Sorry, you need to enable JavaScript to visit this website.

ന്യൂനപക്ഷ കോർപറേഷൻ: കുടിശ്ശികക്കാരുടെ  പട്ടിക ഉടൻ പുറത്തുവിടും- അബ്ദുൽ വഹാബ്

തൊടുപുഴ- ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ നിന്ന് വായ്പയെടുത്ത ശേഷം തിരിച്ചടക്കാത്ത മുസ്‌ലിം ലീഗ് നേതാക്കൾ അടക്കമുള്ളവരുടെ പട്ടിക ഉടൻ പുറത്തുവിടുമെന്ന് ചെയർമാൻ പ്രഫ. എ.പി അബ്ദുൽ വഹാബ്. യു.ഡി.എഫ് ഭരണകാലത്ത് കൊടുത്ത 45 കോടിയുടെ വായ്പയിൽ 8.73 കോടി കുടിശ്ശികയാണ്. ഇതിൽ ഭൂരിഭാഗവും അന്നത്തെ ഭരണമുന്നണിയുമായി, പ്രത്യേകിച്ച് ലീഗുമായുംം ബന്ധമുള്ളവരുടേതാണെന്ന് വഹാബ് പത്രസമ്മേളനത്തിൽ പറഞ്ഞു. 
ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ ഡെപ്യൂട്ടി മാനേജരായി ഇഷ്ടക്കാരെ നിയമിച്ചെന്ന ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദിന്റെ  ആരോപണം അടിസ്ഥാന രഹിതമാണ്. ഇങ്ങനൊരു നിയമനം തന്നെ ഉണ്ടായിട്ടില്ല. മലപ്പുറത്ത് പത്രസമ്മേളനം നടത്തി കെ.പി.എ മജീദ് പറഞ്ഞാൽ ഇല്ലാത്ത നിയമനം ഉണ്ടാകില്ല. യൂത്ത് ലീഗ് ആരോപണം പ്രായക്കുറവിന്റേതെന്ന് പറഞ്ഞ് തള്ളാം. എന്നാൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ  ആരോപണം വിവരക്കേടാണ്. മലർന്നുകിടന്ന് തുപ്പരുത്. ആരോപണവുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാൻ തയാറാണ്.  
ഡെപ്യൂട്ടി മാനേജർ രാജിവെച്ച ഒഴിവിൽ താൽക്കാലിക സംവിധാനമായി എം.ബി.എ യോഗ്യതയുള്ള ജൂനിയർ അസിസ്റ്റന്റ് എം.കെ ശംസുദ്ദീനെ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമിക്കുകയായിരുന്നു. ഡെപ്യൂട്ടി മാനേജരുടെ വേതനം ഇദ്ദേഹത്തിന് നൽകുന്നുമില്ല. മന്ത്രി ജലീലിന്റെ പ്രാഗത്ഭ്യവും ചടുലതയും ലീഗിന്റെ ഉറക്കം കെടുത്തുകയാണ്. ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ വിരോധവും പകപോക്കലുമാണ്. കോർപറേഷന്റെ കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള നീക്കത്തിന്റെ പേരിലാണ് ഇപ്പോൾ തനിക്കെതിരായി ആരോപണങ്ങൾ.  
കോർപറേഷനും മന്ത്രി കെ.ടി ജലീലിനും എതിരായ ആരോപണങ്ങൾ സത്യമല്ലെന്നതിന്റെ തെളിവാണ് വിഷയം ഇതുവരെ കോടതിക്ക് മുമ്പിൽ എത്തിക്കാത്തത്. യു.ഡി.എഫ് ഭരണകാലത്ത് കോർപറേഷൻ എം.ഡി യായിരുന്നത് വകുപ്പ് മന്ത്രിയുടെ അടുത്ത ബന്ധുവായിരുന്നുവെന്നും ഇക്കാലയളവിൽ വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും വഹാബ് ആരോപിച്ചു. 

Latest News