Sorry, you need to enable JavaScript to visit this website.

വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ  യൂത്ത് ലീഗുകാരനായ അധ്യാപകന് സസ്‌പെൻഷൻ

മലപ്പുറം- വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് അധ്യാപകനെ സ്‌കൂളിൽ നിന്നു സസ്‌പെൻഡ് ചെയ്തു. മലപ്പുറത്തിനടുത്തു കോഡൂർ ചെമ്മൻകടവിലെ  ഹയർ സെക്കൻഡറി സ്‌കൂളിലെ ഉർദു അധ്യാപകനും യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമായ അഫ്സൽ റഹ്മാനെതിരെയാണ് വിദ്യാർഥിനികൾ പ്രിൻസിപ്പലിനു പരാതി നൽകിയത്. അധ്യാപകനെതിരെ സ്‌കൂളിലെ 19 പെൺകുട്ടികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ  അടിസ്ഥാനത്തിൽ അധ്യാപകനെ സ്‌കൂളിൽ നിന്നു സസ്പെൻഡ് ചെയ്തതായും സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു. 
പരാതിയെക്കുറിച്ച് ചൈൽഡ് ലൈനിലും പോലീസിലും വിവരമറിയിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. സ്‌കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായ അഫ്‌സൽ റഹ്മാൻ എം.എസ്.എഫിന്റെ മുൻ സംസ്ഥാന ട്രഷററുമാണ്. വിദ്യാർഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച അധ്യാപകനെതിരെ പോക്സോ കേസ് ചുമത്താവുന്ന പരാതികളാണ് ലഭിച്ചതെന്നും ഇതിന്റെ ഭാഗമായാണ് 15 ദിവസത്തേക്ക് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതെന്നും പ്രിൻസിപ്പൽ അറിയിച്ചു. നിയമം അനുശാസിക്കുന്ന മുഴുവൻ നടപടികളും അധ്യാപകനെതിരെ ചുമത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിദ്യാർഥിനികൾ പ്രിൻസിപ്പലിനു നൽകിയ പരാതിയും പോലീസിനു കൈമാറും. എൻഎസ്എസ് ക്യാമ്പിനിടെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പെൺകുട്ടികളുടെ പരാതി. അധ്യാപകനെതിരെ വിദ്യാർഥികളുടെ രക്ഷിതാക്കളും നാട്ടുകാരും പരാതിയുമായി സ്‌കൂളിലെത്തിയിരുന്നു. തുടർന്നു ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്‌കൂളിലേക്കു പ്രതിഷേധ പ്രകടനങ്ങളും നടത്തി. സ്‌കൂളിനു മുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടിയ പ്രവർത്തകരെ പോലീസ് തടഞ്ഞു. 

Latest News