കോട്ടയം- ശബരിമല ദർശനത്തിനായി ആന്ധ്രയിൽ നിന്നുള്ള സംഘത്തോടൊപ്പം ആറ് യുവതികളെത്തിയത് കോട്ടയം റെയിൽവേ സ്റ്റേഷനും പരിസരവും സംഘർഷത്തിലാക്കി. യുവതികളെ തടയാൻ സംഘപരിവാർ പ്രവർത്തകർ ഒരുങ്ങിയതോടെ പോലീസ് ഇടപെട്ട് സംഘത്തെ റെയിൽവേ സ്റ്റേഷനിൽ നിന്ന് മാറ്റിയതോടെ സംഘർഷമൊഴിവാകുകയായിരുന്നു. പോലീസ് ചർച്ച നടത്തിയതിനെ തുടർന്ന് ഒരു സംഘത്തിലെ സ്ത്രീകൾ എരുമേലിയിലും മറ്റൊരു സംഘത്തിലുള്ളവർ ചെങ്ങന്നൂരിലും യാത്ര അവസാനിപ്പിക്കാൻ ധാരണയായി.
ഒപ്പമുള്ള പുരുഷൻമാർ മലകയറി തിരികെയെത്തുംവരെ ഇവർ ഹോട്ടലിലും ലോഡ്ജിലുമായി താമസിക്കും. ഇന്നലെ രാവിലെ ഏഴരയോടെ മുംബൈ സിഎസ്ടി-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസിലാണ് സ്ത്രീകൾ അടങ്ങുന്ന രണ്ടു സംഘങ്ങൾ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയത്. 26 പേരടങ്ങുന്ന ഒരു സംഘത്തിൽ നാലു സ്ത്രീകളും, നാലു പേരടങ്ങുന്ന കുടുംബമായെത്തിയ സംഘത്തിൽ രണ്ടു സ്ത്രീകളുമാണുണ്ടായിരുന്നത്.
കഴിഞ്ഞ സീസണിലടക്കം ഈ സ്ത്രീകൾ കുടുംബത്തോടൊപ്പം ശബരിമലയിലെത്തിയിരുന്നു. എന്നാൽ, പമ്പയിൽ പോലീസ് തടയുമ്പോൾ ഇവർ അവിടെത്തന്നെ താമസിക്കുകയായിരുന്നു പതിവ്. എന്നാൽ, ഇക്കുറി സുപ്രീം കോടതി വിധി വന്നതോടെ മല കയറാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ.
ശബരിമല ദർശനത്തിന് സ്ത്രീകൾ എത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി സംഘപരിവാർ പ്രവർത്തകരുടെ സംഘം റെയിൽവേ സ്റ്റേഷനിൽ തമ്പടിക്കുന്നുണ്ട്. സ്ത്രീകളെത്തിയത് തിരിച്ചറിഞ്ഞ ഇവർ അവരെ തടയാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇത് മനസിലാക്കിയ പോലീസ് പ്രശ്നത്തിൽ സമയോചിതമായി ഇടപെട്ട് സംഘർഷം ഒഴിവാക്കുകയായിരുന്നു. പ്രളയത്തിൽ തകർന്ന പമ്പയിൽ താമസിക്കാൻ സൗകര്യമില്ലെന്നും അതുകൊണ്ട് ചെങ്ങന്നൂരിലോ എരുമേലിയിലോ താമസിക്കണമെന്നുമാണ് പോലീസ് സംഘത്തെ ധരിപ്പിച്ചത്. ഇതിനോട് സംഘത്തിലുള്ളവർ സഹകരിക്കുകയായിരുന്നു. ഇതേത്തുടർന്ന് 26 അംഗ സംഘം ടാക്സി വാഹനത്തിൽ ചെങ്ങന്നൂരിലേയ്ക്കും നാലംഗ കുടുംബം കെഎസ്ആർടിസി ബസിൽ എരുമേലിയിലേയ്ക്കും പുറപ്പെട്ടു. കഴിഞ്ഞ ദിവസം ആന്ധ്രയിൽ നിന്നെത്തിയ യുവതിയെ കോട്ടയം റെയിൽവേ സ്റ്റേഷനിലും പൊൻകുന്നത്തും സംഘപരിവാർ പ്രവർത്തകർ തടഞ്ഞിരുന്നു.