റിയാദ്- തൊഴിൽ മന്ത്രാലയത്തിന് കീഴിൽനിന്ന് നീതിന്യായ മന്ത്രാലയത്തിന് കീഴിലേക്ക് മാറ്റിയതിന് ശേഷം നിലവിൽവന്ന പ്രത്യേക ലേബർ കോടതികൾ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. തൊഴിൽ സാമൂഹിക വികസന മന്ത്രി അഹ്മദ് അൽറജ്ഹിയും നീതിന്യായ വകുപ്പ് മന്ത്രി ഡോ. വലീദ് സംആനിയും ചേർന്നാണ് സ്‌പെഷ്യലൈസ്ഡ് കോടതി ഉദ്ഘാടനം ചെയ്തത്. ചരിത്ര ദൗത്യമാണ് നാം നിർവഹിച്ചതെന്ന് തൊഴിൽ മന്ത്രി പ്രതികരിച്ചു. തൊഴിൽ വിപണിയിൽ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും മന്ത്രാലയം ആവിഷ്‌കരിച്ച ഒട്ടേറെ പദ്ധതികളുടെ ഭാഗമായാണ് ലേബർ കോടതികളെ നീതിന്യായ വകുപ്പിന് കീഴിലേക്ക് മാറ്റുന്നത്. തൊഴിൽ സ്ഥിരതയും ഉത്പാദന ക്ഷമതയും വർധിപ്പിക്കാൻ ഈ നീക്കം ഗുണം ചെയ്‌തേക്കുമെന്നും തൊഴിൽ സാമൂഹിക വികസന മന്ത്രി വിലയിരുത്തി.