരുന്നു. ഈ ഒത്തു ചേരലിൽ സിനിമാ ഫാൻസ് ഏറ്റവും അധികം അന്വേഷിച്ചത്  മോഹൻലാലും ശോഭനയും ഒരുമിച്ചുള്ള ഫോട്ടോയായിരുന്നു. ഫേസ്ബുക്കിലൂടെ ശോഭന ഇത് പങ്കുവെച്ചു. 'നിങ്ങൾ ചോദിച്ച ചിത്രമിതാ, കുറച്ചു ദിവസം വൈകിപ്പോയതിൽ ക്ഷമ ചോദിക്കുന്നു,' എന്നു പറഞ്ഞു കൊണ്ടാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം ശോഭന ഷെയർ ചെയ്തത്. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധി ലൈക്കുകളും കമന്റുകളും എത്തി. എൺപതുകളിലെ താരങ്ങളുടെ സൗഹൃദ കൂട്ടായ്മയാണ് ക്ലാസ് ഓഫ് 80. സുഹാസിനിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഈ കൂട്ടായ്മ വർഷം തോറും  ഒത്തുകൂടാറുണ്ട്.
***    ***    ***

സിനിമ- നാടക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കെ.ടി.സി അബ്ദുല്ല വിട പറഞ്ഞത് പിന്നിട്ട വാരത്തിലാണ്.  1977ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. കോഴിക്കോട് ലൊക്കേഷനായി  ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് നിർമിച്ച ചിത്രങ്ങളിലെല്ലാം ചെറിയ റോളിലെങ്കിലും അബ്ദുല്ലയുണ്ടാവാറുണ്ടായിരുന്നു. 
സംഗം, പുഷ്പ, കൽപക, ശ്രീ തിയേറ്ററുകളിൽ ഗൃഹലക്ഷ്മിയുടെ പടങ്ങളുടെ പ്രിവ്യൂ ഷോ നടക്കുമ്പോൾ നിർമാതാവ് പി.വി.ജിയ്‌ക്കൊപ്പമുണ്ടാവാറുള്ള അബ്ദുല്ല നഗരത്തിലെ മാധ്യമ പ്രവർത്തകരുടെ ഉറ്റമിത്രമാണ്. 1959ലാണ് കെ. അബ്ദുല്ല കെ.ടി.സിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. അതോടെയാണ് കെ.ടി.സി അബ്ദുല്ല എന്ന് പേര് വന്നത്. നാടകങ്ങളിലൂടെയാണ് അബ്ദുല്ല അഭിനയരംഗത്തെത്തിയത്. 
ഷാനു സമദ് സംവിധാനം ചെയ്യുന്ന മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിൽ  പ്രധാന വേഷത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടെയാണ്  അന്ത്യം. 

***    ***    ***

2018ൽ ലോകത്തെ സ്വാധീനിച്ച ബി.ബി.സി തയാറാക്കിയ 100 സ്ത്രീകളുടെ പട്ടികയിൽ കോഴിക്കോട്ടുകാരിയും. കോഴിക്കോട് കേന്ദ്രമായി  പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയായ പെൺകൂട്ടിന്റെ പ്രവർത്തക വിജിയാണത്. പട്ടികയിൽ 73ാം സ്ഥാനത്താണ് വിജി. ജോലി സമയങ്ങളിൽ ഇരിക്കാനുള്ള അവകാശത്തിനുൾപ്പെടെ സെയിൽസ് ഗേൾസിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങളാണ് ലോകത്തിന് പ്രചോദനം നൽകുന്ന പ്രവർത്തനങ്ങളായി ബിബിസി വിലയിരുത്തിയത്.അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടു വരികയും അവരുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സംഘടനയാണ് പെൺകൂട്ട്. 2009-10 കാലത്താണ് പെൺകൂട്ട് രൂപം കൊണ്ടത്. തുടക്കം മുതൽ തന്നെ പെൺകൂട്ടിന്റെ അമരത്തുണ്ടായിരുന്നയാളാണ് വിജി. കോഴിക്കോട് മിഠായി തെരുവിൽ സ്ത്രീകൾക്കായി ടോയ്‌ലറ്റ് സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിലൂടെയാണ് പെൺകൂട്ട് ശ്രദ്ധയാകർഷിച്ചത്. 60ലേറെ രാജ്യങ്ങളിലുള്ള സ്ത്രീകളാണ് പട്ടികയിൽ ഇടംനേടിയത്. നെജീരിയയിലെ സോഷ്യൽ ഇംപാക്ട് എന്റർപ്രനറായ അബിസോയെ അജായിഅകിൻഫോളാറിനാണ് പട്ടികയിൽ ഒന്നാമതായി ഇടംനേടിയത്. വെബ്‌സൈറ്റുകൾ എങ്ങനെ കോഡു ചെയ്യണം, ഡിസൈൻ ചെയ്യണം, നിർമ്മിക്കണം എന്നു പെൺകുട്ടികളെ പഠിപ്പിക്കാനായി രൂപം കൊണ്ട ഗേൾസ് കോഡിങ് എന്ന എൻ.ജി.ഒയുടെ സ്ഥാപകയാണ് അബിസോയെ. വിജിയുൾപ്പെടെ ഇന്ത്യയിലെ മൂന്ന് സ്ത്രീകളാണ് പട്ടികയിൽ ഇടംനേടിയത്.

Latest News