Sorry, you need to enable JavaScript to visit this website.

പുതിയ യൂറോപ്പാകാൻ ഗൾഫ് രാജ്യങ്ങൾക്ക് കഴിയും-ദുബായ് ഭരണാധികാരി

ദുബായ്- വികസനവും ആധുനികതയും സ്വീകരിക്കുന്നതിലൂടെ ഗൾഫ് രാഷ്ട്രങ്ങൾക്ക് പുതിയ യൂറോപ്പ് ആകാൻ കഴിയുമെന്ന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം അഭിപ്രായപ്പെട്ടു. അശർഖുൽ ഔസത്ത് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ദുബായ് ഭരണാധികാരി അഭിപ്രായം പങ്കുവെച്ചത്. മേഖലയിലെ സംഘർഷം കൂടുതൽ ആധുനികവത്കരണം നടപ്പിലാക്കാനുള്ള പ്രചോദനം നൽകിയെന്നും അദ്ദേഹം പറഞ്ഞു. മധ്യപൗരസ്ത്യദേശത്തിന് പുതിയ യൂറോപ്പ് ആകാൻ കഴിയുമെന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അഭിപ്രായത്തെ താൻ അംഗീകരിക്കുന്നതായും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം പറഞ്ഞു. ഭാവിയെ പറ്റി താൻ ഏറെ പ്രതീക്ഷ വെച്ചുപുലർത്തുന്ന ഒരാളാണ്. ഓരോ കാലത്തുമുണ്ടാകുന്ന പ്രശ്‌നങ്ങളെ അതിന്റെതായ രീതികളിലൂടെ നേരിടാനാകണം. പഴയ രീതി ഉപയോഗിച്ച് പുതിയ കാലത്തെ പ്രശ്‌നങ്ങളെ പരിഹരിക്കാനാകില്ല. കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി ഇത്തരം കാര്യങ്ങളെ പറ്റി നേതാക്കളെ താൻ ഓർമ്മപ്പെടുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാറ്റം പുതിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ചില ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടത്. അവർക്ക് അവരുടെ അന്ത്യം വരെ മാറ്റത്തെ ഉൾക്കൊള്ളാനുമാകില്ല. അറബ് വസന്തത്തിൽനിന്നുപോലും പാഠങ്ങൾ പഠിക്കാനുണ്ടെന്നും ശൈഖ് മഖ്തൂം അഭിപ്രായപ്പെട്ടു. അറബ് ലോകത്തെ ഭൂരിഭാഗം ഭരണാധികാരികളും അറബ് വസന്തത്തിൽനിന്ന് പാഠം ഉൾക്കൊണ്ടിട്ടുണ്ട്. പരിഷ്‌കരണത്തിന്റെ വാതിലുകൾ അവർ തുറന്നിടുകയും ചെയ്തു. സൗദിയുമായുള്ള ബന്ധം എല്ലാകാലത്തും ദൃഢവും ആഴമേറിയതുമാണെന്ന് അദ്ദേഹം പറഞ്ഞു. 44 സംയുക്ത നയതന്ത്ര പദ്ധതികളാണ് രണ്ടു സൗദിക്കും യു.എ.ഇക്കും ഇടയിലുള്ളതെന്നും അത് തുടരുമെന്നും ഭരണാധികാരി വ്യക്തമാക്കി.
 

Latest News