കൊച്ചി- ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി അംഗീകരിക്കാത്തവരെ ഇന്ത്യൻ പൗരൻമാരായി കാണാനാകില്ലെന്ന് ജസ്റ്റിസ് ബി കെമാൽ പാഷ. മാനുഷ്യരൊന്ന് കൾച്ചറൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെമാൽ പാഷ. കോടതി വിധികളെ അംഗീകരിക്കാത്തവർ ഭരണഘടനയെ തള്ളിപ്പറയുകയാണ്. കേരളത്തിന്റെ സ്വകാര്യ അഹങ്കാരവും മതേതരത്വത്തിന്റെ മുഖവുമായിരുന്ന ശബരിമല ഇന്ന് കലുഷിതമാണ്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ ലക്ഷ്യം എന്താണെന്ന് മനസ്സിലാകുന്നില്ല. മതം എന്നത് ആചാരങ്ങളെയല്ല ധാർമിക മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് നിലനിൽക്കുന്നത്. എന്നാൽ ചില പ്രത്യേക രാഷ്ട്രീയ പാർട്ടികൾ മതങ്ങളെ അധികാരത്തിലെത്തുന്നതിനുള്ള ഏണിപ്പടിയായി ഉപയോഗിക്കുന്നു. ഭരണഘടന ഉറപ്പു നൽകുന്ന കാര്യങ്ങൾ പരമാധികാരികളായ വോട്ടർമാർക്ക് ഉറപ്പു വരുത്തുകയെന്നത് അധികാരത്തിലെത്തുന്നവരുടെ കടമയാണ്. എന്നാൽ തുല്യതയ്ക്ക് വേണ്ടി സമരം ചെയ്യേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ 73 ശതമാനവും ശതകോടീശ്വരന്മാരുടെ കയ്യിലാണ്. ഈ സാഹചര്യങ്ങളെ ചോദ്യം ചെയ്യേണ്ടത് ഇവിടുത്തെ സാംസ്‌കാരിക നായകന്മാരും എഴുത്തുകാരുമൊക്കെയാണ്. പക്ഷേ നിർഭാഗ്യവശാൽ ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കുന്നതുകൊണ്ട് അവർക്കും പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. ദേശവും ഭരണകൂടവും തമ്മിലുള്ള വ്യത്യാസം അറിയയാത്തവരാണ് ഇന്ന് ഭരിക്കുന്നത്. സാമൂഹിക പ്രശ്നങ്ങളെ കാണാതെ കോടികളുടെ പ്രതിമ ഉണ്ടാക്കുകയാണ് ഭരണാധികാരികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിസി സിറിയക്, എഎപി എംഎൽഎ സോമനാഥ് ചാറ്റർജി, ഗിരീഷ് ചൗധരി പങ്കെടുത്തു.