തിരുവനന്തപുരം- ഷൊർണ്ണൂർ എം.എൽ.എ. പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവായ യുവതി നൽകിയ പരാതിയിൽ നടപടിയെടുക്കുന്നത് 26 ലേയ്ക്ക് മാറ്റി.
ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം പരിഗണിച്ചെങ്കിലും ശശിയുടെ നേതൃത്വത്തിൽ ഷൊർണ്ണൂരിൽ നടക്കുന്ന ജനമുന്നേറ്റ ജാഥ സമാപിച്ച ശേഷം നടപടിയെടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. നാളെ ആണ് ജാഥ സമാപിക്കുന്നത്. 26ന് സംസ്ഥാന സമിതി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ തീരുമാനം ഉണ്ടാകും. നിയമസഭാ സമ്മേളനം 27ന് തുടങ്ങാനിരിക്കെ അതിന് മുമ്പ് തീരുമാനമെടുക്കു മെന്നാണ് സൂചന. വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പേരിൽ പി.കെ ശശിയെ ബ്രാഞ്ചിലേക്കോ ലോക്കൽ കമ്മിറ്റിയിലേക്കോ തരം താഴ്ത്തിയേ ക്കും.ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാകമ്മിറ്റിയംഗമായ വനിതാ നേതാവ് മൂന്നുമാസം മുമ്പാണ് സി.പി.എമ്മിന് പരാതി നൽകിയത്. സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയിൽ നടപടി ഇല്ലാതെ വന്നതോടെ കേന്ദ്രനേതൃത്വത്തെ സമീപിക്കുകയായിരുന്നു. തുടർന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അന്വേഷണത്തിനായി എ.കെ ബാലനും പി.കെ ശ്രീമതിയുമടങ്ങുന്ന കമ്മിഷനെ നിയോഗിച്ചു. കമ്മീഷൻ പല തവണ തെളിവെടുപ്പ് നടത്തിയെങ്കിലും റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. ഇതിനിടെയാണ് നടപടി നീളുന്നതിൽ അതൃപ്തിയുമായി യുവതി കേന്ദ്രനേതൃത്വത്തെ സമീപിച്ചത്. ഇതോടെയാണ് നിയമസഭ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി നടപടി എടുക്കാൻ തീരുമാനിച്ചത്. ശബരിമല വിഷയത്തിൽ പരമാവധി വിശദീകരണം നടത്താനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.