തിരുവനന്തപുരം- കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ ആദ്യ ലേലം ഇന്നലെ തിരുവനന്തപുരത്ത് നടന്നു. അഞ്ച് ചിട്ടികളുടെ ലേലമാണ് നടന്നത്. പ്രവാസി ചിട്ടി ചേരുന്നതുമുതൽ പണം അടയ്ക്കുന്നതും ലേലവുംവരെ പൂർണമായും ഓൺലൈനായി നടത്തിയ ചിട്ടിയുടെ ആദ്യ ലേലം എന്ന പ്രത്യേകതയുമുണ്ട്. പാലക്കാട് കള്ളിക്കാട് നീലങ്കാവിൽ ഹൗസിലെ അജീഷ് വർഗീസിനാണ് ആദ്യ ചിട്ടിയുടെ നറുക്കു വീണത്. ചിട്ടിവരിക്കാരന് ഓൺലൈനായി ലേലത്തിൽ പങ്കുകൊള്ളാനാകും. പ്രവാസി ചിട്ടികളിലൂടെ വരിസംഖ്യയായി ലഭിക്കുന്ന തുക കേരളത്തിന്റെ വികസനപ്രക്രിയയ്ക്ക് വിനിയോഗിക്കുന്നതിന് കിഫ്ബി ബോണ്ടുകളിലേക്ക് നിക്ഷേപിക്കും. കിഫ്ബി അംഗീകാരം നൽകിയിട്ടുള്ള വിവിധ വികസന പരിപാടികൾക്ക് ഈ തുക വിനിയോഗിക്കും. പ്രധാനമായും തീരദേശ ഹൈവേ, വിദ്യാലയം, ആരോഗ്യചിട്ടി, റോഡുകളും പാലങ്ങളും, ഐടി പാർക്ക് എന്നീ വികസന പദ്ധതികൾക്കാണ് തുക വിനിയോഗിക്കുക. നവംബറിൽ ഇതുവരെ 77.2 ലക്ഷം രൂപ കിഫ്ബി അക്കൗണ്ടിൽ നിക്ഷേപിച്ചുകഴിഞ്ഞു.