Sorry, you need to enable JavaScript to visit this website.

ദുബായില്‍ സുന്ദരികളുടെ പരസ്യം കണ്ട് മസാജിനു പോയാല്‍ പണി കിട്ടും; നഗ്നരാക്കി പണം തട്ടല്‍ പതിവാകുന്നു

ദുബായ്- പാര്‍ക്ക് ചെയ്ത കാറുകളിലും വീട്ടു വാതില്‍ക്കലും ഇട്ടു പോകുന്ന മസാജ് കേന്ദ്രങ്ങളുടെ പരസ്യം കണ്ട് സുഖചികിത്സയ്ക്കു പോകുന്ന പുരുഷന്‍മാര്‍ക്ക് ദുബായ് നിയമപാലകരുടെ മുന്നറിയിപ്പ്. ദുബായില്‍ പലയിടത്തും അനധികൃതമായി പ്രവര്‍ത്തിച്ചു വരുന്ന രഹസ്യ മസാജ് സേവന കേന്ദ്രങ്ങള്‍ പിടിച്ചുപറിയുടേയും തട്ടിപ്പിന്റേയും കേന്ദ്രങ്ങളായി മാറിയിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്. ഇവിടെ മസാജ് സര്‍വീസിനെത്തുന്ന പുരുഷന്‍മാരെ നഗ്നരാക്കിയും ഫോട്ടോയും വിഡിയോയും പകര്‍ത്തിയും കത്തി ചൂണ്ടിയും ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങള്‍ ഏറിവരികയാണെന്നാണ് അധികൃതര്‍ പറയുന്നു. ആഫ്രിക്കന്‍ സ്ത്രീകള്‍ നടത്തിപ്പുകാരായ ചില രഹസ്യ മസാജ് കേന്ദ്രങ്ങളില്‍ ഈയിടെ ഇത്തരം സംഭവങ്ങള്‍ നടന്നതാണ് ഇതു സംബന്ധിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ കാരണമായത്. 

പാശ്ചാത്യ സുന്ദരികളുടെ ഫോട്ടോ ഉപയോഗിച്ച് ആകര്‍ഷകമായി പരസ്യങ്ങള്‍ തയാറാക്കിയാണ് ഇത്തരം അനധികൃത മസാജ് കേന്ദ്രങ്ങളിലേക്ക് ഇടപാടുകാരെ ഇവര്‍ ആകര്‍ഷിക്കുന്നത്. റോഡുകളിലും മറ്റു പൊതു സ്ഥലങ്ങളിലും ബിസിനസ് കാര്‍ഡുകളായും മറ്റും വിതരണം ചെയ്യുന്ന പരസ്യങ്ങളില്‍ വീണ് അനധികൃത മസാജ് കേന്ദ്രങ്ങളിലേക്ക് പോകുന്നവരാണ് വെട്ടിലാകുന്നത്. 

ഈയിടെ പിടികൂടിയ രണ്ട് സമാന കേസുകളിലെ പ്രതികള്‍ നൈജീരിയക്കാരായ നാലു സ്ത്രീകളായിരുന്നു. രണ്ടു പുരഷന്മാരെയാണ് ഇവര്‍ തട്ടിപ്പിനിരയാക്കിയത്. ഒരാളില്‍ നിന്നും 60,300 ദിര്‍ഹമും മറ്റൊരാളില്‍ നിന്ന് 4,500 ദിര്‍ഹമുമാണ് ഇവര്‍ തട്ടിയെടുത്തത്. തന്ത്രപൂര്‍വം പുരുഷന്മാരെ ആകര്‍ഷിച്ച് തങ്ങളുടെ താവളത്തിലെത്തിച്ച ശേഷം മസാജെന്ന പേരില്‍ മുറിയിലടച്ച് നഗ്നരാക്കിയാണ് ഇവരുടെ തട്ടിപ്പ്. ചോദിക്കുന്ന പണമോ വിലപിടിപ്പുള്ള വസ്തുക്കളോ ക്രെഡിറ്റ് കാര്‍ഡോ നല്‍കാന്‍ വിസമ്മതിച്ചാല്‍ മര്‍ദനവും ഭീഷണിയുമാണ്. നഗ്ന ചിത്രങ്ങള്‍ പുറത്തു വിടുമെന്നും പോലീസിനെ അറിയിച്ചാല്‍ കൊലപ്പെടുത്തുമെന്നുമാണ് കത്തി ചൂണ്ടിയുള്ള ഭീഷണി. കുരുക്കിലായെന്ന് ഉറപ്പാകുന്നതോടെ ഇരയാക്കപ്പെടുന്ന പുരുഷന്‍മാര്‍ കയ്യിലുള്ള പണം നല്‍കി രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ബിസിനസുകാരടക്കം നിരവധി പേര്‍ ഇത്തരത്തില്‍ പെട്ടുപോയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.

ഇതൊരു ട്രെന്‍ഡായി മാറിയിരിക്കുകയാണെന്ന് ദുബായ് ക്രിമിനല്‍ കോടതി ജഡ്ജി പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. ആഫ്രിക്കന്‍ സത്രീകള്‍ ഉള്‍പ്പെട്ട ഇത്തരം കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. പുരഷന്മാരെ മസാജ്പാര്‍ലറുകളിലേക്ക് ആകര്‍ഷിച്ച് കെണിയിലാക്കുകയാണ് ഇവരുടെ രീതി. എന്നിട്ട് ഭീഷണിപ്പെടുത്തി പണം തട്ടുന്നു. വിസിറ്റ് വീസയിലെത്തുന്ന അഫ്രിക്കന്‍ വനിതകളാണ് ഈ കേസുകളിലെ പ്രതികളില്‍ അധികവും. ഇവരുടെ പ്രവര്‍ത്തന രീതിയും സമാനമാണ്. ഇത് പിടികൂടുന്നതില്‍ ദുബായ് പോലീസും പബ്ലിക് പ്രൊസിക്യൂഷനും വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇത്തരം രഹസ്യ കേന്ദ്രങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും പരസ്യങ്ങളില്‍ വീണു പോകരുതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. മസാജ് പാര്‍ലറുകള്‍ സന്ദര്‍ശിക്കുന്നതിനു മുമ്പ് അവയുടെ അംഗീകാരവും മറ്റും പരിശോധിക്കണം. ലൈസന്‍സുള്ള മസാജ് പാര്‍ലറുകളിലും സ്പാകളിലും മാത്രമെ പോകാവൂ എന്നും പോലീസ് പൊതു ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു.

ഇതുവരെ ഏഴ് ആഫ്രിക്കന്‍ സ്ത്രീകളെ ഇത്തരം കേസുകളില്‍ ദുബായ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവരും 35 വയസ്സിനു താഴെ പ്രായമുള്ളവരാണ്. അല്‍ ബര്‍ഷയിലെ ഒരു ഹോട്ടലില്‍ നടന്ന സംഭവത്തില്‍ ടൂറിസ്റ്റ് വിസയിലത്തിയ രണ്ട് നൈജീരിയന്‍ യുവതികള്‍ ഒരു ബിസിനസുകാരനെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി ഒരു ലക്ഷം ദിര്‍ഹം തട്ടിയിരുന്നു. നായിഫില്‍ മറ്റൊരു ഹോട്ടലിലും സമാന സംഭവം ഉണ്ടായി.

Latest News