റിയാദ് - ബിനാമി ബിസിനസ്, പണം വെളുപ്പിക്കല്‍ കേസില്‍ മലയാളിയെയും ഒത്താശ ചെയ്ത സൗദി പൗരനെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. റിയാദില്‍ മൊബൈല്‍ ഫോണ്‍ ഷോപ്പ് നടത്തിയ മലയാളി സൈനുദ്ദീന്‍ അരീക്കരകണ്ടിയെയും കൂട്ടുനിന്ന സൗദി പൗരന്‍ മുഹമ്മദ് ബിന്‍ ജല്‍മൂദ് ബിന്‍ മുഹമ്മദ് അല്‍ദോസരിയെയുമാണ് കോടതി ശിക്ഷിച്ചത്. ഇവര്‍ക്ക് കോടതി നാലു ലക്ഷം റിയാല്‍ പിഴ ചുമത്തി. മലയാളിയെ രണ്ടു വര്‍ഷം തടവിനും സൗദി പൗരനെ 11 മാസം തടവിനും കോടതി ശിക്ഷിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയശേഷം മലയാളിയെ സൗദിയില്‍നിന്ന് നാടുകടത്തും. പുതിയ വിസയില്‍ വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതില്‍നിന്ന് മലയാളിക്ക് വിലക്കേര്‍പ്പെടുത്താനും ഉത്തരവായി. വിദേശയാത്ര നടത്തുന്നതില്‍നിന്ന് സൗദി പൗരന് രണ്ടു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.
സൗദി പൗരന്റെ പേരിലുള്ള കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനും പുതിയ മൊബൈല്‍ ഫോണ്‍ കടകള്‍ ആരംഭിക്കുന്നതില്‍നിന്ന് തടയാനും കോടതി വിധിച്ചു. നിയമ ലംഘകരുടെ പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ സ്വന്തം ചെലവില്‍ പ്രാദേശിക പത്രത്തില്‍ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാം
റിയാദ് ബത്ഹ ഡിസ്ട്രിക്ടില്‍ മലയാളി നടത്തിയിരുന്ന മൊബൈല്‍ ഫോണ്‍ കടയില്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ബിനാമി സ്ഥാപനമാണെന്നതിന് തെളിവുകള്‍ ലഭിക്കുകയായിരുന്നു. പണം വെളുപ്പിക്കല്‍ ഇടപാടുകള്‍ നടത്തിയെന്ന ആരോപണവും മലയാളിയും സൗദി പൗരനും നേരിട്ടു. സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴി വന്‍തുകയുടെ ഇടപാടുകള്‍ നടത്തിയിരുന്നതായി കണ്ടെത്തി. സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍നിന്ന് വിവിധ രാജ്യക്കാരായ വിദേശികള്‍ അക്കൗണ്ടില്‍ വലിയ തുകകള്‍ നിക്ഷേപിച്ചിരുന്നു. അക്കൗണ്ടില്‍നിന്ന് വലിയ തോതില്‍ പണം ട്രാന്‍സ്ഫര്‍ നടത്തുകയും ചെയ്തിരുന്നു.
അന്വേഷണത്തിനിടെ സ്വന്തം നിലയില്‍ നടത്തുന്ന സ്ഥാപനമാണെന്ന് മലയാളി കുറ്റസമ്മതം നടത്തി. സൗദി പൗരന് മാസം 1,500 റിയാല്‍ വീതം നല്‍കിയിരുന്നുവെന്നും മലയാളി പറഞ്ഞു. സ്ഥാപനം നടത്തിയതിലൂടെ പ്രതിമാസം 4,500 റിയാലോളം ലാഭം ലഭിച്ചിരുന്നെന്നും സൈനുദ്ദീന്‍ വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് വാണിജ്യ, നിക്ഷേപ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
സൗദിയില്‍ ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് പത്തു ലക്ഷം റിയാല്‍ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവു ശിക്ഷയുമാണ് ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങള്‍ നടത്തുന്ന വിദേശികള്‍ക്കും അവര്‍ക്ക് ഒത്താശ ചെയ്യുന്ന സൗദികള്‍ക്കും ഒരുപോലെ ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ നാടുകടത്തുകയും ചെയ്യും. ദേശീയ പരിവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെടുത്തി, വാണിജ്യ വഞ്ചനയും സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മയും വര്‍ധിക്കുന്നതിന് പ്രധാന കാരണമായ ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം ശക്തമായ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.