മക്ക - രണ്ടര മാസത്തിനിടെ വിദേശ രാജ്യങ്ങളിൽ നിന്ന് പത്തര ലക്ഷത്തോളം ഉംറ തീർഥാടകർ എത്തിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. മുഹറം ഒന്നു (സെപ്റ്റംബർ 11) മുതൽ റബീഉൽഅവ്വൽ 14 (നവംബർ 22) വരെ വിദേശങ്ങളിൽ നിന്ന് ആകെ 10,39,560 തീർഥാടകരാണ് എത്തിയത്. ഇക്കാലയളവിൽ ആകെ 13,18,605 ഉംറ വിസകൾ മന്ത്രാലയം അനുവദിച്ചു.
നവംബർ 22 ലെ കണക്ക് പ്രകാരം പുണ്യസ്ഥലങ്ങളിൽ ആകെ 3,62,225 തീർഥാടകരുണ്ട്. 2,42,638 പേർ മക്കയിലും 1,19,587 പേർ മദീനയിലുമാണ്. 6,77,335 പേർ തീർഥാടനം പൂർത്തിയാക്കി സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി.
പുതിയ കണക്ക് പ്രകാരം ഉംറ സർവീസ് കമ്പനികളിൽ 7,914 സൗദി ജീവനക്കാരുണ്ട്. 6,702 പേർ പുരുഷന്മാരും 1,213 പേർ വനിതകളുമാണ്.
ഉംറ തീർഥാടകരിൽ 9,56,359 പേർ വിമാന മാർഗവും 83,166 പേർ കര മാർഗവും 35 പേർ കപ്പൽ മാർഗവുമാണ് എത്തിയത്. ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് പാക്കിസ്ഥാനിൽനിന്നാണ്. ഇവിടെ നിന്ന് 3,59,092 തീർഥാടകർ എത്തി. രണ്ടാം സ്ഥാനത്തുള്ള ഇന്തോനേഷ്യയിൽനിന്ന് 2,04176 ഉം മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്ന് 1,78,893 ഉം നാലാം സ്ഥാനത്തുള്ള യെമനിൽ നിന്ന് 48,087 ഉം അഞ്ചാം സ്ഥാനത്തുള്ള മലേഷ്യയിൽ നിന്ന് 37,854 ഉം ആറാം സ്ഥാനത്തുള്ള തുർക്കിയിൽ നിന്ന് 24,104 ഉം ഏഴാം സ്ഥാനത്തുള്ള അൾജീരിയയിൽ നിന്ന് 22,839 ഉം എട്ടാം സ്ഥാനത്തുള്ള യു.എ.ഇയിൽ നിന്ന് 22,315 ഉം ഒമ്പതാം സ്ഥാനത്തുള്ള ബംഗ്ലാദേശിൽ നിന്ന് 19,675 ഉം പത്താം സ്ഥാനത്തുള്ള ബ്രിട്ടനിൽ നിന്ന് 16,997 ഉം തീർഥാടകർ എത്തിയതായും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.