-
കാമുകിക്ക് മൊറോക്കോയില്‍ ഭര്‍ത്താവും മക്കളും
അബുദബി- അല്‍ ഐനില്‍ കാമുകനെ കൊലപ്പെടുത്തി മാംസം വേവിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. പ്രതിയായ കാമുകിക്ക് ഭര്‍ത്താവും രണ്ടും മക്കളുമുണ്ടെന്നും അവര്‍ സ്വദേശമായ മൊറോക്കോയിലാണെന്നും യുവതിയുടെ അഭിഭാഷകന്‍ ഖാലിദ് ബിന്‍ജുംഹൂര്‍ അല്‍ അഹ്ബാബി പറഞ്ഞു. കൊല്ലപ്പെട്ട യുവാവും പ്രതി കാമുകിയും മൊറോക്കോ പൗന്മാരാണ്. വിവാഹിതയായ യുവതി പത്ത് വര്‍ഷത്തോളമായി യുഎഇയില്‍ തയ്യല്‍ക്കാരിയായി ജോലി ചെയ്തു വരികയാണ്. മറ്റൊരു ഷോപ്പില്‍ തയ്യല്‍ക്കാരനായ മൊറോക്കന്‍ യുവാവുമായി ഇവര്‍ ഏഴു വര്‍ഷം മുമ്പാണ് അടുപ്പത്തിലായത്. 29കാരനായ ഈ യുവാവ് അവിവാഹിതനായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് 37കാരിയായ യുവതി കാമുകനെ കൊലപ്പെടുത്തിയത്.
സംഭവ ദിവസം രാത്രി വൈകുവോളം കാമുകനും സുഹൃത്തുക്കള്‍ക്കുമൊപ്പം അവരുടെ വീട്ടിലാണ് യുവതി ചെലവിട്ടത്. ശേഷം പുലര്‍ച്ചെ മൂന്നു മണിയോടെ യുവാവ് കാമുകിയെ അവരുടെ വീട്ടില്‍ കൊണ്ടു വിട്ടതായാണ് ദൃക്‌സാക്ഷികള്‍ കോടതിയില്‍ നല്‍കിയ മൊഴി. ഇതേ ദിവസം തന്നെ ഉച്ച ഭക്ഷണത്തിന് യുവാവ് കാമുകിയെ വീണ്ടും ക്ഷണിച്ചു. ഇതു സ്വീകരിക്കുകയും വീട്ടിലെത്തിയ കാമുകിയെ യുവാവ് ജബല്‍ ഹഫീത്തിലേക്ക് കൂടെ വരാന്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ പുതിയ ഫ്‌ളാറ്റിലേക്ക് മാറുന്ന തിരക്കില്‍ വീട്ടുപകരണങ്ങളെല്ലാം അവിടേക്ക് മാറ്റേണ്ടതിനാല്‍ കാമുകി പോകാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ കൂടെ വരണമെന്ന് യുവാവ് വാശി പിടിച്ചതോടെ കലഹം അടിപിടിയിലെത്തി. യുവാവാണ് തന്നെ ആദ്യം ആക്രമിച്ചതെന്നാണ് യുവതി മൊഴി നല്‍കിയത്. തന്നെ മര്‍ദിക്കുകയും അവഹേളിക്കുകയും ചെയ്തു. മുഖത്തടിക്കുകയും മുടിപിടിച്ച് വലിക്കുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു. ഈ കലഹത്തിനിടെ നിലത്ത് വീണു കിടക്കുന്ന കത്തി കണ്ട യുവതി അതെടുത്ത് യുവാവിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. രക്തം കണ്ട് പരിഭ്രാന്തയായ യുവതി എന്തു ചെയ്യണമെന്നറിയാതെ പകച്ചു. യുവാവ് മരിച്ചതോടെ പോലീസ് അറിയുന്നതിനു മുമ്പ് തെളിവ് നശിപ്പിച്ച് രക്ഷപ്പെടാന്‍ യുവതി കണ്ടെത്തിയ മാര്‍ഗമായിരുന്നു മൃതദേഹം വെട്ടി നുറുക്കി വേവിക്കല്‍.
സംഭവം നടന്ന ശേഷം യുവാവിനെ കാണാതായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയതോടെയാണ് കഥ പുറത്താകുന്നത്. കാണാതാകുന്നതിനു മുമ്പ് യുവാവിനെ അവസാനമായി കണ്ടയാള്‍ കാമുകി മാത്രമാണെന്ന് വ്യക്തമായതോടെ ഇവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് നടന്ന സംഭവങ്ങളെല്ലാം വെളിച്ചത്തായത്. തെളിവുകള്‍ പോലീസ് ഹാജരാക്കിയതോടെ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു.
വിശദീകരണവുമായി അബുദബി പോലീസ്
അതേസമയം കോടതി പരിഗണനയിലുള്ള ഈ കേസ് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ സംബന്ധിച്ച് അബുദബി പോലീസ് വിശദീകരണവുമായി രംഗത്തെത്തി. കാമുകനെ കൊന്ന യുവതി മാംസം വേവിച്ച് അല്‍ ഐനിലെ തൊഴിലാളികള്‍ക്കു വിളമ്പി എന്ന തരത്തില്‍ പ്രചരിക്കുന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ശരിയല്ലെന്നും പോലീസ് വ്യക്തമാക്കി. മൃതദേഹം വേവിച്ച് യുവതി ആരേയും ഭക്ഷിപ്പിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം പങ്കുവച്ചാല്‍ മതിയെന്നും പോലീസ് നിര്‍ദേശിച്ചു. സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിവരുന്ന അന്വേഷണത്തെ ഇത്തരം ഊഹാപോഹങ്ങള്‍ ബാധിച്ചേക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.