Sorry, you need to enable JavaScript to visit this website.

സൗദിയിൽ യൂണിവേഴ്‌സിറ്റി വിദ്യാർഥിനികളെ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ തുടങ്ങി

ജിദ്ദ - സുരക്ഷാ ഭടൻ ചമഞ്ഞ് യൂനിവേഴ്‌സിറ്റി വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ വിചാരണ തുടങ്ങി. ജിദ്ദ ക്രിമിനൽ കോടതിയിലാണ് വിചാരണ തുടങ്ങിയത്. പ്രതിക്ക് വധശിക്ഷ വിധിക്കണമെന്നും കൃത്യത്തിന് ഉപയോഗിച്ച കാർ കണ്ടുകെട്ടണമെന്നും കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ജിദ്ദയിലെ യൂനിവേഴ്‌സിറ്റി കവാടത്തിനു മുന്നിൽ വെച്ച് വിദ്യാർഥിനികളിൽ ഒരാളെ കാമുകനായ യുവാവ് കാറിൽ കയറ്റിക്കൊണ്ടുപോകുന്നത് കണ്ട പ്രതി ഇരുവരെയും രഹസ്യമായി പിന്തുടരുകയായിരുന്നു. വിജനമായ പാർക്കിലേക്കാണ് വിദ്യാർഥിനിയെ കാമുകൻ കൂട്ടിക്കൊണ്ടുപോയത്. ഇവിടെ നിർത്തിയിട്ട കാറിനകത്ത് ഇരുവരും ലൈംഗിക കേളിയിൽ ഏർപ്പെടുന്നതിടെ പ്രതി സ്ഥലത്തെത്തിയതോടെ കാമുകൻ കാറുമായി കടന്നുകളയുകയും വിദ്യാർഥിനി കാറിൽ നിന്ന് ഇറങ്ങുകയും ചെയ്തു. ഇതോടെ യൂനിവേഴ്‌സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് താനെന്ന് വാദിച്ച് വിദ്യാർഥിനിയെ മറ്റൊരു സ്ഥലത്ത് എത്തിച്ച് പ്രതി ബലാത്സംഗം ചെയ്തു. ബലാത്സംഗം ആവർത്തിക്കാൻ ശ്രമിച്ച പ്രതിയോട് തനിക്ക് അടിയന്തിരമായി പോകേണ്ടതുണ്ടെന്നും പിന്നീട് തിരിച്ചെത്താമെന്നും വിദ്യാർഥിനി പറഞ്ഞു. വിദ്യാർഥിനിയുടെ വാക്ക് വിശ്വസിച്ച പ്രതി പെൺകുട്ടിയുടെ മൊബൈൽ ഫോൺ നമ്പർ വാങ്ങിവെക്കുകയും നമ്പർ ശരിയാണെന്ന് മിസ് കോൾ അടിച്ച് ഉറപ്പുവരുത്തുകയും ചെയ്ത് വിദ്യാർഥിനിയെ യൂനിവേഴ്‌സിറ്റി ഗെയ്റ്റിനു സമീപം ഇറക്കിവിട്ടു. പ്രതിയുടെ കൈയിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർഥിനി പിന്നീട് ഇതേ കുറിച്ച് സ്വന്തം പിതാവിനെ അറിയിച്ചു. പിതാവാണ് സുരക്ഷാ വകുപ്പുകളിൽ പരാതി നൽകിയത്. പ്രതിയുടെ പക്കലുള്ള മൊബൈൽ ഫോൺ സിം കാർഡ് വിദേശ തൊഴിലാളിയുടെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. 
പ്രതിയുടെ ബലാത്സംഗത്തിന് ഇരയായ മറ്റൊരു വിദ്യാർഥിനി നേരിട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വിദ്യാർഥിനി കാമുകന്റെ കാറിൽ കയറുന്നതിനിടെ വെള്ള നിറത്തിലുള്ള കാറിലെത്തിയ വ്യക്തി താൻ സുരക്ഷാ ഭടനാണെന്നും യുവതി സുരക്ഷാ വകുപ്പുകളുടെ നിരീക്ഷണത്തിലാണെന്നും പറഞ്ഞ് കാമുകന്റെ കാറിൽ നിന്ന് വിദ്യാർഥിനിയെ നിർബന്ധിച്ച് പുറത്തിറക്കിക്കുകയായിരുന്നു. ഇതോടെ കാമുകൻ യുവതിയെ കാറിൽ നിന്ന് പുറത്തിറക്കി. തുടർന്ന് പ്രതി വിദ്യാർഥിനിയെ കാറിൽ കയറ്റി സ്ഥലം വിടുകയും പീഡിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷം യൂനിവേഴ്‌സിറ്റി കവാടത്തിനു സമീപം വിദ്യാർഥിനിയെ പ്രതി ഇറക്കിവിട്ടു. 
പ്രതിയെ കുറിച്ചും പ്രതി സഞ്ചരിച്ച കാറിനെ കുറിച്ചും മതിയായ വിവരങ്ങൾ നൽകുന്നതിന് വിദ്യാർഥിനികൾക്ക് സാധിക്കാതിരുന്നത് അന്വേഷണത്തിന് പ്രതിബന്ധമായി. നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ കൂടി കടന്നുപോകാതിരിക്കാൻ പ്രതി പ്രത്യേകം ശ്രദ്ധിച്ചതും അന്വേഷണോദ്യോഗസ്ഥരെ കുഴക്കി. എങ്കിലും ഊർജിതമായ അന്വേഷണത്തിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിന് അധികൃതർക്ക് സാധിച്ചു. വിദ്യാർഥിനികളുടെ വസ്ത്രങ്ങളിൽ നിന്ന് ശേഖരിച്ച ഡി.എൻ.എയും പ്രതിയുടെ ഡി.എൻ.എയും ഒന്നാണെന്ന് വ്യക്തമായി. തെളിവുകൾ ശേഖരിച്ചും അന്വേഷണം പൂർത്തിയാക്കിയും പ്രതിക്കെതിരായ കേസ് നിയമ നടപടികൾക്ക് ജിദ്ദ പോലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. 
വിദ്യാർഥിനികളുടെ കാമുകന്മാരും വിചാരണ നേരിടുന്നുണ്ട്. ആദ്യ വിദ്യാർഥിനിയുടെ കാമുകന് അവിഹിത വേഴ്ചക്കുള്ള ശിക്ഷ വിധിക്കണമെന്നും രണ്ടാമത്തെ വിദ്യാർഥിനിയുടെ കാമുകന് ചെയ്ത കുറ്റത്തിന് അനുസൃതമായ ശിക്ഷ വിധിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ ആവശ്യപ്പെട്ടു.
 

Latest News