ദമാം - ഖത്തീഫ് ഭീകരാക്രമണത്തിനിടെ സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കമുള്ള നാട്ടുകാരുടെ ജീവൻ രക്ഷിക്കുന്നതിന് ഊന്നൽ നൽകിയ സുരക്ഷാ ഭടന്മാർക്ക് പ്രശംസ. ഏറ്റുമുട്ടലിനിടയിൽ പെട്ടവരെ സുരക്ഷാ സൈനികർ തങ്ങളുടെ കവചിത വാഹനങ്ങളിലേക്ക് സുരക്ഷിതരായി നീക്കുകയായിരുന്നു. ഏറ്റുമുട്ടൽ പൂർണമായും അവസാനിച്ച് പ്രദേശം സുരക്ഷിതമാക്കിയ ശേഷമാണ് ഇവരെ കവചിത വാഹനങ്ങളിൽ നിന്ന് സുരക്ഷാ സൈനികർ പുറത്തിറക്കിയത്. സ്വന്തം ജീവൻ പോലും തൃണവൽഗണിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിന് സ്‌പെഷ്യൽ എമർജൻസി ഫോഴ്‌സ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. സൈനികർ നാട്ടുകാരെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോ ക്ലിപ്പിംഗുകളും സാമൂഹികമാധ്യമ ഉപയോക്താക്കൾ വ്യാപകമായി പങ്കുവെച്ചു.