ബുറൈദ - പ്രവാസ ഭൂമികയിലെ നീണ്ട 15 വർഷത്തിൽ അവസാനത്തെ മൂന്ന് മാസം മറക്കാൻ ശ്രമിച്ചാണ് കൊല്ലം അഞ്ചൽ സ്വദേശി ജാഫർ നാട്ടിലേക്ക് തിരിച്ചത്. മകൻ നിയമക്കുരുക്കിലകപ്പെട്ട് പ്രയാസപ്പെടുന്നതിനിടെ ഇഹലോകവാസം വെടിഞ്ഞ പിതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ സാധിച്ചില്ലെന്ന ദുഃഖഭാരത്തോടെയാണ് ഈ യുവാവിന്റെ മടക്കം. സ്‌പോൺസർ തനിക്കെതിരെ നൽകിയ കള്ളക്കേസിൽ നിന്ന് രക്ഷപ്പെടാനും ഹുറൂബ് കുരുക്കഴിച്ച് നാടണയാനും ബുറൈദ കെ.എം.സി.സി പ്രവർത്തകരുടെ പിന്തുണയാണ് ജാഫറിന് തുണയായത്. ഒരു വർഷത്തെ കുടിശ്ശിക ശമ്പളം സ്‌പോൺസറോട് ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രതികാരമെന്നോണം ശമ്പളയിനത്തിൽ അധികമായി വാങ്ങിയ 20,000 റിയാൽ തിരിച്ചു നൽകിയില്ലെന്ന് സ്‌പോൺസർ ജാഫറിനെതിരെ കേസ് നൽകി. ഇതോടെയാണ് ജാഫർ മൂന്ന് മാസം ലേബർ കോടതിയിലും മറ്റും കയറിയിറങ്ങാൻ നിർബന്ധിതനായത്.
എന്തു ചെയ്യണമെന്നറിയാതെ ഉഴറിയ അവസ്ഥയിൽ ബുറൈദയിലെ ചില മലയാളികളുടെ നിർദേശാനുസരണമാണ് ബുറൈദ കെ.എം.സി.സി പ്രസിഡന്റ് അനീസ് ചുഴലിയെ ജാഫർ സമീപിച്ചത്. ജാഫറിന്റെ ദുരവസ്ഥ ബോധ്യപ്പെട്ട അദ്ദേഹം കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയർമാൻ ഫൈസൽ ആലത്തൂരിനെ കേസിൽ ഇടപെടാൻ ചുമതലപ്പെടുത്തി.
പത്ത് വർഷം ഒരു സ്വദേശിക്ക് കീഴിൽ സുഗമമായി ജോലി ചെയ്യുന്നതിനിടയിലാണ് അവിടെ നിത്യസന്ദർശകനായിരുന്ന നിലവിലെ സ്‌പോൺസർ, മോഹന വാഗ്ദാനങ്ങൾ നൽകി സ്‌പോൺസർഷിപ്പ് മാറാൻ പ്രേരിപ്പിക്കുന്നത്. തുടക്കത്തിൽ ഒരു വർഷത്തോളം നല്ല നിലക്ക് പെരുമാറിയ സ്‌പോൺസർ പിന്നീട് യഥാർഥ സ്വഭാവം പുറത്തെടുക്കുകയായിരുന്നുവെന്ന് ജാഫർ പറഞ്ഞു. ഒരു വർഷത്തോളം ശമ്പളം മുടങ്ങിയപ്പോഴാണ് സുഹൃത്തുക്കളുടെ നിർദേശ പ്രകാരം ലേബർ കോടതിയെ സമീപിച്ചത്. അപ്പോഴാണ് ജാഫർ തനിക്കെതിരായ സാമ്പത്തിക കേസിനെ കുറിച്ചും ഹുറൂബാക്കിയതും അറിയുന്നത്. ഇതിനിടെ അത്യാസന്ന നിലയിൽ കഴിയുന്ന ഉമ്മയെ കാണുന്നതിന് നാട്ടിൽ പോകാൻ കഴിയാത്ത വേദനയും ജാഫറിനെ അലട്ടി. ദുരിതക്കയത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങൾ തെളിയുമ്പോഴാണ് ആകസ്മികമായി പിതാവിന്റെ മരണവാർത്ത ജാഫറിനെ തേടിയെത്തുന്നത്. ഇതോടെ ജാഫർ മാനസികമായി ആകെ തകർന്നു. ജവാസാത്ത് വിഭാഗം മേധാവികളെ ജാഫറിന്റെ ദയനീയാവസ്ഥ ബോധ്യപ്പെടുത്തിയ ഫൈസൽ ആലത്തൂർ അവരുടെ സഹായത്തോടെ ഉടൻ ഔട്ട്പാസ് തരപ്പെടുത്തി. കുടിശ്ശിക ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാക്കാൻ സഹായിക്കാമെന്ന് ജവാസാത്ത് ഉദ്യോഗസ്ഥർ വാഗ്ദത്തം നൽകി. എന്നാൽ ഉമ്മയെ കാണുന്നതിന് ഇനിയും കാലതാമസം നേരിടുമെന്നതിനാൽ കേസ് നടപടികൾക്കൊന്നും താൽപര്യമില്ലെന്നും എത്രയും വേഗം നാട്ടിൽ എത്തണമെന്നും ജാഫർ തീരുമാനിക്കുകയായിരുന്നു.
അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഹുറൂബ് നീക്കി യാത്രക്ക് സൗകര്യമൊരുങ്ങിയ വിവരം കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചപ്പോൾ ജാഫറിന്റെ കണ്ണുകൾ ഈറനണിഞ്ഞു. വ്യാഴാഴ്ച 2.30ന് ഫ്‌ളൈ ദുബൈ വിമാനത്തിലാണ് ഇദ്ദേഹം തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ ഭക്ഷണവും താമസവുമടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി കൂടെ നിന്ന കെ.എം.സി.സി പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞാണ് ജാഫർ നാട്ടിലേക്ക് യാത്ര തിരിച്ചത്.