അബുദാബി - സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനൊപ്പം തുർക്കിയിൽ കൊല്ലപ്പെട്ട ജമാൽ ഖശോഗിയുടെ സഹോദരപുത്രൻ മുഹമ്മദ് ഖശോഗി നിൽക്കുന്ന ചിത്രം വൈറലായി.
ഇസ്താംബൂൾ സൗദി കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗിയുടെ സഹോദര പുത്രനാണ് മുഹമ്മദ് ഖശോഗി. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിയ യു.എ.ഇ സന്ദർശനത്തിനിടെ അബുദാബി യാസ് മരീന സർക്യൂട്ടിൽ വെച്ചാണ് കിരീടാവകാശിക്കൊപ്പം ചിത്രമെടുക്കുന്നതിന് മുഹമ്മദ് ഖശോഗിക്ക് അവസരം ലഭിച്ചത്. മുഹമ്മദ് ഖശോഗി ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട ഫോട്ടോ സാമൂഹികമാധ്യമ ഉപയോക്താക്കൾ വ്യാപകമായി പങ്കുവെച്ചു.
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ജമാൽ ഖശോഗിയുടെ കുടുംബവും തമ്മിലുള്ള സ്‌നേഹവും അടുപ്പവും വ്യക്തമാക്കുന്നതായി ഈ ഫോട്ടോ. സൗദി അറേബ്യക്കെതിരെ കിംവദന്തികളും കള്ളങ്ങളും പ്രചരിപ്പിക്കുന്നതിന് ജമാൽ ഖശോഗിയുടെ കുടുംബത്തിൽനിന്നുള്ള വ്യക്തികളെ റിക്രൂട്ട് ചെയ്യുന്നതിന് ഖത്തറും തുർക്കിയും ഇറാനും സൗദി വിരുദ്ധ മാധ്യമങ്ങളും ആഗ്രഹിക്കുന്നതിനിടെയാണ് ഖശോഗി കുടുംബവും സൗദി ഭരണാധികാരികളും തമ്മിലുള്ള ശക്തമായ ബന്ധത്തിന് അടിവരയിട്ട് മുഹമ്മദ് ഖശോഗി കിരീടാവകാശിക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ടത്.
അബുദാബി ഫോർമുല വൻ സംഘാടകരിൽ ഒരാളാണ് താനെന്ന് മുഹമ്മദ് ഖശോഗി പറഞ്ഞു. തീർത്തും അപ്രതീക്ഷിതമായാണ് യാസ് മരീന സർക്യൂട്ടിൽ വെള്ളിയാഴ്ച കിരീടാവകാശിയെ താൻ കണ്ടത്. രണ്ടാം രാജ്യമായ യു.എ.ഇയിലേക്ക് അങ്ങേയ്ക്ക് സ്വാഗതം എന്ന് പറഞ്ഞ് താൻ കിരീടാവകാശിയെ വരവേൽക്കുകയായിരുന്നു. തുടർന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനൊപ്പം സെൽഫിയുമെടുത്തു. തന്റെ കുടുംബം സൗദി ഭരണാധികാരികൾക്കൊപ്പം ശക്തമായി നിലയുറപ്പിക്കും. സൗദി വിരുദ്ധ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന കിംവദന്തികൾ അവഗണിക്കുന്നതാണ് അവർക്കുള്ള ഏറ്റവും വലിയ മറുപടി. പുതിയ തലമുറയിൽ പെട്ട യുവാക്കളുടെ സ്വപ്‌നമാണ് കിരീടാവകാശി. വിഷൻ 2030 പദ്ധതി സൗദി അറേബ്യയിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നും മുഹമ്മദ് ഖശോഗി പറഞ്ഞു.