ജിദ്ദ - പുതിയ ഉംറ സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ലൈസൻസ് അനുവദിക്കുന്നില്ലെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് ബിൻ സുലൈമാൻ മുശാത്ത് പറഞ്ഞു. നിരവധി ഉംറ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സമീപ കാലത്ത് ലൈസൻസ് നൽകിയിട്ടുണ്ട്. ഇതിനകം ലൈസൻസ് അനുവദിച്ച കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മികച്ച നിലയിൽ പ്രവർത്തനം തുടരുന്നതിനുള്ള സമയമാണിത്. ഈ കമ്പനികളും സ്ഥാപനങ്ങളും മികച്ച നിലയിൽ പ്രവർത്തനം തുടർന്ന് വിജയം വരിക്കുകയും സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്ത ശേഷം പുതിയ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ലൈസൻസ് അനുവദിക്കും.
ഹജ്, ഉംറ തീർഥാടകരുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. നേരത്തെ തീർഥാടകരുടെ നടപടിക്രമങ്ങൾക്ക് ജിദ്ദ എയർപോർട്ടിൽ മണിക്കൂറുകളോളം എടുത്തിരുന്നു. ഇപ്പോൾ ഒരു മണിക്കൂറിനകം തീർഥാടകരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നുണ്ടെന്നും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി പറഞ്ഞു. ഹജ്, ഉംറ തീർഥാടകരുടെ എണ്ണം വലിയ തോതിൽ വർധിപ്പിക്കുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. പ്രതിവർഷം പുണ്യസ്ഥലങ്ങളിൽ എത്തുന്ന വിദേശ ഉംറ തീർഥാടകരുടെ എണ്ണം 2030 ഓടെ മൂന്നു കോടിയായി ഉയർത്തുന്നതിനാണ് ശ്രമം. കഴിഞ്ഞ വർഷം 70 ലക്ഷത്തോളം തീർഥാടകരാണ് വിദേശങ്ങളിൽ നിന്ന് എത്തിയത്. തീർഥാടകരുടെ എണ്ണം പലമടങ്ങ് വർധിപ്പിക്കുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ മക്കയിലും മദീനയിലും ജിദ്ദയിലും നടപ്പാക്കിവരികയാണ്.