യുഎഇയിലുള്ളവര്‍ക്ക് ആശ്വാസമായി ഈ വര്‍ഷത്തെ ഏറ്റവും നീണ്ട വാരാന്ത്യം വരാനിരിക്കുകയാണ്. ഡിസംബറില്‍ 47-ാം ദേശീയ ദിനവും വാരാന്ത്യ അവധി ദിവസങ്ങളും അടുത്തടുത്തായി വരുന്നതോടെ തിരക്കു പിടിച്ച ജോലികളില്‍ നിന്നും ഔദ്യോഗിക ഓട്ടങ്ങളില്‍ നിന്നും മാറി നാലു ദിവസം വരെ അവധിയാഘോഷിക്കാന്‍ ലഭിക്കും. വെള്ളിയാഴ്ച വാരാന്ത്യ അവധി ദിവസമാണ്. ദേശീയ ദിനമായ ഡിസംബര്‍ രണ്ട് ഞായറാഴ്ചയാണ്. തിങ്കളാഴ്ചയും സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയില്‍ വരുന്ന ശനിയാഴ്ച കൂടി അവധിയെടുത്താന്‍ നാലു ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. ഈ ദിവസങ്ങള്‍ ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളെ കൂട്ടിയോ കുറഞ്ഞ ചെലവില്‍ യുഎഇയില്‍ നിന്നും കാറോടിച്ചു പോകാവുന്ന അഞ്ച് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇവയാണ്.
1. സലാല, ഹത്ത (ഒമാന്‍)
ഒമാനിലെ ഏറ്റവും പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമാണ് കേരളത്തോട് ഏറെ സാമ്യമുള്ള സലാല. മണ്‍സൂണ്‍ മഴയും വാഴത്തോട്ടങ്ങളും തെങ്ങുകളുമെല്ലാം സലാലയുടെ പ്രത്യേകതയാമ്. എങ്ങും കാണുന്ന പച്ചപ്പ് യുഎഇയിലെ നഗരത്തിരക്കുകളില്‍ നിന്ന് തീര്‍ച്ചയായും വേറിട്ടൊരു കാഴ്ചയാകും. മനോഹര ബീച്ചുകളുമുണ്ടിവിടെ. പ്രകൃതി സ്‌നേഹികളുടെ ഇഷ്ട നാടാണ്. കാറില്‍ യുഎഇയില്‍ നിന്ന് ഒരു ദിവസം പോലും വേണ്ട ഇവിടെ എത്താന്‍. വഴിമധ്യേ മനോഹരമായ ദോഫാര്‍ പര്‍വത നിരയും കാണാം. ഒന്നു കൂടി അടുത്ത ഇടമാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ ഹത്തയാണ് മികച്ച ഇടം. അതിമനോഹരമായ ഒരു പൈതൃക ഗ്രാമമാണിത്. പതിനെട്ടാം നൂറ്റാണ്ടിലെ രണ്ടു സൈനിക ടവറുകളും ഇവിടുത്തെ മുഖ്യ അകര്‍ഷണമാണ്.
2. മുസന്‍ദം (ഒമാന്‍)
ഒമാനിലെ ഒരു ഉപദ്വീപായ മുസന്‍ദമും തലസ്ഥാനമായ തുറമുഖ പട്ടണം ഖസബും അറേബ്യയുടെ നോര്‍വെ എന്നാണ് അറിയപ്പെടുന്നത്. നീല നിറത്തില്‍ വിളങ്ങുന്ന കടലും കുത്തനെയുള്ള പാറക്കെട്ടുകളും തീരങ്ങളിലെ കൊച്ചു ഉള്‍ക്കടലുകളും അറേബ്യയിലെ തന്നെ അപൂര്‍വ കാഴ്ചയാണ്. ഡോള്‍ഫിനുകളെ ഇവിടെ കാണാം. കടലില്‍ മുങ്ങാനും നീന്താനുമുള്ള സൗകര്യങ്ങളും ഇവിടെ ഉണ്ട്. ഇതിനു വേണ്ടി മാത്രം ഇവിടെ എത്തുന്നവരും ധാരാളം.
3. ജബല്‍ ജൈസ് (റാസല്‍ഖൈമ)
റാസല്‍ഖൈമയിലെ ജബല്‍ ജൈസ് യുഎഇയിലുള്ളവരുടെ സ്ഥിരം അവധി ദിന കേന്ദ്രമാണ്. ലോകത്തെ ഏറ്റവും നീളമേറിയ സിപ് ലൈന്‍ കൂടി ഇവിടെ സ്ഥാപിതമായതോടെ യുഎഇക്കു പുറമെ ഗള്‍ഫ് മേഖലയിലെ തന്നെ സാഹസിക പ്രേമികളായ വിനോദ സഞ്ചാരികളുടെ മുഖ്യ കേന്ദ്രമായി ഈ പര്‍വ്വതം മാറി. ആഢംബര ക്യാമ്പുകളും മൗണ്ടന്‍ ബൈക്കിങ് പാതകളും താമസിയാതെ ഇവിടെ വരുന്നുണ്ട്.
4. ദിബ്ബ (ഫുജൈറ)
ദുബായില്‍ നിന്നും വളരെ എളുപ്പം എത്താവുന്ന വിനോദ നഗരമാണ് ദിബ്ബ. ഹജര്‍ പര്‍വ്വതനിരയുടെ മനോഹര കാഴ്ചയും ചരിത്രവും ഫുജൈറ കോട്ടയും അല്‍ ബിദായ പള്ളിയും എ്ല്ലാം ഇവിടുത്തെ മുഖ്യ ആകര്‍ഷണങ്ങളാണ്. ഏല്ലാതരം സന്ദര്‍ശകര്‍ക്കുമുള്ളത് ഈ നഗരത്തിലുണ്ട്. യുഎഇയിലെ പഴക്കമേറിയ ചരിത്ര സ്്മാരകങ്ങളാണ് ഫുജൈറ ഫോര്‍ട്ടും അല്‍ ബിദായ പള്ളിയും. ഫുജൈറയിലെ മറ്റൊരു ആകര്‍ഷണമാണ് ഐന്‍ അല്‍ മദ്ഹബ്. സ്‌കൂബാ ഡൈവിങിനും കടലില്‍ മുങ്ങാനും മികച്ച സൗകര്യങ്ങളും ഇവിടെയുണ്ട്.
5. ലിവ മരുപ്പച്ച (അബുദബി)
കോട്ടം തട്ടാത്ത ലോകത്തെ ഏറ്റവും വലിയ മണല്‍കൂനയായ റുബല്‍ ഖാലിയുടെ ഓരത്തെ അത്ഭുതമാണ് ലിവ ഒയാസിസ്. തല്‍ മുരീബ് മണല്‍ കൂനയും ഇവിടെയാണ്. അതിമനോഹര മണല്‍പരപ്പുകളും പാളികളുമുള്ള ഈ പ്രദേശം മരുഭൂമിയിലേ കാറോട്ട സാഹസികരുടെ ഇഷ്ട ഇടം കൂടിയാണ്.