Sorry, you need to enable JavaScript to visit this website.

കേന്ദ്രം ഏര്‍പ്പെടുത്തിയ നിര്‍ബന്ധ രജിസ്‌ട്രേഷന്‍ ഗള്‍ഫ്‌ പ്രവാസികളെ ബാധിക്കുന്നത് എങ്ങനെ

  • ഗള്‍ഫ് രാജ്യങ്ങളിലെ 60 ശതമാനത്തിലേറെ പ്രവാസി മലയാളികളും രജിസ്റ്റര്‍ ചെയ്യണം
  • ഇ.സി.എന്‍.ആര്‍ പാസ്‌പോര്‍ട്ടുള്ളവര്‍ 37.8 ശതമാനം

തിരുവനന്തപുരം- എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്ത (ഇ.സി.എന്‍.ആര്‍) പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 18 വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കു പോകാന്‍ ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 20 ലക്ഷത്തിലേറെ മലയാളി വരുന്ന പ്രവാസികളെയും ബാധിക്കും. ഇവരില്‍ വലിയൊരു വിഭാഗവും ഗള്‍ഫ് രാജ്യങ്ങളിലാണ്. പുതുതായി ജോലിക്കു പോകുന്നവര്‍ക്കു പുറമെ ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ ജി.സി.സി രാജ്യങ്ങള്‍ ഉള്‍പ്പെടെ 18 രാജ്യങ്ങളിലേക്കു പോകുന്നവര്‍ക്കാണ് ജനുവരി ഒന്നു മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. യു.എസ്, ബ്രിട്ടന്‍ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളിലേക്കു ജോലിക്കു പോകുന്നവര്‍ക്കും ഇത് ഏര്‍പ്പെടുത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് റിപോര്‍ട്ട്.

പത്താം ക്ലാസ് പാസായവര്‍ക്കാണ് ഇ.സി.എന്‍.ആര്‍ പാസ്‌പോര്‍ട്ട് ലഭിക്കുക. നിലവില്‍ ഇവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇല്ലാതെ വിദേശത്തേക്ക് തൊഴില്‍ തേടി പോകാം. ജനുവരി ഒന്നു മുതല്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ യാത്ര അനുവദിക്കില്ല. ഗള്‍ഫ് രാജ്യങ്ങളിലായി 18.9 ലക്ഷം പ്രവാസി മലയാളികളുണ്ടെന്നാണ് തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് തയാറാക്കിയ ഏറ്റവും പുതിയ മൈഗ്രേഷന്‍ റിപോര്‍ട്ട് പറയുന്നത്. ഇവരില്‍ 37.8 ശതമാനം പേരും പത്താം ക്ലാസും 12ാം ക്ലാസും ജയിച്ചവരാണ്. അതുകൊണ്ട് തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്തു വരുന്ന 60 ശതമാനത്തിലേറെ പ്രവാസി മലയാളികളും നിര്‍ബന്ധ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടി വരും.

വിദേശ രാജ്യങ്ങളില്‍ അടിയന്തര സാഹചര്യങ്ങളുണ്ടാകുമ്പോള്‍ ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം ഇങ്ങനെ വിവര ശേഖരം നടത്തുന്നത് ഒരു വിഭാഗം പ്രവാസികളില്‍ സ്വകാര്യത സംബന്ധിച്ച ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന വിവരം ദുരുപയോഗം ചെയ്യപ്പെടുമോ എന്നതാണ് ആശങ്ക. 

എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവരേയും ഇല്ലാത്തവരേയും തിരിച്ചറിയാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റാന്‍ പദ്ധതിയിട്ടിരുന്നു. ഇ.സി.ആര്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് പുതിയ നിറം നല്‍കാനായിരുന്നു പദ്ധതി. എന്നാല്‍ ഇതു വിവേചനപരമായ നീക്കമാണെന്ന് വ്യാപക ആക്ഷേപവും പ്രതിഷേധവും ഉയര്‍ന്നതോടെ സര്‍ക്കാര്‍ പിന്മാറുകയായിരുന്നു. ആധാറിനായി ശേഖരിച്ച വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച ആശങ്കളും പരാതികളും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ഓണ്‍ലൈന്‍ വിവര ശേഖരണം ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് കുടിയേറ്റ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
 

Latest News