തിരൂർ-കണ്ണൂർ പാനൂരിൽ നിന്നു കഴിഞ്ഞ 19 മുതൽ കാണാതായ വിദ്യാർഥിനികൾ സയനയെയും ദൃശ്യയെയും തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ 'തിരൂർ ടൂറിസ്റ്റ് ഹോമി'ൽ നിന്നു കണ്ടെത്തി. ഇരുവരും കുട്ടിക്കാലം മുതൽ സഹപാഠികളും സുഹൃത്തുക്കളുമാണ് ഇപ്പോൾ ലാബ് ടെക്‌നീഷ്യൻ വിദ്യാർഥികളായ ഇവരെ വീട്ടുകാർ പഠനം അവസാനിപ്പിച്ചു വിവാഹത്തിനു നിർബന്ധിച്ചതോടെയാണ് നാടുവിട്ടതെന്ന് കുട്ടികൾ പോലീസിനോടു പറഞ്ഞു. കണ്ണൂരിൽ നിന്നു എറണാകുളത്തേക്ക് ട്രെയിനിൽ ടിക്കറ്റെടുത്തെങ്കിലും വിശന്നപ്പോൾ തിരൂരിൽ ഇറങ്ങി. തുടർന്ന് മലപ്പുറത്ത് പല സ്ഥലങ്ങളിൽ മുറിയെടുത്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് തിരൂർ ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്തത്. പരിസരത്തെ ഒരു ആശുപത്രിയിൽ ജീവനക്കാരാണെന്നാണ് ഹോട്ടലിൽ പറഞ്ഞത്. ഇതിനിടെ കുട്ടികളെ കാണാതായ വാർത്ത ഫേസ്ബുക്കിൽ വന്നത് കണ്ട് ഹോട്ടൽ ജീവനക്കാരൻ തിരിച്ചറിഞ്ഞു പോലീസിൽ വിവരം അറിയിച്ചതോടെയാണ് കുട്ടികളെ കണ്ടെത്താനായത്. കണ്ണൂരിൽ നിന്നു കുട്ടികളുടെ ബന്ധുക്കളും പോലീസും ഇവരെ ഏറ്റുവാങ്ങുവാൻ തിരൂർ പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടിട്ടുണ്ട്.