തിരുവനന്തപുരം - ജലവിഭവ മന്ത്രി മാത്യു ടി. തോമസ് രാജി വെച്ചു. രാവിലെ എട്ടരയോടെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറി. ജെ.ഡി.എസ് ദേശീയനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് രാജി. പാർട്ടിയിലെ ധാരണപ്രകാരം കെ കൃഷ്ണൻകുട്ടി പകരം മന്ത്രിയാകും. രണ്ടര വർഷത്തിനു ശേഷം മന്ത്രിസ്ഥാനം വെച്ചുമാറാമെന്ന് ജെ.ഡി.എസ് കേരളാ ഘടകത്തിലെ ഇരു വിഭാഗങ്ങൾ തമ്മിൽ ധാരണ ഉണ്ടായിരുന്നു. രണ്ടാം തവണയാണ് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് മാത്യു ടി. തോമസിന് മന്ത്രിസ്ഥാനത്തുനിന്ന് ഒഴിയേണ്ടിവരുന്നത്.
അതേസമയം പാർട്ടി അധ്യക്ഷസ്ഥാനം എന്ന മോഹമില്ലെന്നും താൻ ഉപാധികളൊന്നും തന്നെ മുന്നോട്ടുവെച്ചിട്ടില്ലെന്നും രാജിക്ക് ശേഷം മാത്യു ടി. തോമസ് പ്രതികരിച്ചു. ജെ.ഡി.എസ് പിളർപ്പിലേക്ക് പോകേണ്ട സാഹചര്യമില്ലെന്നും മുന്നണിമാറ്റം എന്നത് അപ്രസക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ നാളെയുണ്ടായേക്കുമെന്ന് സൂചനയുണ്ട്.