ജിസാൻ - ജിസാൻ പ്രവിശ്യയിലെ അഹദ് മസാരിഹയിൽനിന്ന് നാലു വയസുകാരൻ അമീർ അഹ്മദ് അൽമസ്‌റഹിയെ തട്ടിക്കൊണ്ടുപോയ മുഖ്യപ്രതിയെയും കൂട്ടാളികളെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ബാലനെ സുരക്ഷാ വകുപ്പുകൾ മാതാപിതാക്കൾക്ക് കൈമാറി. കുടുംബ കലഹമാണ് പ്രതികളെ തിരിച്ചറിയുന്നതിന് അന്വേഷണ സംഘത്തെ സഹായിച്ചത്.
ഞായറാഴ്ച രാത്രി അനുശോചന ചടങ്ങ് നടക്കുന്നതിനിടെയാണ് ബാലനെ മുഖ്യപ്രതിയും ഏതാനും ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയത്. വീടിനു സമീപത്തെ സ്ഥലത്തേക്ക് തന്ത്രപൂർവം ബാലനെ കൊണ്ടുപോകുകയായിരുന്നു.
ബാലന്റെ പിതാവുമായുള്ള നിസ്സാര തർക്കത്തിന്റെ പേരിലാണ് കുട്ടിയെ ഇവർ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായിട്ടുണ്ട്. അസീർ പ്രവിശ്യയിലെ ഖമീസ് മുശൈത്തിൽ നിന്നാണ് മുഖ്യപ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് ബാലനെ രക്ഷപ്പെടുത്തിയത്. അഞ്ചു ദിവസം നീണ്ട ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് സുരക്ഷാ വകുപ്പുകൾ പ്രതികളെ കണ്ടെത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.